Sub Lead

ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഖബര്‍ പൊളിക്കണമെന്ന് ഇസ്രായേലി മന്ത്രി

ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഖബര്‍ പൊളിക്കണമെന്ന് ഇസ്രായേലി മന്ത്രി
X

തെല്‍അവീവ്: ഫലസ്തീന്‍ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ പ്രതീകമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഖബര്‍ പൊളിക്കണമെന്ന് ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. നിലവില്‍ ഇസ്രായേല്‍ തട്ടിയെടുത്ത ഹൈഫ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖബര്‍ പൊളിക്കാനാണ് ബെന്‍ഗ്വിര്‍ ആവശ്യപ്പെട്ടത്. ഹൈഫയിലെ ബലാദ് അല്‍ ശെയ്ഖ് ഗ്രാമത്തിലെ ഖബര്‍സ്ഥാനില്‍ 1935ലാണ് അദ്ദേഹത്തെ ഖബറടക്കിയത്. പിന്നീട് ഈ പ്രദേശം ജൂതകുടിയേറ്റക്കാര്‍ ഇസ്രായേലിന്റെ ഭാഗമാക്കി. ഇപ്പോള്‍ ഈ പ്രദേശം നെഷ്ഹര്‍ എന്നാണ് അറിയപ്പെടുന്നത്. ഖബര്‍ പൊളിക്കാന്‍ നെഷ്ഹര്‍ മുന്‍സിപ്പാലിറ്റി ഉത്തരവിട്ടാല്‍ ആവശ്യത്തിന് പോലിസിനെ വിട്ടുനല്‍കാമെന്ന് ബെന്‍ഗ്വിര്‍ പറഞ്ഞു. ഇസ്രായേലിലെ പൊതുഭൂമിയില്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഖബര്‍ നിലനില്‍ക്കരുതെന്നാണ് ബെന്‍ഗ്വിര്‍ പറഞ്ഞത്. ഖബര്‍ മാന്തി ഭൗതിക അവശിഷ്ടങ്ങളെ വിലപേശാന്‍ ഉപയോഗിക്കാമെന്ന അഭിപ്രായവും ചില സയണിസ്റ്റ് നേതാക്കള്‍ക്കുണ്ട്.

ഫലസ്തീനിലേക്കു വരുന്നതിനു മുമ്പ് സിറിയയിലെ ഫ്രഞ്ച് കൊളോണിയലിസ്റ്റുകള്‍ക്കെതിരായ വിമോചന സമരത്തിന്റെ നേതാക്കളില്‍ ഒരാളായിരുന്നു ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം. ഫലസ്തീനില്‍ എത്തിയ ശേഷം ബ്രിട്ടിഷ് കോളനിവല്‍ക്കരണത്തിനും സയണിസ്റ്റ് വ്യാപനവാദത്തിനുമെതിരേ അദ്ദേഹം കലാപക്കൊടി ഉയര്‍ത്തി. സൈനിക യൂണിറ്റുകളുടെ മികവുറ്റ സംഘാടകനും കമാന്‍ഡറുമായിരുന്ന അദ്ദേഹത്തിന്റെ തന്ത്രങ്ങളും സമഗ്രമായ വിശകലനം അര്‍ഹിക്കുന്നുണ്ട്.

ചെറുത്തുനില്‍പ്പ് പോരാളികളെ പരിശീലിപ്പിക്കുമ്പോള്‍, അവരുടെ ധാര്‍മിക നിലവാരത്തില്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു. ദൈവവിശ്വാസം, എളിമ, സ്ഥിരോല്‍സാഹം, അപകടങ്ങളെ അതിജീവിക്കാനുള്ള കഴിവ്, അയല്‍ക്കാരനോടുള്ള ദയ, ആത്മനിയന്ത്രണം എന്നീ തത്ത്വങ്ങള്‍ അദ്ദേഹം പോരാളികളെ പഠിപ്പിച്ചു.

അധിനിവേശത്തില്‍നിന്നും കൊളോണിയലിസ്റ്റുകളില്‍നിന്നും മാതൃരാജ്യത്തിന്റെ മോചനത്തിനായി പോരാടാന്‍ വിശ്വാസവും ദൃഢനിശ്ചയവുമായിരുന്നു പോരാളികളുടെ പ്രധാന ആശ്രയം.

പോരാട്ടത്തിലെ ഈ ധാര്‍മിക ആശയത്തെ കൂടുതല്‍ വിശദമായി വിശകലനം ചെയ്താല്‍, അതില്‍ നിരവധി പ്രധാന കാര്യങ്ങള്‍ ഉള്ളതായി കാണാം. തന്റെ പോരാളികളില്‍ മികച്ച സ്വഭാവ ഗുണങ്ങള്‍ വികസിപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. പരസ്പരം സഹായിക്കേണ്ടതിന്റെയും നീതിയുക്തമായ പ്രവൃത്തികള്‍ ചെയ്യേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം യോദ്ധാക്കളെ പഠിപ്പിച്ചു.

