Top

ജിഹാദ് ബ്രാന്‍ഡ് നിര്‍മാതാക്കളോട്

ജിഹാദ് ബ്രാന്‍ഡ് നിര്‍മാതാക്കളോട്
X

-കെഎച്ച് നാസര്‍

ജിഹാദ് പല പേരുകളില്‍ പെരുമഴ പോലെ പെയ്തിറങ്ങുകയാണ് നമ്മുടെ നാട്ടില്‍. ലൗ ജിഹാദില്‍ തുടങ്ങി ലാന്‍ഡ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിങ്ങനെയുള്ള രൂപപരിണാമങ്ങളിലൂടെ മാര്‍ക്ക് ജിഹാദിലാണ് ഇപ്പോള്‍ പുതിയ ജിഹാദ് ബ്രാന്‍ഡ് എത്തിനില്‍ക്കുന്നത്. വിശുദ്ധ സാര്‍ഥകമായ ഒരു സംജ്ഞയെ അനുചിതമായ പദചേരുവയിലൂടെ പ്രചരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം അസംബന്ധമാണ്. മുസ്‌ലിംകളെ അപരവല്‍ക്കരിക്കുന്നതിനും ഇസ്‌ലാംഭീതി പരത്തുന്നതിനും സംഘപരിവാരത്തിന്റെ അടുക്കളയില്‍ നികൃഷ്ട ബുദ്ധിയോടെ ബോധപൂര്‍വം ചുട്ടെടുത്ത പദമാണ് ഇപ്പോള്‍ കുപ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഹലാല്‍ ഫുഡിനെതിരേ സംഘപരിവാരം നടത്തിയ ഒളിപ്പോര് ക്ഷാത്രവീര്യം ചോര്‍ന്ന് വഴിയിലെവിടെയോ കാലിടറി വീണുവെങ്കിലും മറ്റു ബ്രാന്‍ഡുകള്‍, ആര്‍എസ്എസ് നടത്തുന്ന വെറുപ്പിന്റെ വ്യാപാരത്തിലെ മുഖ്യ ഇനങ്ങള്‍ തന്നെയാണ് ഇപ്പോഴും. കേരളത്തില്‍ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ വിത്തെറിയുന്ന ഈവക ജിഹാദുകളുടെയെല്ലാം വിളവെടുക്കുന്നത് അങ്ങ് ഉത്തരേന്ത്യയില്‍ സംഘപരിവാരമാണെങ്കില്‍ ഇങ്ങ് കേരളത്തില്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം ആണെന്നത് ഇന്ന് അരമന രഹസ്യമല്ല അങ്ങാടിപ്പാട്ടു തന്നെയാണ്. കാക്കിക്കളസധാരികളുടെ സൈബര്‍ കൂലിപ്പട്ടാളവും ചാനല്‍ ചര്‍ച്ചകളില്‍ അലമുറയിടുന്ന വലതുപക്ഷ നിരീക്ഷകനും ആനമുട്ട മുതല്‍ ആകാശ ഗോളങ്ങളെക്കുറിച്ചുവരെ വിദഗ്ധാഭിപ്രായം പറയുന്ന ചാനല്‍ ഡിബേറ്ററും അന്തിച്ചര്‍ച്ചകളില്‍ പലപ്പോഴും അന്തംവിട്ട് വിടുവായത്തം വിളമ്പുന്ന സംഘപരിവാര പ്രതിനിധികളുമെല്ലാം ഗബല്‍സിന്റെ അരുമ ശിഷ്യരായതുകൊണ്ട് നുണപ്രചാരണങ്ങളില്‍ നമ്മള്‍ അതിശയം കൂറേണ്ടതില്ല. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ച് നേരാക്കിയെടുക്കാനുള്ള കലാവൈഭവം കൈമുതലാക്കിയവരാണവര്‍.

