Sub Lead

ജയിലില്‍ കഴിയുന്ന ഇ അബൂബക്കര്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍

ജയിലില്‍ കഴിയുന്ന ഇ അബൂബക്കര്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) സ്ഥാപക ചെയര്‍മാനായ ഇ അബൂബക്കറിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കുടുംബം. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് മകള്‍ ലീന തബസ്സും പറഞ്ഞു. ഇ അബൂബക്കറിന് നെഞ്ചിലെ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു. രക്തസമ്മര്‍ദ്ദത്തിലും പഞ്ചസാരയുടെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുവെന്ന് മകള്‍ അറിയിച്ചു.

ആരോഗ്യപരമായ ആശങ്കകള്‍ കാരണം ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും, അബൂബക്കറിനെ വെള്ളിയാഴ്ച ഐസിസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത് കുടുംബത്തെ ആശങ്കയിലാഴ്ത്തിയതായി മരുമകന്‍ അഡ്വ. മുനീബ് പറഞ്ഞു.

2022 സെപ്റ്റംബര്‍ 22 ന് പുലര്‍ച്ചെയാണ് ഇ അബൂബക്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അന്നനാളത്തിലെ അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നപ്പോഴായിരുന്നു അറസ്റ്റ്. വിചാരണ പോലും ആരംഭിക്കാതെ 74 കാരനായ ഇ അബൂബക്കര്‍ രോഗാവസ്ഥയില്‍ നാല് കൊല്ലത്തോളമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. അന്വേഷണം ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതേ ദിവസം തന്നെ 10 സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള്‍ ഉള്‍പ്പടെ 100 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യെയും അതിന്റെ അനുബന്ധ സംഘടനകളായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയുള്‍പ്പെടെ നിരവധി സംഘടനകളെയും ബിജെപി സര്‍ക്കാര്‍ നിരോധിച്ചു.

കസ്റ്റഡിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കുടുംബം പറയുന്നു. 'അദ്ദേഹം ദിനംപ്രതി ദുര്‍ബലനായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ ശരിയായ ഭക്ഷണക്രമം ലഭ്യമല്ലാത്തതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു. അദ്ദേഹത്തിന് ഓര്‍മ്മക്കുറവും അനുഭവപ്പെടുന്നു,' ഭാര്യ ആമിന പ്രസ്താവനയില്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം എയിംസില്‍ നിന്നുള്ള 10 ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെങ്കിലും സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആരോഗ്യസ്ഥിതിയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.

സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുന്നതിന് അടിസ്ഥാനമായി ഈ റിപ്പോര്‍ട്ട് മാറി. അബൂബക്കര്‍ പിന്നീട് എയിംസില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതുകയും ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി തേടി കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തതായി കുടുംബം നേരത്തെ അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it