11-12 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മഹാനായ ചിന്തകനായ അബു ഹമീദ് അല്‍ ഗസ്സാലിയുടെ ധാര്‍മിക തത്ത്വചിന്തയുമായി നമുക്ക് ഇതില്‍ സമാനതകള്‍ കാണാന്‍ കഴിയും.

മനുഷ്യന്റെ ധാര്‍മിക പുരോഗതിയെക്കുറിച്ചും സദ്ഗുണം, സല്‍ക്കര്‍മങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അല്‍ ഗസ്സാലി ധാരാളമായി എഴുതിയിട്ടുണ്ട്. സ്വഭാവ ഗുണത്തിന്റെ പരിഷ്‌കാരവും വികസനവും ഒരു മനുഷ്യനെ സന്തോഷത്തിലേക്കും ശരിയായ ജീവിതത്തിലേക്കും നയിക്കുമെന്നാണ് ഗസ്സാലി പറഞ്ഞിരുന്നത്. എന്റെ അഭിപ്രായത്തില്‍, അത് പ്രായോഗത്തില്‍ കൊണ്ടുവന്നയാളാണ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം

ഇനി അല്‍ ഖസ്സാമിന്റെ ശത്രുക്കളുടെ ആശയങ്ങളും മൂല്യങ്ങളും എത്രത്തോളം വ്യത്യസ്തമാണെന്നു നമുക്കു പരിശോധിക്കാം. അല്‍ ഖസ്സാം തന്റെ പോരാളികളെ സല്‍ഗുണവും മാന്യവും സത്യസന്ധവുമായ ജീവിതരീതി പഠിപ്പിച്ചപ്പോള്‍, സയണിസ്റ്റ് യൂണിറ്റുകള്‍ ക്രൂരതയുടെയും രക്തദാഹത്തിന്റെയും തത്ത്വങ്ങള്‍ പഠിപ്പിച്ചു.

ഉദാഹരണത്തിന്, 1938ല്‍ ബ്രിട്ടന്‍ രൂപീകരിച്ച 'സ്‌പെഷ്യല്‍ നൈറ്റ് സ്‌ക്വാഡുകള്‍' (സയണിസ്റ്റ് ശിക്ഷണ ഡിറ്റാച്ച്‌മെന്റുകള്‍) കൊളോണിയല്‍ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ ഫലസ്തീനിലെ തദ്ദേശീയ അറബ് നിവാസികളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു.

സാമൂഹികമായി, ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ഫലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു. ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകളുടെ പിന്തുണയോടെ സയണിസ്റ്റ് കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുകയും തദ്ദേശീയ അറബ് ജനതയ്‌ക്കെതിരേ പതിവായി ശത്രുതാപരമായ നടപടികള്‍, സാമ്പത്തിക അടിച്ചമര്‍ത്തലുകള്‍ ഉള്‍പ്പെടെ, നടത്തുകയും ചെയ്തു. ഫലസ്തീന്‍ കര്‍ഷകരുടെയും നഗരവാസികളുടെയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. വടക്കന്‍ ഫലസ്തീനിലെ പ്രദേശങ്ങളില്‍ ഇത്തരം അനീതികള്‍ കണ്ട അല്‍ ഖസ്സാം, തന്റെ ജനതയുടെ പേരില്‍ പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങി.

എണ്ണത്തില്‍ അധികമായിരുന്ന ശത്രുസൈന്യത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുപോലും അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിച്ചു. അതില്‍നിന്നാണ് ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ തീപ്പൊരി പിറവിയെടുത്തത്.

മഹത്തായ പോരാട്ടത്തിന്റെ പാത അവസാനം വരെ പിന്തുടര്‍ന്ന നേതാവായിരുന്നു അല്‍ ഖസ്സാം. 1935ല്‍ ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹം രക്തസാക്ഷിയായി. പിന്‍മാറാതെ സിംഹത്തെപോലെ നടത്തിയ ഈ അവസാന പോരാട്ടമാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്.

1935 ലെ ശരത്കാലത്തിന്റെ അവസാനത്തില്‍ സയണിസ്റ്റുകള്‍ക്കും ബ്രിട്ടിഷ് അധിനിവേശത്തിനുമെതിരേ ധീരമായി പോരാടിയ പോരാളിയുടെയും നേതാവിന്റെയും മരണത്തില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ദുഃഖിച്ചു. ഭാവിതലമുറകള്‍ക്ക് അദ്ദേഹം അദമ്യമായ ധൈര്യത്തിന്റെ മാതൃകയായി മാറി.

ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ആശയങ്ങള്‍ ഇന്നും സജീവമാണ്. ഇതാണ് പ്രതിരോധത്തിന്റെ യഥാര്‍ഥ തത്ത്വശാസ്ത്രം. അദ്ദേഹത്തിന്റെ മൂല്യങ്ങളുടെയും പോരാട്ടങ്ങളുടെയും അവകാശികള്‍ ഇപ്പോള്‍ സയണിസ്റ്റ് ആക്രമണകാരികളില്‍നിന്ന് ഗസ മുനമ്പിനെ സംരക്ഷിക്കുന്നു.




Next Story

RELATED STORIES

Share it