Sub Lead

സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു; എംടിയെ പിന്തുണച്ചവര്‍ക്കെതിരേ ജി സുധാകരന്‍

സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു; എംടിയെ പിന്തുണച്ചവര്‍ക്കെതിരേ ജി സുധാകരന്‍
X

ആലപ്പുഴ: എംടി വാസുദേവന്‍ നായര്‍ എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ ഭയങ്കര ഇളക്കമാണെന്നും എംടിയുടെ വാക്കുകള്‍ ഏറ്റുപറഞ്ഞ് സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുകായാണെന്നും സിപിഎം നേതാവ് ജി സുധാകരന്‍. എംടി പറഞ്ഞപ്പോള്‍ മാത്രം ഉള്‍വിളിയുണ്ടായി സംസാരിക്കുന്ന സാഹിത്യകാരന്‍മാര്‍ ഭീരുക്കളാണ്. എംടി വാസുദേവന്‍ നായര്‍ പറഞ്ഞതിന് പിന്നാലെ കേരളത്തിലെ സാഹിത്യകാരന്‍മാര്‍ ഓരോരുത്തരുമായി പറഞ്ഞുതുടങ്ങുകയാണ്. ഇവരൊന്നും ഇതുവരെ എന്തേ മിണ്ടാതിരുന്നത്. അതുതന്നെ ഭീരുത്വമാണ്. ഇപ്പോള്‍ പറയുന്നത് ഷോയാണ്. ആത്മാര്‍ഥതയില്ലാതെ പറയുകയാണ്. അതൊക്കെ വിപ്ലവമാണെന്നാണ് ചിലര്‍ കരുതുന്നത്. എംടി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞത് നല്ല കാര്യം. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്‌നങ്ങള്‍ തീരില്ലെന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അര്‍ഥം. അത് മാര്‍ക്‌സിസം ആണ്. പഠിച്ചവര്‍ക്കേ അറിയൂ. വായിച്ചു പഠിക്കണം.

എംടി പറഞ്ഞത് ഒരാളെ പറ്റിയാണോ പലരെ കുറിച്ചാണോ എന്ന് പല തര്‍ക്കമുണ്ട്. മന്ത്രിമാരിലും വ്യത്യസ്ത അഭിപ്രായമാണ്. ഉണ്ടെങ്കില്‍ പരിശോധിക്കണമെന്ന് പറയേണ്ട കാര്യമില്ല. എംടി ജനങ്ങളോടാണ് പറഞ്ഞത്. ഉടനെ കേരളത്തില്‍ എന്തോ ഒരു ആറ്റംബോംബ് വീണു എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നത് അപക്വമാണ്. ഞാന്‍ പറയുന്നതെല്ലാം പാര്‍ട്ടി നയമാണ്. അതാണ് ഭരണവും സമരവും എന്ന് ഇഎംഎസ് പറഞ്ഞത്. അത് ഒരു കാലത്തും കാലഹരണപ്പെട്ടിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് എംടിയുടെ രാഷ്ട്രീയ വിമര്‍ശനം. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി വിമര്‍ശിച്ചു. ഇതിനെ പിണറായിക്കെതിരായ വിമര്‍ശനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്.

Next Story

RELATED STORIES

Share it