Sub Lead

ഗ്രാമങ്ങളില്‍നിന്ന് സോഫ്റ്റ്‌വെയര്‍ കമ്പനികളിലേക്ക്; ചരിത്രം കുറിച്ച് റിഹാബ് വിദ്യാര്‍ഥിനികള്‍

ചരിത്രത്തിലാദ്യമായി റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഗ്രാമീണ വികസന പദ്ധതി (VDP) യിലുള്‍പ്പെട്ട ബിഹാറിലെ അരാരിയ ജില്ലയിലെയും കത്തിഹാര്‍ ജില്ലയിലെയും 6 വിദ്യാര്‍ഥിനികള്‍ക്കാണ് ഈ വര്‍ഷം ബംഗളൂരുവിലെ 'നവഗുരുകുല്‍ സോഫ്റ്റ്‌വെയര്‍ ലേണിങ് 'കാംപസില്‍ അഡ്മിഷന്‍ ലഭിച്ചത്.

ഗ്രാമങ്ങളില്‍നിന്ന് സോഫ്റ്റ്‌വെയര്‍ കമ്പനികളിലേക്ക്; ചരിത്രം കുറിച്ച് റിഹാബ് വിദ്യാര്‍ഥിനികള്‍
X

ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ ഉന്നത വിദ്യാഭ്യാസം അന്യമായിരുന്ന ഒരുപറ്റം വിദ്യാര്‍ഥികള്‍ ഇനി സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ പടവുകള്‍ കയറുകയാണ്. ചരിത്രത്തിലാദ്യമായി റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഗ്രാമീണ വികസന പദ്ധതി (VDP) യിലുള്‍പ്പെട്ട ബിഹാറിലെ അരാരിയ ജില്ലയിലെയും കത്തിഹാര്‍ ജില്ലയിലെയും 6 വിദ്യാര്‍ഥിനികള്‍ക്കാണ് ഈ വര്‍ഷം ബംഗളൂരുവിലെ 'നവഗുരുകുല്‍ സോഫ്റ്റ്‌വെയര്‍ ലേണിങ് 'കാംപസില്‍ അഡ്മിഷന്‍ ലഭിച്ചത്. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗം, പുതിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണം, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ നിര്‍മാണം, അവയുടെ കോഡിങ് എന്നിവയെല്ലാം അടങ്ങുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്.

രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളില്‍ ഗ്രാമീണരുടെ വിദ്യാഭ്യാസ- സാമ്പത്തിക- ആരോഗ്യ ഉന്നമനവും സുസ്ഥിരവികസനവും ലക്ഷ്യമാക്കി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പ്രവര്‍ത്തനരംഗത്തുള്ള സന്നദ്ധസംഘടനയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍. വലിയ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ഗ്രാമങ്ങളിലെ വിദ്യാര്‍ഥിനികളെ പ്രാപ്തരാക്കുന്നതിനായി റിഹാബ് ആസൂത്രണം ചെയ്ത ഒരു വിപ്ലവാത്മക മുന്നേറ്റമാണ് അവര്‍ക്ക് പുതിയ തൊഴിലധിഷ്ഠിത (കരിയര്‍- ഓറിയന്റഡ്) കോഴ്‌സുകള്‍ പരിചയപ്പെടുത്തലും അത് നേടാന്‍ അവരെ സജ്ജമാക്കലും. നവഗുരുകുലമായി സംയോജിച്ച് നടത്തുന്ന സോഫ്റ്റ്‌വെയര്‍ ക്രാഷ് കോഴ്‌സ് അവയിലൊന്നാണ്.

