Sub Lead

'സസ്‌പെന്‍ഷന്‍ കൊണ്ട് തങ്ങളെ നിശബ്ദരാക്കാനാവില്ല'; പ്രതികരണവുമായി എളമരം കരീം

സസ്‌പെന്‍ഷന്‍ കൊണ്ട് തങ്ങളെ നിശബ്ദരാക്കാനാവില്ല; പ്രതികരണവുമായി എളമരം കരീം
X
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി എളമരം കരീം. സസ്‌പെന്‍ഷന്‍ ചെയ്ത് തങ്ങളെ നിശബ്ദരാക്കാനാവില്ലെന്നും കര്‍ഷകരുടെ പോരാട്ടത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്നും എളമരം കരീം ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. കര്‍ഷക സമരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ ഊര്‍ജ്ജം പകരുമെന്നും എളമരം കരീം പറഞ്ഞു.


തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാന്‍, കെ കെ രാഗേഷ്, എളമരം കരീം ഉള്‍പ്പടെയുള്ള എട്ട് എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റെ് ചെയ്തത്. സഞ്ജയ് സിംഗ് (എഎപി), റിപുന്‍ ബോറ (കോണ്‍ഗ്രസ്), ദോല സെന്‍ (കോണ്‍ഗ്രസ്), സയ്യിദ് നാസിര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), രാജീവ് സത്വ (കോണ്‍ഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാര്‍.കര്‍ഷകബില്ല് അവതരണവേളയില്‍ ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും വോട്ടിനിടമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ അരമണിക്കൂറിലേറെ നിര്‍ത്തിവെക്കുകയും ചെയ്തു.

എളമരം കരീമിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം:

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഈ സസ്‌പെന്‍ഷന്‍ കൂടുതല്‍ ഊര്‍ജം പകരും.




Next Story

RELATED STORIES

Share it