Sub Lead

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജരേഖ ചമയ്ക്കല്‍; മുന്‍കൂര്‍ജാമ്യം തേടി കെ വിദ്യ ഹൈക്കോടതിയില്‍

താന്‍ അവിവാഹിതയാണെന്നും തന്റെ ഭാവി മുന്‍നിര്‍ത്തി ജാമ്യം നല്‍കണമെന്നും വിദ്യ കോടതിയോട് ആവശ്യപ്പെട്ടു.

ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജരേഖ ചമയ്ക്കല്‍; മുന്‍കൂര്‍ജാമ്യം തേടി കെ വിദ്യ ഹൈക്കോടതിയില്‍
X

കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. രണ്ട് ദിവസം മുന്‍പ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വ്യാജരേഖ കേസില്‍ തനിക്കെതിരെയുള്ള ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും വ്യാജരേഖ നല്‍കി ജോലി നേടിയിട്ടില്ലെന്നുമാണ് വിദ്യയുടെ വാദം.

വ്യാജരേഖ നിര്‍മാണത്തില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും പോലീസ് തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിക്കുകയോ അതില്‍ നിന്ന് സാമ്പത്തിക ലാഭം നേടുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കേസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കോടതി മുന്നോട്ടുവെക്കുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കുമെന്നും അതിന്റെ ഭാഗമായി ജാമ്യം നല്‍കണമെന്നുമാണ് വിദ്യയുടെ ആവശ്യം. താന്‍ അവിവാഹിതയാണെന്നും തന്റെ ഭാവി മുന്‍നിര്‍ത്തി ജാമ്യം നല്‍കണമെന്നും വിദ്യ കോടതിയോട് ആവശ്യപ്പെട്ടു.

കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താല്‍ പോലീസിന് സാധിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിയിട്ടതിനാല്‍ അയല്‍വാസികളില്‍നിന്ന് താക്കോല്‍ വാങ്ങിയശേഷമായിരുന്നു പോലീസ് പരിശോധന. വിദ്യയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടരുന്നതിനിടെയാണ് വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത ദിവസം കോടതി വീണ്ടും കേസ് പരിഗണിക്കും.അതിനിടെ, എസ്.എഫ്.ഐയുടേയും സി.പി.എം. ഉന്നതനേതാക്കളുടേയും സംരക്ഷത്തിലാണ് വിദ്യ ഒളിവില്‍കഴിയുന്നതെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.






Next Story

RELATED STORIES

Share it