കത്തിഹാര്‍ ജില്ലയിലെ കോറ ബ്ലോക്കിലെ ഉചിദ്പൂര്‍ ഗ്രാമത്തിലെ ഒരു വിദ്യാര്‍ഥിനിക്കും അരാരിയ ജില്ലയിലെ ജോക്കിഹട്ട് ബ്ലോക്കിലെ ദര്‍ശന, ഹയ്യാദര്‍, പറമാന്‍പൂര്‍ ഗ്രാമങ്ങളില്‍നിന്നുള്ള അഞ്ച് വിദ്യാര്‍ഥിനികള്‍ക്കുമാണ് സെലക്ഷന്‍ ലഭിച്ചത്. ഇതിന് അര്‍ഹത നേടുന്നതിനായി ബിഹാറിലെ കത്തിഹാര്‍, പൂര്‍ണിയ, അരാരിയ ജില്ലകളിലെ റിഹാബ് ദത്തെടുത്ത 69 ഗ്രാമങ്ങളില്‍നിന്ന് ഇന്ററിന് (പ്ലസ്ടു) പഠിക്കുന്നതും, പാസായതുമായ തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥിനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്, നവഗുരുകുല്‍ കാംപസിന്റെ യോഗ്യതാ പരീക്ഷ എഴുതാനുതകുന്ന ഫലപ്രദമായ രീതികള്‍ അവരെ പരിശീലിപ്പിക്കുകയും അതിന് വേണ്ട പഠനോപകരണങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു.


ഓണ്‍ലൈനായും ഓഫ്‌ലൈനായും വിദഗ്ധരുടെ പരിശീലനങ്ങളും ക്ലാസുകളും നല്‍കിയാണ് ഓരോ വിദ്യാര്‍ഥിനിയെയും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്. വിദ്യാര്‍ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുക എന്നതായിരുന്നു ഇതിലെ ഏറ്റവും പ്രയാസകരമായ പ്രക്രിയ. വിദൂരപ്രദേശങ്ങളിലേക്ക് പഠനാവശ്യാര്‍ഥം സഞ്ചരിക്കുന്ന ആണ്‍കുട്ടികള്‍തന്നെ വിരളമായ പ്രദേശങ്ങളില്‍നിന്നുമാണ് പുതിയ കരിയര്‍ കെട്ടിപ്പടുക്കുന്നതിന് വേണ്ടി പെണ്‍കുട്ടികള്‍ 2,000 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ബംഗളൂരു വരെ യാത്ര ചെയ്യേണ്ടത്.

കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ ഗ്രാമങ്ങളിലെ വ്യത്യസ്ത മേഖലകളില്‍നിന്നും റിഹാബ് നേടിയ പ്രവൃത്തിപരിചയത്തിന്റെ ഗുണം ഈ ഘട്ടത്തില്‍ അത്യധികം പ്രയോജനപ്പെട്ടു. ഓരോ രക്ഷിതാവിന്റെയും ആശങ്കകള്‍ പരിഹരിച്ചും അവര്‍ക്ക് പുതിയ സ്വപ്‌നങ്ങള്‍ പകര്‍ന്നുനല്‍കിയും റിഹാബ് ടീം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തത്ഫലമായി, തങ്ങളുടെ പെണ്‍മക്കളെ ഈ ആവശ്യാര്‍ഥം ദൂരദേശത്തേക്ക് അയക്കാന്‍ ഓരോ രക്ഷിതാവും സമ്മതം നല്‍കി.

ഗ്രാമങ്ങളിലുള്ള പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് 10 കിലോമീറ്ററിനുള്ളിലുള്ള ഹൈസ്‌കൂളുകളിലേക്ക് പഠനാവശ്യാര്‍ഥം പെണ്‍കുട്ടികളെ പറഞ്ഞയക്കാന്‍ മടിച്ചുനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍നിന്നുമാണ് റിഹാബിന്റെ നിരന്തര ബോധവല്‍ക്കരണത്തിലൂടെ 2,000 കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് മക്കളെ പഠനത്തിന് വേണ്ടി അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറായത്. ഇവരോരോരുത്തരും ആദ്യമായാണ് പഠനത്തിനായി ഗ്രാമങ്ങളില്‍നിന്ന് പുറത്തേക്ക് പോവുന്നത്.

ഈ ഗ്രാമങ്ങളില്‍ പ്ലസ്ടു പാസായ ഇത്രയധികം പെണ്‍കുട്ടികള്‍ എന്‍ട്രന്‍സ് എഴുതാനുണ്ടായതുതന്നെ റിഹാബിന്റെ 12 വര്‍ഷത്തെ പ്രവര്‍ത്തനഫലമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം ഗ്രാമങ്ങളില്‍ ദൃശ്യമായിത്തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it