Top

കൊവിഡ് മരണത്തിന് പ്രധാന കാരണം രക്തം കട്ട പിടിക്കുന്നതോ? യാഥാര്‍ത്ഥ്യം ഇതാണ്

ചികിത്സ, രോഗത്തിന്റെ സ്വഭാവം, അതിന്റെ ഉത്ഭവം, മരണത്തിന്റെ മൂലകാരണം എന്നിവയെക്കുറിച്ച് ലേഖനത്തില്‍ വിവിധ അവകാശവാദങ്ങളാണ് നടത്തിയിട്ടുള്ളത്.

കൊവിഡ് മരണത്തിന് പ്രധാന കാരണം രക്തം കട്ട പിടിക്കുന്നതോ? യാഥാര്‍ത്ഥ്യം ഇതാണ്

ലണ്ടന്‍: രക്തം കട്ടപിടിക്കുന്നതാണ് കൊവിഡ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്ന രഹസ്യം കൊറോണ വൈറസ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) മാര്‍ഗനിര്‍ദേശങ്ങള്‍ തിരസ്‌ക്കരിക്കാന്‍ ധൈര്യംകാണിച്ച ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയോ?

രോഗത്തെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാനും ലോകജനസംഖ്യ കുറയ്ക്കാനും ഡബ്ല്യൂഎച്ച്ഒ നടത്തിയ ഗൂഢാലോചന ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നാണ് കൊവിഡ് 19മായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ലേഖനത്തില്‍ അവകാശപ്പെടുന്നത്. ചികിത്സ, രോഗത്തിന്റെ സ്വഭാവം, അതിന്റെ ഉത്ഭവം, മരണത്തിന്റെ മൂലകാരണം എന്നിവയെക്കുറിച്ച് ലേഖനത്തില്‍ വിവിധ അവകാശവാദങ്ങളാണ് നടത്തിയിട്ടുള്ളത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ലംഘിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകളുണ്ടായതെന്നാണ് വിവാദ റിപ്പോര്‍ട്ട് പറയുന്നത്. മരണകാരമാകുന്നത് ബാക്ടീരിയയാണെന്നും വൈറസല്ലെന്നും പറയുന്ന ഡോക്ടര്‍മാര്‍ അതിനു കാരണം രോഗിയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതാണെന്നും അവകാശപ്പെട്ടിരുന്നു.

മറ്റ് അവകാശവാദങ്ങളിലേതു പോലെ കൊറോണ വൈറസ് ഒരു വൈറസല്ല, ബാക്ടീരിയയാണെന്നും ആന്റിബയോട്ടിക്കുകള്‍ക്ക് ഇതിനെ ഭേദമാക്കാന്‍ കഴിയുമെന്നും ലേഖനം പറയുന്നു. കൊവിഡ് 19 ലെ മരണകാരണം ന്യൂമോണിയയല്ല മറിച്ച് ത്രോംബോസിസ് അല്ലെങ്കില്‍ രക്തം കട്ടപിടിക്കുന്നതാണെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ തീവ്രപരിചരണ വിഭാഗങ്ങളും വെന്റിലേറ്ററുകളും ആവശ്യമില്ലെന്നും അതില്‍ പറയുന്നു. സമാനമായ ഉള്ളടക്കങ്ങള്‍ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വ്യാപകമായി പ്രചരിച്ചിരുന്നു.

വൈറലായ ഈ ലേഖനത്തില്‍ ഉന്നയിച്ച ഒന്നിലധികം അവകാശവാദങ്ങള്‍ ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (എഎഫ്ഡബ്ല്യുഎ) പരിശോധന വിധേയമാക്കിയപ്പോള്‍ അവയില്‍ മിക്കതും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

ലേഖനത്തിലെ വാദങ്ങളും വസ്തുതകളും താഴെ പറയുന്നവയാണ്

വാദം ഒന്ന്

കൊറോണ വൈറസ് ഒരു വൈറസല്ല, മറിച്ച് മരണത്തിന് കാരണമാകുന്ന ബാക്ടീരിയകളാണ്. ആന്റി ഇന്‍ഫ്‌ളാമേറ്ററി മരുന്നുകള്‍ക്കും ആന്റി ബയോട്ടിക്കുകള്‍ക്കും കൊവിഡിനെ ചികിത്സിക്കാന്‍ കഴിയും.

വസ്തുത

മുതിര്‍ന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഈ വാദത്തെ വ്യാജവാര്‍ത്തയാണെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളയുന്നു.

