Sub Lead

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിച്ച് മന്ത്രി ധനമന്ത്രി തോമസ് ഐസക്ക്

സംസ്ഥാനത്തെ വ്യവസായ രംഗം വളര്‍ന്നിട്ടുണ്ട് എന്നാല്‍ കാര്‍ഷിക രംഗം അപ്പാടെ തകര്‍ന്നു. പ്രവാസി നിക്ഷേപം ഇടിഞ്ഞതും കേന്ദ്ര സഹായം ഇല്ലാത്തതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിച്ച് മന്ത്രി ധനമന്ത്രി തോമസ് ഐസക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആവര്‍ത്തിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്. ബജറ്റില്‍ അത് മറികടക്കാനുള്ള പദ്ധതികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാവി വരുമാനം പ്രതീക്ഷിച്ചാണ് കടമെടുക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ രംഗം വളര്‍ന്നിട്ടുണ്ട് എന്നാല്‍ കാര്‍ഷിക രംഗം അപ്പാടെ തകര്‍ന്നു. പ്രവാസി നിക്ഷേപം ഇടിഞ്ഞതും കേന്ദ്ര സഹായം ഇല്ലാത്തതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സ്‌റ്റേറ്റ് ഓഫ് കേരള ഇക്കോണമി എന്ന് വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രിയുടെ ഏറ്റു പറച്ചില്‍ .

കേരള സാമ്പത്തിക നില സമീപകാല സംഭവങ്ങള്‍ സാമ്പത്തിക നിലയില്‍ വന്‍ മാറ്റം ഉണ്ടാക്കി. 1987 മുതല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. അതിനാല്‍ അഖിലേന്ത്യാ ശരാശരിയെക്കാല്‍ 60 ശതമാനം കൂടുതലായിരുന്നു. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ വന്നു തുടങ്ങി. കുറെ കാലങ്ങളായി ദേശീയ ശരാശരിയെക്കാള്‍ താഴേക്ക് പോയി.

കഴിഞ്ഞ 3 വര്‍ഷത്തെക്കണക്കില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടി. അത് വ്യവസായ മേഖലയില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. അത് ശുഭപ്രതീക്ഷയാണ്. പ്രളയം ഉള്‍പ്പെടെയുള്ളവ സംസ്ഥാനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള വരവ് എപ്പോള്‍ വേണമെങ്കിലും കുറയാം. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കൊറോണാ ബാധ സാമ്പത്തിക ഘടനയെ ബാധിക്കും. അത് പിടിച്ച് നിര്‍ത്താന്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ വേണം. ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയല്ല. റവന്യൂ കമ്മി പിടിച്ച് നിര്‍ത്താന്‍ കൂടുതല്‍ കരുതല്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ദേശീയ സമ്പദ് ഘടനയിലും അന്തര്‍ ദേശീയ തലത്തിലും പ്രശ്‌നമുണ്ടാകുമ്പോള്‍ സംസ്ഥാനത്തെ താങ്ങി നിര്‍ത്താനുള്ള ടാസ്‌കാണ് ബഡ്ജറ്റ് ഏറ്റെടുത്തത്. അപകടം മുന്‍കൂട്ടി കണ്ടു കൊണ്ട് കേരളത്തിലെ സമ്പദ്ഘടന പിടിച്ച് നിര്‍ത്താനായി. ബഡ്ജറ്റിന് വേണ്ടി തുക വായ്പ എടുക്കാന്‍ കഴിയില്ലല്ലോ. അതിന് വേണ്ടി വായ്പ എടുത്ത് നടപ്പിലാക്കാന്‍ ഒരു സ്ഥാപനം വേണം. അതിനെ പരിപോഷിപ്പിക്കണം. ഭാവി വരുമാനം സെക്യൂരിറ്റി ചെയ്യുന്നതിന് വേണ്ടിയാണ് അത്. അതിന് വേണ്ടിയാണ് കിഫ്ബി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

ബഡ്ജറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നിയമസഭയില്‍ മറുപടി പ്രസംഗത്തില്‍ പറയും. തലസ്ഥാനത്തെ ബഡ്ജറ്റില്‍ അവഗണിച്ചിട്ടില്ല. ജനപങ്കാളിത്തത്തോടെ ചെയ്യാന്‍ പറ്റുന്ന പരിപാടികള്‍ നടപ്പാക്കാനാണ് കൂടുതല്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു. ബഡ്ജറ്റ് കാരണം ഉണ്ടാകാനുള്ള മറ്റൊരു വിമര്‍ശനം 1300 കോടി രൂപയുടെ അധിക നികുതി ഭാരം വരുന്നുവെന്നാണ്. സംസ്ഥാനത്തിന് വേറെ നികുതി വരുമാനം ഒന്നുമല്ല. ഇതല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. മാന്ദ്യകാലത്ത് നികുതി വര്‍ദ്ധിപ്പിച്ചത് വിമര്‍ശനമായി കാണണ്ട. മറു വശത്ത് നടത്തുന്ന പദ്ധതികള്‍ കാണണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മാന്ദ്യത്തെ മറികടക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഇല്ലന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ധനമന്ത്രി യുടെ കണക്കുകളില്‍ വിശ്വാസം ഇല്ല. ബജറ്റ് പാക്കേജുകള്‍ ഇലക്ഷന്‍ പാക്കേജ് മാത്രമാണെന്നും, കുടിശിക പിരിച്ചെടുക്കുന്നതില്‍ ധനമന്ത്രി പരാജയമാണെന്നും സതീശന്‍ കുറ്റപ്പെത്തി. സാമ്പത്തിക മാന്ദ്യം മാറ്റുന്നതിനുള്ള പദ്ധതികള്‍ ഒന്നും ബഡ്ജറ്റില്‍ ഇല്ല.

