Sub Lead

ഗൗരി ലങ്കേഷ് പബ്ലിക്കേഷന്‍സ് പ്രസാധകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഗൗരി ലങ്കേഷ് പബ്ലിക്കേഷന്‍സ് പ്രസാധകനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: ഹിന്ദുത്വര്‍ വെടിവച്ചുകൊന്ന മാധ്യപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സ്ഥാപനങ്ങളുടെ പ്രസാധകനും മാധ്യമപ്രവര്‍ത്തകനുമായ ദോദ്ധിപാല്യ നരസിംഹമൂര്‍ത്തിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ റായ്ചൂരില്‍ നിന്ന് ഒക്ടോബര്‍ 25നാണ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയത്. നരസിംഹമൂര്‍ത്തി നിലവില്‍ ഗൗരി ലങ്കേഷിന്റെ ന്യായപഥ ഉള്‍പ്പെടെയുള്ളവയുടെ നടത്തിപ്പുകാരനും ഗൗരി മീഡിയ ട്രസ്റ്റിന്റെ സെക്രട്ടറിയുമാണ്. കര്‍ണാടകയിലെ യോഗേന്ദ്ര യാദവിന്റെ രാഷ്ട്രീയസംഘടനയായ സ്വരാജ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. 1994ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് പറയുന്നത്. നരസിഹംമൂര്‍ത്തി നക്‌സലൈറ്റാണെന്നും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) അംഗമാണെന്നും പോലിസ് പറയുന്നു. 1994 മുതല്‍ അദ്ദേഹം ഒളിവിലാണ്. റായ്ചൂരില്‍ ഇദ്ദേഹത്തിനെതിരേ 1994ല്‍ പോലിസ് കേസെടുത്തിരുന്നു. അതിനാലാണ് റായ്ചൂരില്‍ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

1994 മുതല്‍ നരസിംഹമൂര്‍ത്തിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലിസ് അവകാശപ്പെടുന്നത്. എന്നാല്‍, പൊതുപ്രവര്‍ത്തനം നടത്തുന്ന നരസിംഹ മൂര്‍ത്തിയെ കണ്ടെത്താനായില്ലെന്ന പോലിസ് വാദം സഹപ്രവര്‍ത്തകര്‍ തള്ളി. ഇത്രയും കാലം നരസിംഹമൂര്‍ത്തി ഒളിവിലാണെന്നു പോലിസ് പറയുന്നത് തെറ്റാണ്. ഗൗരി മീഡിയ ട്രസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി നിരവധി തവണ റായ്ചൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതെന്നു മനസ്സിലാവുന്നില്ലെന്നും ഏറെ സംശയങ്ങളുയര്‍ത്തുന്നതാണെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അദ്ദേഹത്തെ പിടികൂടണമെന്നുണ്ടെങ്കില്‍ മാധ്യമങ്ങളിലൂടെയും മറ്റും അദ്ദേഹത്തിന്റെ ചിത്രം പ്രസിദ്ധീകരിക്കുകയോ മറ്റോ ചെയ്ത് പിടികൂടുകയെന്നത് എളുപ്പമായിരുന്നുവെന്നും ഗൗരി മീഡിയ ട്രസ്റ്റിലെ സഹപ്രവര്‍ത്തകയായ കുമാര്‍ സമതാല ക്വിന്റിനോട് പറഞ്ഞു.

സമാന്തര മാധ്യമങ്ങള്‍ എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കാന്‍ റായ്ചൂരിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നരസിംഹമൂര്‍ത്തിയെ നവംബര്‍ 6 വരെ റിമാന്റ് ചെയ്തു. നരസിംഹമൂര്‍ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നതിനിലാണ് അറസ്റ്റ് ചെയ്തതെന്നും വര്‍ഗീയതയ്‌ക്കെതിരേ സജീവവും ശക്തവുമായി ശബ്ദം ഉയര്‍ത്തുന്ന അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി എല്ലാ നിയമനടപടികളും കൈക്കൊള്ളുമെന്നും സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു. രാജ്യത്തുടനീളം ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഉപദ്രവിക്കുന്ന ഒരു രീതിയാണ് ഇതിലും പിന്തുടര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. നരസിംഹമൂര്‍ത്തിക്കെതിരേ 1994 മുതല്‍ പരാതിയുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരേ തെളിവുകളുണ്ടെങ്കില്‍ അവര്‍ക്ക് നേരത്തേ അറസ്റ്റ് ചെയ്യാമായിരുന്നു. പെട്ടെന്നുള്ള നീക്കം വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിനുള്ള മറ്റൊരു ശ്രമമായി മാത്രമേ കാണാനാവൂവെന്നും യാദവ് പറഞ്ഞു.




Next Story

RELATED STORIES

Share it