ഇതിനെ 'ഇഡിയറ്റ് സിന്‍ഡ്രോം' എന്നാണ് മാക്‌സ് ഹോസ്പിറ്റലിലെ സീനിയര്‍ പള്‍മോണോളജിസ്റ്റ് ഡോ. ശരദ് ജോഷി വിശേഷിപ്പിക്കുന്നത്. ഇവിടെ 'ഇഡിയറ്റ്' ചികില്‍സയെ തടസ്സപ്പെടുത്തുന്ന ഇന്റര്‍നെറ്റ് വിവരങ്ങളാണ്. സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഇത് ഒരു വൈറസ് അല്ലെങ്കില്‍ ബാക്ടീരിയയാണോ എന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിന്, പുതിയ കൊറോണ വൈറസിന്റെ ജീനോമിക് ക്യാരക്ടറൈസേഷന്‍, എപ്പിഡെമിയോളജി എന്നിവയെക്കുറിച്ചുള്ള ലാന്‍സെറ്റ് പഠനത്തെ ആശ്രയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊറോണ ചികിത്സയില്‍ ആന്റിബയോട്ടിക്കുകളുടെ പങ്ക്

ശാസ്ത്രീയമായി പറഞ്ഞാല്‍ കൊറോണ വൈറസ് ചികില്‍സയില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് പങ്കില്ലെന്ന് ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറയുന്നു. പക്ഷേ ദ്വിതീയ അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന ബാക്ടീരിയ ബാധയെ പ്രതിരോധിക്കുന്നതിനാണ് ഈ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കൊവിഡ് ഒരു വൈറല്‍ അണുബാധയാണ്. ദ്വിതീയ ബാക്ടീരിയ ബാധ, സെപ്‌സിസ്, ഡിഐസി എന്നിവ എല്ലാ വൈറല്‍ രോഗങ്ങളിലും കാണുന്ന സങ്കീര്‍ണതയാണ്. അതിനാല്‍, ശാസ്ത്ര സമൂഹങ്ങളും അധികാരികളും നിര്‍ദേശിക്കുന്നത് വരെ ചികിത്സാ പ്രോട്ടോക്കോളുകള്‍ മാറ്റരുതെന്ന് മാക്‌സ് ഹോസ്പിറ്റലിലെ ഡോ. ജോഷി വിശദീകരിക്കുന്നു.

അതിനാല്‍, കൊറോണ വൈറസുമായി സഹവസിക്കാന്‍ കഴിയുന്ന ദ്വിതീയ ബാക്ടീരിയ ബാധയെ പ്രതിരോധിക്കാന്‍ കൊവിഡ് 19 രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍, കൊറോണ വൈറസ് എന്ന നോവലിനെതിരെ ഈ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.

വാദം 2

കൊവിഡ് 19 ലെ മരണത്തിന്റെ പ്രധാന കാരണം ന്യൂമോണിയയല്ല, ത്രോംബോസിസ് അല്ലെങ്കില്‍ രക്തം കട്ടപിടിക്കുന്നതാണ്.

വസ്തുത

നിരവധി പ്രമുഖ സയന്‍സ് ജേണലുകളും ശാസ്ത്രീയ പഠനങ്ങളും അനുസരിച്ച്, കൊവിഡ് 19 രോഗികളില്‍ കണ്ടുവരുന്ന ഒരു സങ്കീര്‍ണതയാണ് ത്രോംബോസിസ് അഥവാ രക്തം കട്ടപിടിക്കുന്നത്. ഗുരുതരമായ രോഗബാധിതരായ കൊവിഡ് -19 രോഗികളില്‍ 20-30 ശതമാനം പേര്‍ക്ക് കട്ടപിടിക്കുന്നതായി നെതര്‍ലാന്‍ഡ്സില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

'വെനസ് ത്രോംബോബോളിസവുമായി' ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തടയുന്നതിന് കൊവിഡ് 19 ബാധിച്ചതായി സംശയിക്കപ്പെടുന്ന രോഗികളുടെ ക്ലിനിക്കല്‍ മാനേജുമെന്റില്‍ ലോ-മോളിക്യുലാര്‍-വെയ്റ്റ് ഹെപ്പാരിന്‍ ഉപയോഗിക്കാനും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഗവേഷണ പഠനങ്ങളൊന്നും ഇന്ത്യയില്‍ ലഭ്യമല്ലെന്ന് എല്‍എന്‍ജെപിയില്‍നിന്നുള്ള ഡോ. കുമാര്‍ വ്യക്തമാക്കുന്നു. രക്തംകട്ടപിടിക്കുന്നതു മൂലമുള്ള കൊവിഡ് 19 രോഗികളുടെ മരണം 20 ശതമാനത്തില്‍ കുറവാണ്. ഒന്നിലധികം അവയവങ്ങള്‍ തകരാറിലായ രോഗികളിലാണ് ഇതു കൂടുതല്‍ സംഭവിക്കുന്നത്.

