Sub Lead

ആകാശപാത തുറന്നു നല്‍കി സൗദി; ആദ്യ ഇസ്രായേല്‍ വിമാനം യുഎഇയില്‍ പറന്നിറങ്ങി

ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായാണ് വിമാനം തെല്‍ അവീവ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ഇസ്രായേലിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എല്‍ അല്‍ വിമാനത്തിലായിരുന്നു യാത്ര.

ആകാശപാത തുറന്നു നല്‍കി സൗദി; ആദ്യ ഇസ്രായേല്‍ വിമാനം യുഎഇയില്‍ പറന്നിറങ്ങി
X

തെല്‍അവീവ്/ദുബയ്: നയതന്ത്രബന്ധം സാധാരണ നിലയിലാക്കി കൊണ്ട് ധാരണയുണ്ടാക്കിയതിനു പിന്നാലെ ചരിത്രത്തിലാദ്യമായി ഇസ്രായേലില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം യുഎഇയില്‍ പറന്നിറങ്ങി. സൗദി അറേബ്യയുടെ ആകാശപാതയിലൂടെയായിരുന്നു ഇസ്രായേല്‍ വിമാനത്തിന്റെ യാത്ര.

ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായാണ് വിമാനം തെല്‍ അവീവ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ഇസ്രായേലിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എല്‍ അല്‍ വിമാനത്തിലായിരുന്നു യാത്ര. എല്‍വൈ 971 വിമാനമാണ് പ്രഥമ യാത്ര നടത്തിയതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി. ഇംഗ്ലീഷിലും ഹീബ്രുവിലും അറബിയിലും 'സമാധാനം' എന്ന് വിമാനത്തില്‍ ആലേഖനം ചെയ്തിരുന്നു.

അടുത്തിടെ ഇസ്രായേലമായുണ്ടാക്കിയ വിവാദ കരാറിന് അന്തിമരൂപം നല്‍കുന്നതിനാണ് ഇസ്രായേല്‍, അമേരിക്കന്‍ ഉന്നതതല പ്രതിനിധി സംഘം യുഎഇയിലെത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹുവിന്റെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും സഹായികളാണ് വിമാനത്തിലുള്ളത്.

തെല്‍ അവീവുമായി നിലവില്‍ നയതന്ത്രബന്ധമില്ലെങ്കിലും ഇസ്രായേലിന്റെ ആഭ്യര്‍ഥന മാനിച്ച് സൗദി തങ്ങളുടെ ആകാശപാത ഇസ്രയേല്‍ വിമാനത്തിനായി തുറന്നു നല്‍കുകയായിരുന്നു.

യുഎഇയിലേക്കുള്ള വിമാനത്തിന് കിര്യത് ഗട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ഫലസ്തീന്‍ ഗ്രാമങ്ങളായിരുന്ന ഇറാഖ് അല്‍ മന്‍ഷിയ്യ, അല്‍ ഫലൂജ എന്നിവിടങ്ങളില്‍ നിന്ന് അറബികളെ പുറംതള്ളിയ ശേഷം ഇസ്രായേല്‍ രൂപകല്‍പ്പന ചെയ്ത ജൂത കുടിയേറ്റ കേന്ദ്രമായ കിര്യാത് ഗട്ടിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും ആശ്ചര്യകരമായ യാത്രയാണിതെന്ന് പൈലറ്റ് ടാല്‍ ബെക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനം വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജറദ് കുഷ്‌നല്‍ വിമാന സംഘത്തിലുണ്ട്. യുഎസ് സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍, ഇസ്രായേല്‍ സുരക്ഷാ ഉപദേഷ്ടാവ് മീര്‍ ബെന്‍ ഷാബത്ത് എന്നിവരും സംഘത്തിലുണ്ട്. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടുള്ള പ്രതിരോധ സംവിധാനങ്ങള്‍ വിമാനത്തില്‍ ഘടിപ്പിച്ചിരുന്നു. റോക്കറ്റ് ആക്രമണം ചെറുക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഘടിപ്പിച്ചിരിക്കുന്നത്. അബുദബിയില്‍ യുഎഇയിലെ പ്രമുഖരുമായി യുഎസ്-ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും.

യുഎസ്-ഇസ്രായേല്‍ പ്രതിനിധികള്‍ ചൊവ്വാഴ്ച വരെ യുഎഇയില്‍ തങ്ങും. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന അറബ് രാജ്യമാണ് യുഎഇ.

അമേരിക്കയില്‍ നിന്ന് യുഎഇക്ക് എഫ്35 യുദ്ധ വിമാനം നല്‍കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ വിമാനം യുഎഇക്ക് നല്‍കുന്നതിനെ നേരത്തെ ഇസ്രായേല്‍ എതിര്‍ത്തിരുന്നു. പുതിയ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചയുടെ കാര്യത്തില്‍ ട്രംപ് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

അതേസമയം, ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചു കൊണ്ട് യുഎഇയുണ്ടാക്കിയ കരാറിനെതിരേ മുസ്‌ലിം ലോകത്ത് ശക്തമായ പ്രതിഷേധമാണ് അലയടിച്ച് കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it