Sub Lead

ട്രെയിന്‍ തീവയ്പ് കേസ്; മതസ്പര്‍ധയുണ്ടാക്കുന്ന വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് പോലിസ്

ട്രെയിന്‍ തീവയ്പ് കേസ്; മതസ്പര്‍ധയുണ്ടാക്കുന്ന വ്യാജപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് പോലിസ്
X

തിരുവനന്തപുരം: ട്രെയിന്‍ തീവയ്പ് കേസില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ്. കേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോഴിക്കോട് യോഗം ചേര്‍ന്നു. എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ ആര്‍പിഎഫ് ഐജി ഈശ്വരറാവു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അന്വേഷണം ഊര്‍ജിതമാണെന്ന് യോഗത്തിന് ശേഷം എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്ന നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ കാണ്‍മാനില്ലെന്ന് അവകാശപ്പെട്ട് പിതാവ് രംഗത്തെത്തി. മാര്‍ച്ച് 31 മുതല്‍ ഷാറൂഖ് ഫൈസിയെ കാണാനില്ലെന്നാണ് പിതാവ് ഫക്രുദ്ദീന്‍ സെയ്ഫിയുടെ പരാതി. ഷാറൂഖ് സെയ്ഫി കേരളത്തില്‍ പോയിട്ടില്ലെന്നും തന്റെ മകന് നന്നായി ഇംഗ്ലീഷ് അറിയില്ലെന്നും ഫക്രുദ്ദീന്‍ സെയ്ഫി സ്വകാര്യ ചാനലിനോട് പറഞ്ഞു. മകനെ കാണാനില്ലെന്നു കാണിച്ച് ഏപ്രില്‍ രണ്ടിന് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയിലെ കാര്‍പെന്റര്‍ ആണ് എലത്തൂരിലെ ട്രെയിന്‍ തീവയ്പ് സംഭവത്തിലെ പ്രതിയെന്ന രീതിയിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ഷാരൂഖ് സെയ്ഫി എന്നയാളെ കസ്റ്റഡിയിലെടുത്തതായും പ്രചാരണമുണ്ടായിരുന്നു. അതിനിടെ, ഷാരൂഖ് സെയ്ഫിയുടെ നോയ്ഡയിലെ വീട്ടില്‍ ഡല്‍ഹി പോലിസ് പരിശോധന നടത്തി.

Next Story

RELATED STORIES

Share it