Sub Lead

ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും ഇന്ത്യയില്‍ നിരോധനം വന്നേക്കും!

മെയ് 25 വരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന് കേന്ദ്ര സർക്കാർ നല്‍കിയിരുന്ന സമയപരിധി.

ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും ഇന്ത്യയില്‍ നിരോധനം വന്നേക്കും!
X

ന്യൂഡൽഹി: ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും ഇന്ത്യയില്‍ നിരോധനം വന്നേക്കുമെന്ന് റിപോർട്ട്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ പൂട്ടുവീണേക്കുമെന്ന് റിപോര്‍ട്ട്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം നേരിടേണ്ടി വരുമെന്ന ആശങ്ക ഉയരുന്നത്.

മെയ് 25 വരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന് കേന്ദ്ര സർക്കാർ നല്‍കിയിരുന്ന സമയപരിധി. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ല. ഇതോടെയാണ് മെയ് 26-ാം തീയതി മുതല്‍ ഇവയ്ക്ക് വിലക്ക് ഉണ്ടായേക്കുമോയെന്ന ആശങ്കകള്‍ ഉയരുന്നത്. ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ള ഏക ആപ്ലിക്കേഷന്‍.

ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇത് പാലിക്കുന്നതിനായി മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. അധികൃതര്‍ അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി മെയ് 25-നാണ് അവസാനിക്കുന്നത്.

ഇന്ത്യയിലെ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ണായക ദിനങ്ങളാണ് വരാനിരിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ഇന്റര്‍ മീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.

കമ്പനികളുടെ തീരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ യുഎസ് ആസ്ഥാനമായ പ്ലാറ്റ്‌ഫോമുകള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ആറ് മാസം സമയം ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാ ബദ്ധമാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.

ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ കേന്ദ്ര സർക്കാരുമായും ബിജെപിയുമായും നേരത്തെ തന്നെ നിരവധി വിഷയങ്ങളിൽ സന്ധിയിലെത്തിയിരുന്നു. ബിജെപിയുടെ ജനാധിപത്യ വിരുദ്ധവും വംശീയപരവുമായ പല നിലപാടുകളും ഫേസ്ബുക്ക് അം​ഗീകരിച്ചു നൽകിയത് നിരവധി വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് വില കൽപിക്കാൻ തയ്യാറുകുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

Next Story

RELATED STORIES

Share it