Sub Lead

കൊവിഡ് വാക്‌സിനേഷനില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പ്രവാസി ലീഗല്‍ സെല്‍

വിഷയത്തില്‍ പ്രവാസി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവും കുവൈത്ത് ഹെഡുമായ ബാബു ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തേ നിവേദനം നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊവിഡ് വാക്‌സിനേഷനില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പ്രവാസി ലീഗല്‍ സെല്‍
X

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേരളാ ഹൈക്കോടതിയില്‍ ഹരജി നല്‍കി. യാത്രാ നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാനാവാതെ നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിഷയത്തില്‍ പ്രവാസി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവും കുവൈത്ത് ഹെഡുമായ ബാബു ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തേ നിവേദനം നല്‍കിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍, സാധുതയുള്ള റസിഡന്‍സ് വിസ ഉണ്ടായിട്ടും തങ്ങളുടെ ജോലികളില്‍ വിദേശത്ത് തിരികെ പ്രവേശിക്കാനാവാതെ നാട്ടില്‍ തന്നെ കഴിയേണ്ടി വരികയാണ്. മാത്രമല്ല, ചില രാജ്യങ്ങള്‍ ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അവരുടെ നാട്ടിലേക്ക് മടങ്ങി വരാന്‍ മുന്‍ഗണനയും ഒപ്പം ക്വാറന്റൈന്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് അവലംബിച്ചിട്ടുള്ള രീതിയനുസരിച്ച്, വാക്‌സിനേഷന്റെ രണ്ടു ഡോസുകളും പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. അതിനാല്‍ അടിയന്തിര സാഹചര്യം പരിഗണിച്ച് പ്രവാസികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

വാക്‌സിനേഷനില്‍ ചില പ്രത്യേക മേഖലയിലുള്ളവരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിലും പ്രവാസികളെ പരിഗണിച്ചിട്ടില്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്നും അതുവഴി പ്രവാസികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ സ്വീകരിച്ച് വിദേശത്തേക്ക് മടങ്ങാന്‍ സാഹചര്യമുണ്ടാകുമെന്നും പ്രത്യാശിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.

Expatriates should be given priority in covid vaccination; Pravasi Legal Cell with petition in High Court

Next Story

RELATED STORIES

Share it