Sub Lead

'ഈ ഇരുണ്ട കാലത്ത് ചെയ്യാന്‍ പറ്റിയ ചെറിയ കാര്യം'; സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ ലഖ്‌നോ മുന്‍ വിസി പ്രഫ.രൂപ്രേഖ വര്‍മ

ഈ ഇരുണ്ട കാലത്ത് ചെയ്യാന്‍ പറ്റിയ ചെറിയ കാര്യം; സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ ലഖ്‌നോ മുന്‍ വിസി പ്രഫ.രൂപ്രേഖ വര്‍മ
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ ചുമത്തി അന്യായമായി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ തയ്യാറായി രംഗത്തുവന്നിരിക്കുകയാണ് ലഖ്‌നോ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ.രൂപ്രേഖ വര്‍മ. ലക്ഷം രൂപ വീതം രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന എന്‍ഐഎ കോടതി വ്യവസ്ഥ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് തടസ്സമായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സാമൂഹിക ഇടപെടലുകളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായ 79കാരിയായ രൂപ്രേഖ വര്‍മ മുന്നോട്ടുവന്നത്. ഈ ഇരുണ്ട കാലത്ത് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്ന് സിദ്ദീഖിന്റെ മോചനനടപടികള്‍ക്ക് ഡല്‍ഹിയില്‍നിന്ന് ലഖ്‌നോവിലെത്തിയ അഭിഭാഷകന്‍ കെ എസ് മുഹമ്മദ് ദാനിഷിനോട് രൂപ്രേഖ വര്‍മ പറഞ്ഞു.

രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് റിയാസുദ്ദീന്‍ എന്നയാളും ജാമ്യസന്നദ്ധത അറിയിച്ചു. യുഎപിഎ കേസില്‍ മൂന്നുദിവസത്തിനകം വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് സപ്തംബര്‍ ഒമ്പതിനാണ് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുപി പോലിസ് സിദ്ദീഖിനെ ലഖ്‌നോവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഒരുലക്ഷം രൂപ വീതം യുപി സ്വദേശികളായ രണ്ട് ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചത്.

യുപി സ്വദേശികള്‍ക്ക് പകരം സിദ്ദീഖിന്റെ ഭാര്യ റൈഹാനത്തും സിദ്ദീഖിന്റെ സഹോദരനും ആള്‍ജാമ്യം നില്‍ക്കാമെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെ യുഎപിഎ കേസില്‍ ജാമ്യം ലഭിക്കുന്നത് പ്രതിസന്ധിയിലായതോടെയാണ് രൂപ്രേഖ വര്‍മയും റിയാസുദ്ദീനും പിന്തുണയുമായി രംഗത്തുവന്നത്. ആള്‍ജാമ്യത്തിനായി യുപി സ്വദേശികളായ രണ്ടുപേര്‍ തയ്യാറായതിനാല്‍ യുഎപിഎ കേസില്‍ സിദ്ദീഖിന് ചൊവ്വാഴ്ച വൈകീട്ടോടെ ജാമ്യം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദാനിഷ് പ്രതികരിച്ചു.

അതേസമയം, സിദ്ദീഖ് കാപ്പനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നോ ജില്ലാ കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. കേസ് തിങ്കളാഴ്ച കോടതി പരിഗണിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജു എത്തേണ്ടതുണ്ടെന്ന് ഇഡി മറുപടി നല്‍കി. തുടര്‍ന്ന് ഏറ്റവും അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്നും കേസ് അവസാനിപ്പിക്കണമെന്നും സിദ്ദീഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. യുഎപിഎ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദീഖിന് ജയില്‍ മോചിതനാവാന്‍ കഴിയൂ.

Next Story

RELATED STORIES

Share it