Sub Lead

തെറ്റായ അലാറം മുഴങ്ങി; ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി

തെറ്റായ അലാറം മുഴങ്ങി; ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി
X

കോയമ്പത്തൂര്‍: ബംഗളൂരുവില്‍നിന്നും മാലിദ്വീപിലേക്ക് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 92 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിനുള്ളിലെ സ്‌മോക്ക് അലാറം മുഴങ്ങിയതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. തമിഴ്‌നാട് നഗരത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് പുക മുന്നറിയിപ്പ് കണ്ടെത്തിയത്.

കോയമ്പത്തൂരിലെ എയര്‍പോര്‍ട്ട് അധികൃതര്‍ ഇത് തെറ്റായ അലാറമാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകള്‍ അമിതമായി ചൂടായതിനെ തുടര്‍ന്നാണ് അലാറം മുഴങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. പരിശോധനയില്‍ അലാറത്തില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തി. എന്‍ജിനുകള്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും കണ്ടെത്തി. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അലാറം അടിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവളം അധികൃതരും വ്യക്തമാക്കി.

പരിശോധനയ്ക്കുശേഷം വിമാനം യാത്ര പുനരാരംഭിച്ചു. അടുത്തിടെ, സമാനമായ സാഹചര്യത്തില്‍ ഗോ എയറിന്റെ രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കിയിരുന്നു. മുംബൈ ലേ, ശ്രീനഗര്‍, ന്യൂഡല്‍ഹി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് തിരിച്ചിറക്കിയത്. ഇക്കാര്യം ഗോ ഫസ്റ്റ് എന്‍ജിനീയറിങ് ടീം പരിശോധിച്ചുവരികയാണെന്നും തിരുത്തല്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

എല്ലാ നടപടിക്രമങ്ങളും പാലിച്ച് വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് വിമാനം മാലിയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഒന്നിലധികം സാങ്കേതിക തകരാറുകള്‍ ഉണ്ടായതായി റിപോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ മേല്‍നോട്ടം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സിന്ധ്യ ഓരോ എയര്‍ലൈനോടും പറഞ്ഞു.

Next Story

RELATED STORIES

Share it