Sub Lead

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി

മൃതദേഹം കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ എ മുരുഗന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് കത്തെഴുതിരുന്നെങ്കിലും ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കും ജില്ലാ പോലിസ് മേധാവിക്കും അപേക്ഷ നല്‍കിയതിനുപിന്നാലെയാണ് മൃതദേഹം തിരിച്ചറിയാന്‍ കുടുംബത്തിന് അധികൃതര്‍ അനുമതി നല്‍കിയത്.

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി
X

കോഴിക്കോട്: വയനാട്ടില്‍ കഴിഞ്ഞ ദിവസം തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോവാദി നേതാവിന്റെ മൃതദേഹം കാണാന്‍ കുടുംബത്തിന് അനുമതി. തമിഴ്‌നാട് തേനി പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി 32കാരനായ വേല്‍മുരുഗന്‍ എന്ന ആസാദാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചിരുന്നു.

ഇതു പ്രകാരം മൃതദേഹം തിരിച്ചറിയുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ എ മുരുഗന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഇതേ ആവശ്യമുയര്‍ത്തി ചീഫ് സെക്രട്ടറിക്കും ജില്ലാ പോലിസ് മേധാവിക്കും കത്ത് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിയാന്‍ കുടുംബത്തിന് അധികൃതര്‍ അനുമതി നല്‍കിയത്.

ഇതു പ്രകാരം ഇന്നു ഉച്ചയോടെ മൃതദേഹം സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി കുടുംബം മൃതദേഹം കാണും. തിരിച്ചറിഞ്ഞതിനു ശേഷമായിരിക്കും പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള മറ്റു നടപടികള്‍. അതേസമയം, മൃതദേഹം കാണാനെത്തിയ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ടി സിദ്ധീഖിനേയും സ്ഥലം എംപി എം കെ രാഘവനേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലിസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ഇന്നലെയാണ് വയനാട്ടില്‍ പടിഞ്ഞാറത്തറ വാളാരംകുന്നില്‍ വേല്‍മുരുഗന്‍ എന്ന ആസാദ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടെന്നാണ് തണ്ടര്‍ബോള്‍ട്ട് പറയുന്നത്.വേല്‍മുരുകന്‍ മധുരയിലെ കോളേജില്‍ രണ്ടുവര്‍ഷം നിയമപഠനം നടത്തിയിട്ടുണ്ടെന്നും നിരവധി പേര്‍ക്ക് ആയുധപരിശീലനം നല്‍കിയിട്ടുണ്ടെന്നും പോലിസ് പറയുന്നുണ്ട്.

മീന്‍മുട്ടി വെള്ളച്ചാട്ടത്തിനടുത്തുള്ള വനമേഖലയില്‍ പതിവു പരിശോധനകള്‍ നടത്തുകയായിരുന്ന മാനന്തവാടി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ യൂണിഫോമിലെത്തിയ അഞ്ചിലധികമുള്ള മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലിസ് അറിയിച്ചത്. ഒരാള്‍ വെടിവെപ്പില്‍ മരിക്കുകയും ശേഷിക്കുന്നവര്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. സ്ഥലത്തുനിന്ന് 0.303 റൈഫിളും ലഘുലേഖകളും കണ്ടെടുത്തതായും പോലിസ് പറഞ്ഞു. ഒരു പോലീസുകാരനുപോലും സംഭവത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Next Story

RELATED STORIES

Share it