Sub Lead

തെലങ്കാന സെക്രട്ടേറിയറ്റിലെ സര്‍ക്കാര്‍ പൊളിച്ച രണ്ട് മുസ്‌ലിം പള്ളികള്‍ പുനര്‍നിര്‍മിക്കുന്നു; തറക്കല്ലിട്ടത് ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍

പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് വളപ്പിലാണ് രണ്ട് പള്ളികള്‍ നിര്‍മിക്കുന്നതിനുള്ള തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കപ്പെട്ടത്.

തെലങ്കാന സെക്രട്ടേറിയറ്റിലെ സര്‍ക്കാര്‍ പൊളിച്ച രണ്ട് മുസ്‌ലിം പള്ളികള്‍ പുനര്‍നിര്‍മിക്കുന്നു; തറക്കല്ലിട്ടത് ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍
X

ഹൈദരാബാദ്: തെലങ്കാന സെക്രട്ടേറിയറ്റിന്റെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയ രണ്ട് മുസ്‌ലിം പള്ളികള്‍ പുനര്‍നിര്‍മിക്കുന്നതിന് വഴിയൊരുങ്ങി. പള്ളികള്‍ പൊളിച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ അഞ്ചുമാസത്തിനുശേഷമാണ് പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് വളപ്പിലാണ് രണ്ട് പള്ളികള്‍ നിര്‍മിക്കുന്നതിനുള്ള തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കപ്പെട്ടത്. ആഭ്യന്തര മന്ത്രി മഹമൂദ് അലി, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സലിം, സംസ്ഥാന നിയമസഭയിലെ എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഉവൈസി, ടിആര്‍എസ് നിയമസഭാംഗങ്ങളായ അമീര്‍ ഷക്കീല്‍, ഫാറൂഖ് ഹുസൈന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രമുഖ ഇസ്‌ലാമിക് മതപാഠശഖാലയായ ജാമിഅ നിസാമിയ മേധാവി മുഫ്തി ഖലീല്‍ അഹമ്മദ് ആണ് പള്ളികള്‍ക്ക് തറക്കല്ലിട്ടത്.

തിരഞ്ഞെടുത്ത ചില ക്ഷണിതാക്കളും ചടങ്ങില്‍ പങ്കെടുത്തെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ചടങ്ങ് ലളിതമായാണ് നടത്തിയത്. 2.9 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന രണ്ട് മുസ്‌ലിം പള്ളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1,500 യാര്‍ഡുകളാണ് അനുവദിച്ചത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രണ്ട് പള്ളികളും രാജ്യത്തെ ഏറ്റവും മനോഹരമായ പള്ളികളായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പഴയ സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ നഗരത്തിന്റെ ഹൃദയഭാഗത്ത് ഹുസൈന്‍ സാഗര്‍ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന രണ്ട് മുസ്‌ലിം പള്ളികളും ഒരു ക്ഷേത്രവും പൊളിച്ചുമാറ്റിയത്. സംഭവത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഖേദം പ്രകടിപ്പിച്ചിരുന്നു.

ആരാധനാലയങ്ങളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് അവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും അങ്ങനെയാണ് പൊളിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കൂടുതല്‍ വിശാലമായ സ്ഥലത്ത് സര്‍ക്കാര്‍ ചെലവില്‍ ആരാധനാലയം പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. പഴയ സെക്രട്ടേറിയറ്റ് വളപ്പിലുണ്ടായിരുന്ന മുസ്‌ലിം പള്ളികള്‍ പൊളിച്ചുമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരേ മുസ്‌ലിം സംഘടനകള്‍ വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതെത്തുടര്‍ന്ന് പള്ളികള്‍ പുനര്‍നിര്‍മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പും നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അടിയന്തരമായി പള്ളികള്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിം സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

പള്ളികള്‍ ഉടന്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'ഛലോ സെക്രട്ടേറിയറ്റ് മാര്‍ച്ച്' സംഘടിപ്പിച്ചു. മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പോലിസ് തടഞ്ഞതോടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും മറ്റ് മുസ്‌ലിംകളും തെലങ്കാന സെക്രട്ടേറിയറ്റിന് സമീപമുള്ള റോഡില്‍ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പോലിസ് ശ്രമിച്ചതോടെ വലിയ സംഘര്‍ഷാവസ്ഥയാണ് സ്ഥലത്ത് ഉടലെടുത്തത്.

സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരേ മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ ചര്‍ച്ചുകളും മസ്ജിദുകളും ക്ഷേത്രവും സര്‍ക്കാര്‍ പുനര്‍നിര്‍മിക്കുമെന്ന് സപ്തംബര്‍ അഞ്ചിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മുസ്‌ലിം, ക്രിസ്ത്യന്‍ നേതാക്കളുടെ പ്രതിനിധികള്‍ അദ്ദേഹത്തെ പ്രത്യേകം സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പഴയ സെക്രട്ടേറിയറ്റിലാണ് പള്ളിയിലെ ചടങ്ങുകള്‍ നടന്നിരുന്നതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പഴയ സെക്രട്ടേറിയറ്റ് വളപ്പില്‍നിന്ന് പൊളിച്ചുനീക്കിയ ക്ഷേത്രത്തിന്റെയും ചര്‍ച്ചിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിന്നീട് നടത്താനാണ് സാധ്യത.

Next Story

RELATED STORIES

Share it