Sub Lead

മുണ്ടുരിഞ്ഞെന്ന് വ്യാജപ്രചാരണം; പോലിസുകാരനെതിരേ സംഘപരിവാര കൊലവിളി

'ഒറ്റയ്ക്ക് കിട്ടുമ്പോള്‍ പണി കൊടുക്കണം, പിന്നെ ഒരിക്കലും കാക്കിയിട്ട് തെണ്ടിത്തരണം കാണിക്കരുത്, വെട്ടണം നാറിയെ, മാര്‍ക്ക് ഹിം... വെന്‍ നോട്ട് ഇന്‍ യൂനിഫോം, ഇവന്റെ തുണി പരസ്യമായി അഴിക്കണം, കുടുംബത്തില്‍ കയറി വെട്ടണം തുടങ്ങിയ വധഭീഷണികളുമായി നിരവധി പേരെത്തിയത്.

മുണ്ടുരിഞ്ഞെന്ന് വ്യാജപ്രചാരണം; പോലിസുകാരനെതിരേ സംഘപരിവാര കൊലവിളി
X

തിരുവനന്തപുരം: പിഎസ്‌സി ഓഫിസ് മാര്‍ച്ചിനിടെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെ മുണ്ടുരിഞ്ഞെന്ന വ്യാജപ്രചാരണം നടത്തി എസ്എപി ക്യാംപിലെ പോലിസുകാരനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളുടെ കൊലവിളി. പേരൂര്‍ക്കട എസ്എപി ക്യാപിലെ എച്ച് ക്യു കമ്പനി അംഗമായ പിസി 12826 പോലിസുകാരനായ അസീം എം ഷിറാസിനെതിരേയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്. പട്ടം പിഎസ്‌സി ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്ന ചിത്രത്തില്‍ അസീം എം ഫിറോസിന്റെ ചിത്രത്തിനു ചുവന്ന നിറം കൊണ്ട് വട്ടമിട്ടാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. യുവമോര്‍ച്ച പാറശ്ശാല മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പലം ദിലീപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വ്യാജപ്രചാരണം. ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഇട്ട പോസ്റ്റ് ഇതിനകം 800ലേറെ പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനു തൊട്ടുതാഴെയായി നിരവധി സംഘപരിവാര പ്രവര്‍ത്തകരാണ് അസീമിനെതിരേ വധഭീഷണി മുഴക്കിയിട്ടുള്ളത്. അതിനിടെ, തനിക്കെതിരേ സംഘപരിവാര അനുകൂലികള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ച് അസീം കണ്‍ന്റോണ്‍മെന്റ് സിഐയ്ക്കു പരാതി നല്‍കി.

അമ്പലം ദിലീപ് എന്നയാളുള് ഫേസ്ബുക്ക് ഐഡിയില്‍നിന്ന് ഭീഷണിസ്വരമുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ, അസീമിനെ സുഡാപ്പിയെന്നും മറ്റും വിശേഷിപ്പിച്ച് ഒരുസംഘം വീട്ടില്‍കയറി വെട്ടണമെന്നും മറ്റുമുള്ള കമ്മന്റുകളാണിടുന്നത്. ''ശ്രദ്ധിക്കുക, പിഎസ്‌സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിന്റെ ഉടുമുണ്ട് അഴിക്കുകയും അകാരണമായി മര്‍ദ്ദിക്കുകയും ചെയ്ത പോലിസ് യൂനിഫോമിട്ട മുന്‍ യൂനിവേഴ്‌സിറ്റി ഗുണ്ടയായ ഇവന്റെ ഡീറ്റെയില്‍സ് കിട്ടും വരെ ഷെയര്‍ ചെയ്യുക'' എന്നാണു ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. ഇതിനു മറുപടിയെന്നോളമാണ് 'ഒറ്റയ്ക്ക് കിട്ടുമ്പോള്‍ പണി കൊടുക്കണം, പിന്നെ ഒരിക്കലും കാക്കിയിട്ട് തെണ്ടിത്തരണം കാണിക്കരുത്, വെട്ടണം നാറിയെ, മാര്‍ക്ക് ഹിം... വെന്‍ നോട്ട് ഇന്‍ യൂനിഫോം, ഇവന്റെ തുണി പരസ്യമായി അഴിക്കണം, കുടുംബത്തില്‍ കയറി വെട്ടണം തുടങ്ങിയ വധഭീഷണികളുമായി നിരവധി പേരെത്തിയത്.

എന്നാല്‍, മാര്‍ച്ച് തടയുന്നതിനിടെ ഒരു പ്രവര്‍ത്തകന്റെ മുണ്ട് ഊരിപ്പോയെന്നും അതെടുത്ത് നല്‍കുകയാണ് താന്‍ ചെയ്തതെന്നുമാണ് അസീം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മുണ്ടെടുത്ത് നല്‍കിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അസഭ്യം പറഞ്ഞെന്നും തന്റെ ചിത്രം ഉപയോഗിച്ച് ഭീഷണി തുടരുകയാണെന്നും ഇതില്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കില്‍ ഭീഷണിപ്പെടുത്തിയുള്ള കമ്മന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് നസീം പരാതി നല്‍കിയത്.



Next Story

RELATED STORIES

Share it