ഇടുക്കി എസ്റ്റേറ്റ് കൊലപാതകം: വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി; അഞ്ച് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രത്യേക അന്വേഷണസംഘത്തിലെ എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍, സിവില്‍ പോലിസ് ഓഫിസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. രാജാക്കാട് എസ്‌ഐ പി ഡി അനുമോനെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇടുക്കി എസ്റ്റേറ്റ് കൊലപാതകം: വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി; അഞ്ച് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂപ്പാറ നടുപ്പാറയില്‍ ഏലത്തോട്ടം ഉടമയും തൊഴിലാളിയും കൊല്ലപ്പെട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് പോലിസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രത്യേക അന്വേഷണസംഘത്തിലെ എഎസ്‌ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍, സിവില്‍ പോലിസ് ഓഫിസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ്, രമേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. രാജാക്കാട് എസ്‌ഐ പി ഡി അനുമോനെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് ഇടുക്കി ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന്റെ അച്ചടക്കനടപടി. അന്വേഷണസംഘം പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്തുപോയതില്‍ എസ്പി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടെന്നാണ് എസ്പിയുടെ വിമര്‍ശനം. പ്രതിയുടെ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷനടക്കം പുറത്തുവന്നിരുന്നു.

വാര്‍ത്താസമ്മേളനം നടത്തി കൊലക്കേസിലെ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാനായിരുന്നു എസ്പിയുടെ തീരുമാനം. എന്നാല്‍, പ്രതിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മാധ്യമങ്ങള്‍വഴി പുറത്തായ പശ്ചാത്തലത്തില്‍ എസ്പി വാര്‍ത്താസമ്മേളനം ഒഴിവാക്കുകയും ചെയ്തിരുന്നു. ഏലത്തോട്ടം ഉടമ ജേക്കബ് വര്‍ഗീസ് (40), തൊഴിലാളിയായ മുത്തയ്യ (55) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിനെ (30) കഴിഞ്ഞദിവസമാണ് പോലിസ് അറസ്റ്റുചെയ്തത്.

RELATED STORIES

Share it
Top