Sub Lead

പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി

പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി
X

ചെര്‍പ്പുളശേരി: പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് വീടും സ്ഥലവും വാങ്ങാനുള്ള സര്‍ക്കാര്‍ ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ചെര്‍പ്പുളശേരി പോലിസിനോട് മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ഉത്തരവിട്ടു. 2019ല്‍ അനുവദിച്ച സര്‍ക്കാര്‍ ഫണ്ടാണ് തട്ടിപ്പ് നടത്തിയത്.

തൃക്കടീരി പഞ്ചായത്തില്‍ അക്കാലത്ത് വാര്‍ഡ് മെമ്പറായ ബിജെപി നേതാവ് രാജു കൂട്ടാല, വില്ലേജ് ഓഫീസര്‍ വിജു എന്നിവര്‍ക്കെതിരെ വെട്ടുകാട്ടില്‍ അക്കി, കീഴൂര്‍ വെട്ടുകാട്ടില്‍ ചുക്രന്‍, കൃഷ്ണന്‍കുട്ടി, എന്നിവരാണ് പരാതി നല്‍കിയത്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയാനായി സ്ഥാപിച്ച മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എസ് മധു മുമ്പാകെയാണ് അഡ്വക്കറ്റ് ടി കെ സുനില്‍ മുഖേന കേസ് ഫയല്‍ ചെയ്തത്.

തട്ടിപ്പ് നടത്തിയ ബിജെപി തൃക്കടീരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗവുമായ രാജു കൂട്ടാലയ്‌ക്കെതിരെ എസ്‌സി-എസ്ടി കമീഷനില്‍ നല്‍കിയ പരാതി പ്രകാരം ആഗസ്തില്‍ കമീഷന്‍ അംഗം എസ് അജയകുമാര്‍ അന്വേഷണം നടത്തിയിരുന്നു.

കീഴൂര്‍ വെട്ടുകാട് പ്രദേശത്തെ മൂന്ന് എസ്‌സി കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഭൂമിവിലയാണ് തട്ടിപ്പ് നടത്തിയത്. സെന്റിന് 20,000 രൂപ നിരക്കിലുള്ള ഭൂമിക്ക് ബിജെപി നേതാവ് 1.8 ലക്ഷം രൂപ ഈടാക്കിയെന്ന് പരാതിയില്‍ പറയുന്നു. രാജു കൂട്ടാല തന്റെ 15 സെന്റ് ഭൂമിയാണ് അധികവിലയ്ക്ക് നല്‍കിയത്. വില്ലേജ് ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ടുനിന്നതായി പരാതിയിലുണ്ട്.

2018ലെ പ്രളയത്തില്‍ മലയിടിച്ചിലിനെത്തുടര്‍ന്നാണ് അനങ്ങന്‍മലയിലെ മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍

തീരുമാനിച്ചത്. ഭൂമി വാങ്ങാന്‍ ആറു ലക്ഷവും വീടുനിര്‍മിക്കാന്‍ നാലു ലക്ഷം രൂപയും അനുവദിച്ചു.

വീട് നിര്‍മാണം തുടരുന്നതിനിടെയാണ് ഭൂമി ഇടപാടില്‍ ചൂഷണം നടന്നതായി ആക്ഷേപം ഉയര്‍ന്നത്. ഗുണഭോക്താക്കളായ മൂന്നുപേരും അഞ്ചു സെന്റ് വീതമാണ് വാങ്ങിയത്. ഓരോരുത്തരില്‍നിന്നും 5.40 ലക്ഷം രൂപ വീതം ഭൂമിവിലയും മുദ്രപ്പത്രം, രജിസ്‌ട്രേഷന്‍ ഫീസ്, എഴുത്തുകൂലി ഇനത്തില്‍ 59,100 രൂപ വീതം അനുബന്ധ ചെലവും ഈടാക്കി.

Next Story

RELATED STORIES

Share it