കൊവിഡ് 19 രോഗികളില്‍ ഡോക്ടര്‍മാര്‍ ത്രോംബോസിസ് സങ്കീര്‍ണതകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഓരോ കേസും അനുസരിച്ചാണ് അതിനുള്ള ചികിത്സ (ത്രോംബോസിസ്) നല്‍കുന്നതെന്നും മാക്‌സ് ഹോസ്പിറ്റലിലെ ഡോ. ജോഷി ചൂണ്ടിക്കാട്ടുന്നു. എല്ലാ കൊറോണ കേസുകള്‍ക്കും ഒറ്റ ചികിത്സയായിരിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറയുന്നു.

അതേസമയം, കൊവിഡ് 19 രോഗികളുടെ മരണത്തിന് പ്രധാന കാരണം ത്രോംബോസിസ് ആണെന്ന് പറയുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. മാത്രമല്ല കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള ഒരേയൊരു മരുന്ന് രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്നാണെന്നും പറയാനുമാവില്ല.

ലാന്‍സെറ്റ് ലേഖനമനുസരിച്ച്, കൊറോണ വൈറസ് രോഗികളുടെ മരണത്തിന് പ്രധാന കാരണം ശ്വാസകോശ സംബന്ധമായ തകരാറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാദം 3

കൊവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ വെന്റിലേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളും ഒരിക്കലും ആവശ്യമില്ല.

വസ്തുത

എല്ലാ മുതിര്‍ന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെയും അഭിപ്രായത്തില്‍, ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖമോ ഒന്നിലധികം അവയവമോ വൃക്കസംബന്ധമായ തകരാറുകളോ ഉള്ള കൊവിഡ് -19 രോഗികളെയാണ് പലപ്പോഴും ഐസിയുവിലും വെന്റിലേറ്ററുകളിലും ചികിത്സിക്കുന്നു. എന്നാല്‍ എല്ലാ കൊറോണ വൈറസ് രോഗികള്‍ക്കും ഐസിയുവും വെന്റിലേറ്ററുകളും ആവശ്യമില്ല.

ഇറ്റലിയിലെ മിലാനിലെ സാന്‍ ഗ്യൂസെപ്പെ ഹോസ്പിറ്റലിന്റെ ന്യൂമോളജി ഓപ്പറേറ്റീവ് യൂണിറ്റ് ഡയറക്ടര്‍ സെര്‍ജിയോ ഹരാരി ഇറ്റാലിയന്‍ ദിനപത്രമായ 'കൊറിയര്‍ ഡെല്ലാ സെറ' ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് കഠിനമായ ന്യുമോണിയയും ശ്വാസകോശ സംബന്ധമായ തകരാറും മൂലമാണ് മിക്ക മരണങ്ങളുമെന്നാണ്. രോഗികളെ ഇന്‍ബ്യൂബേറ്റ് ചെയ്യരുത് എന്ന് പറയുന്നത് തീര്‍ത്തും വിഢിത്തമാണ്.

വിശ്വസനീയമല്ലാത്ത ഉറവിടം

'മീഡിയം' എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വൈറല്‍ ലേഖനം യഥാര്‍ത്ഥത്തില്‍ നൈജീരിയന്‍ ഗോസിപ്പ് വെബ്സൈറ്റായ 'എഫോഗേറ്റര്‍.കോം'ല്‍ നിന്നാണ് എടുത്തത്.

നൈജീരിയന്‍ വെബ്സൈറ്റ് കൂടുതലും അറിയപ്പെടുന്നത് ഗോസിപ്പ് സ്റ്റോറികള്‍ക്കാണ്. ഈ വെബ്സൈറ്റ്, ''ഉപയോഗ നിബന്ധനകള്‍'' എന്ന വിഭാഗത്തില്‍, ഉള്ളടക്കത്തിലെ ഏതെങ്കിലും പിശകുകളുടെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it