Sub Lead

ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

ബജാജിന്റെ വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. 1986ല്‍ ഇന്ത്യന്‍ എയല്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹിച്ചു. 2001ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.

ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു
X

പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ബജാജിന്റെ വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. 1986ല്‍ ഇന്ത്യന്‍ എയല്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹിച്ചു. 2001ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.

2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

രാഹുല്‍ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ 7 കോടി രൂപയായിരുന്നു കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്. ബജാജ് സ്‌കൂട്ടറുകള്‍ മാത്രമുണ്ടായിരുന്ന, നിയന്ത്രിത സമ്പദ്‌വ്യവസ്ഥയുടെ കാലത്തുനിന്ന്, ഒട്ടറെ വിദേശ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിയ ഉദാര സമ്പദ് വ്യവസ്ഥയുടെ കാലത്തിലേക്ക് എത്തിയപ്പോഴും കമ്പനിയെ പുരോഗതിയിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായി. രാഹുലിന്റെ മുത്തച്ഛന്‍ ജമ്‌നലാല്‍ ബജാജ് ആണ് 1926ല്‍ കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി അദ്ദേഹത്തിനു വളരെ അടുപ്പമുണ്ടായിരുന്നു.

വാര്‍ധയില്‍ ഗാന്ധിജി ആശ്രമം സ്ഥാപിച്ച സ്ഥലം അദ്ദേഹത്തിനു സമ്മാനിച്ചതും ജമ്‌നലാല്‍ ആയിരുന്നു. നെഹ്‌റു കുടുംബവുമായും ബജാജിന് അടുപ്പമുണ്ടായിരുന്നു. സ്‌കൂള്‍കാലത്ത്, രാഹുലിന്റെ അച്ഛന്‍ കമല്‍നയനും ഇന്ദിരാഗാന്ധിയും ഒരുമിച്ചായിരുന്നു. കമല്‍നയന്റെ മകന് രാഹുല്‍ എന്ന പേരു നിര്‍ദേശിച്ചതും നെഹ്‌റുവാണ്. ആ സ്‌നേഹത്തിനു പകരമായി രാജീവ് ഗാന്ധിയുടെ പേരുതന്നെ രാഹുല്‍ ബജാജ് അദ്ദേഹത്തിന്റെ മകന് നല്‍കി.

പിന്നീട് സോണിയയും രാജീവ് ഗാന്ധിയും അവരുടെ മകനു രാഹുലെന്നു പേരിട്ട് രാഹുല്‍ ബജാജിനോടുള്ള സ്‌നേഹത്തിന്റെ ഓര്‍മ ആവര്‍ത്തിച്ചു. ജമ്‌നലാലിന്റെ മരണത്തോടെ കമല്‍നയന്‍ പൂര്‍ണമായും ബജാജ് കമ്പനിയുടെ ബിസിനസ് തിരക്കുകളിലേക്ക് ഇഴുകിച്ചേരുകയായിരുന്നു. 1972ല്‍ കമല്‍നയന്റെ മരണത്തോടെയാണ് രാഹുല്‍ ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്.

ബജാജ് ഇലക്ട്രിക്കല്‍സില്‍ ഡെസ്പാച്ചിലും അക്കൗണ്ട്‌സ് വിഭാഗത്തിലും മാര്‍ക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. ഈ തൊഴില്‍പരിചയം മുതല്‍ക്കൂട്ടാക്കിയാണ് രാഹുല്‍ പിന്നീട് ഹാര്‍വഡ് സര്‍വകലാശാലയില്‍ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാര്‍വഡ് ഏര്‍പ്പെടുത്തിയ അലുംനി അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് രാഹുല്‍ ബജാജ്.

Next Story

RELATED STORIES

Share it