ബഡ്ജറ്റിനെതിരേയുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും അടിത്തറയുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ധനകാര്യമന്ത്രി അടുത്ത വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചിരുന്ന വരുമാനം 115000 കോടിയാണ്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാല്‍ 16000 കോടി രൂപ കുറവാണ് ലഭിച്ചത്. 2019-20നേക്കാല്‍ ആയിരം കോടി കുറച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനര്‍ത്ഥം ജിഎസ്ടി വര്‍ധിക്കില്ല എന്നാണ്. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള പണം കൂടില്ല. പിന്നെ എങ്ങനെയാണ് വരുമാനം കൂടുന്നതെന്നും സതീശന്‍ ചോദിച്ചു. പ്രതീക്ഷിച്ച റവന്യൂ കമ്മി ഇരട്ടിയിലധികം ഉണ്ടായി. റവന്യൂ കമ്മി കുറക്കാനായി ചെലവ് കുറക്കുന്നതെന്ന് മന്ത്രി പറയുന്നതും മന്ത്രി പറയുന്നതും നടക്കുന്നതും രണ്ടായത് കൊണ്ടാണ് ഈ പ്രശ്‌നം. സംസ്ഥാന ബഡ്ജറ്റില്‍ മന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടത്തിയിട്ടില്ല. ഓഖി പക്കേജ്, തീരദേശ പാക്കേജുകള്‍ എന്നിവ പ്രഖ്യാപിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പോലും ഇത് വരെ വെച്ചിട്ടില്ലെന്നും സതീശന്‍ പരിഹസിച്ചു. കഴിഞ്ഞ വര്‍ഷം ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഐസക്കിന് പ്രഖ്യാപനം മാത്രമേയുള്ളൂവെന്നും സതീശന്‍ പറഞ്ഞു.

സാമ്പത്തിക രംഗത്ത് തകര്‍ച്ച നേരിടുന്ന ഓട്ടോ മൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അധിക നികുതി വെച്ചത് ഈ മേഖലക്ക് വന്‍ തിരിച്ചടി ഉണ്ടാകും. സെയില്‍ ഇല്ലാതിരിക്കുന്നവരെ കഷ്ടത്തിലാക്കാനാണ് മന്ത്രിയുടെ ശ്രമം. വരുമാനം വര്‍ധിപ്പിക്കാന്‍ ജിഎസ്ടി നന്നായി പിരിച്ചാല്‍ മതി. ജിഎസ്ടി കണ്‍സ്യൂമര്‍ സ്‌റ്റേറ്റിന് ഗുണം ലഭിക്കേണ്ടതായിരുന്നു. കേരളം കണ്‍സ്യൂമര്‍ സ്‌റ്റേറ്റായിട്ടും അതിന്റെ ഗുണം ലഭിക്കുന്നില്ല. ജിഎസ്ടി പുനര്‍ നിര്‍ണയിച്ച് സംസ്ഥാനത്തെ വരുമാനം എങ്ങനെ പിടിച്ചെടുക്കാം എന്ന് നോക്കണം. കിട്ടാനുള്ള നികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. അനാവശ്യമായ ചിലവുകള്‍ കുറക്കാന്‍ ധനവകുപ്പ് ശ്രമിക്കണം, ആവശ്യമില്ലാതെ കാര്‍ വാങ്ങരുതെന്ന് മന്ത്രി പറഞ്ഞിട്ടും 10 കാറ് വാങ്ങണമെന്ന് പുതിയ ആവശ്യം ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. പക്ഷേ മന്ത്രിക്ക് പലകാരണങ്ങള്‍ കൊണ്ട് ഒന്നും ചെയ്യാനാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

സെമിനാറില്‍ രാജീവ് ഗാന്ധി ഇന്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബി എസ് ഷിജു, സാമ്പത്തിക ശാസ്ത്രജ്ഞരായ മേരി ജോര്‍ജ്, വി എ പ്രകാശ്, പ്രഫ. ജി ബാലചന്ദ്രന്‍ സംസാരിച്ചു. കോഴിക്കോട്, കൊച്ചി മേഖലകളിലും രാജീവ് ഗാന്ധി ഇന്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധരെ അണി നിരത്തി ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ബി എസ് ഷിജു അറിയിച്ചു.


Next Story

RELATED STORIES

Share it