പറഞ്ഞു വരുന്നത്, തരാതരം ജിഹാദ് ചേരുവകള്‍ തരംപോലെ വിദ്വേഷ വിപണിയിലിറക്കി വര്‍ഗീയ ലാഭം കൊയ്യാന്‍ ആര്‍എസ്എസ് നികൃഷ്ട നീക്കങ്ങള്‍ നടത്തുമ്പോള്‍ ലക്ഷ്യം കാണുന്നത് ഹിന്ദുത്വ ഫാഷിസത്തിന്റെ വംശീയ വിദ്വേഷ വിപത്തുകള്‍ മാത്രമല്ല, സിപിഎം ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇസ്‌ലാമോഫോബിക്കായ കുടിലതകള്‍ കൂടിയാണ് എന്നാണ്. മറ്റൊരര്‍ഥത്തില്‍, പരസ്പരം സഹായകമാവുന്ന ഒരു കൂട്ടുകച്ചവടമാണ് സംഘപരിവാരവും സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആര്‍എസ്എസ് പടച്ചുവിട്ട ലൗ ജിഹാദ് എന്ന നട്ടാല്‍ മുളയ്ക്കാത്ത നുണ ഇടതുമുന്നണിയിലെ ഘാകകക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) ന്റെ നേതാവ് ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ ഒരു തുറുപ്പുചീട്ടായി പുറത്തെടുത്തപ്പോള്‍, ബുദ്ധിപരമായ മൗനത്തിലൂടെ സിപിഎം നയിക്കുന്ന ഇടതുമുന്നണി അതിനെ തിരഞ്ഞെടുപ്പു നേട്ടത്തിനുപയോഗിച്ചത്. ജോസ് കെ മാണിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു അന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ലൗ ജിഹാദ് പ്രസ്താവനകൊണ്ടുള്ള നേട്ടം ഉറച്ച വോട്ടായെന്ന് ഉറപ്പായപ്പോള്‍ തിരുത്തിപ്പറഞ്ഞ് നല്ലപിള്ള ചമയാന്‍ സിപിഎം രംഗത്തുവന്നു. അപ്പോഴേക്കും കേരളത്തിന്റെ സാമൂഹികാന്തരീക്ഷം അവരെല്ലാം ആഗ്രഹിച്ചതരത്തില്‍ വിഷലിപ്തമായി കഴിഞ്ഞിരുന്നു. മുസ്‌ലിംകളോടുള്ള ശത്രുത സംഘപരിവാരം അതിന്റെ പ്രഖ്യാപിത നയമായി സ്വീകരിക്കുമ്പോള്‍, മുസ്‌ലിം വിരുദ്ധത തങ്ങളുടെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന തന്ത്രമാണ് സിപിഎമ്മിന്റേത്. ഒന്നല്ല, പലവട്ടം ഈ കുടില തന്ത്രം സിപിഎം കേരള രാഷ്ട്രീയത്തില്‍ പരീക്ഷിച്ചു വിജയിപ്പിച്ചതാണ്. ശരീഅത്ത് വിവാദം മുതല്‍ ലീഗിന്റെ അഞ്ചാം മന്ത്രിയും പച്ച ബ്ലൗസും പച്ച ബോര്‍ഡും വരെ സിപിഎം കാലാകാലങ്ങളില്‍ എടുത്തു പ്രയോഗിച്ചിട്ടുണ്ട്. 20 കൊല്ലം കഴിഞ്ഞ് കേരളത്തെ മുസ്‌ലിം രാജ്യമാക്കാനുള്ള പദ്ധതി നടപ്പാവുകയാണെന്ന് വി എസ് അച്യുതാനന്ദന്‍ നിരുത്തരവാദപരമായി പ്രസ്താവിച്ചത് 2010 ഒക്ടോബര്‍ 24 ന് ഡല്‍ഹിയില്‍ വച്ചായിരുന്നു. ചെറുപ്പക്കാരായ ആളുകളെയെല്ലാം പണം കൊടുത്തു സ്വാധീനിച്ചും പെണ്‍കുട്ടികളെ പ്രണയിച്ച് കല്യാണം കഴിച്ചും മുസ്‌ലിംകളെ ജനിപ്പിച്ചും മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുകയാണ് എന്നൊക്കെ കേരള മുഖ്യമന്ത്രി ആയിരിക്കെയാണ് അച്യുതാനന്ദന്‍ പറഞ്ഞതെന്നോര്‍ക്കണം. മലപ്പുറം ജില്ലയിലെ കുട്ടികള്‍ മല്‍സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നത് കോപ്പിയടിച്ചാണെന്നു വരെ ഈ വിദ്വാന്‍ മൊഴിഞ്ഞിട്ടുണ്ട്. മേല്‍ പറഞ്ഞ പ്രസ്താവനയാണ് യുപിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് യോഗി ഉപയോഗപ്പെടുത്തിയതെന്ന് അവര്‍ തന്നെ സമ്മതിക്കുമ്പോള്‍ ഈ കൂട്ടുകച്ചവടത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളൂ. അച്യുതാനന്ദന്‍ മാത്രമല്ല ഇപ്പോഴത്തെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ തുടങ്ങി നിരവധി സിപിഎം നേതാക്കള്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയത പച്ചയ്ക്കു പറഞ്ഞിട്ടുള്ളവരാണ്. അതുപോലെ മറ്റൊരു സിപിഎം നേതാവ് എളമരം കരീം ഡല്‍ഹിയിലെ സര്‍വകലാശാലകളിലേക്ക് മുസ്‌ലിം വര്‍ഗീയ വാദികള്‍ കേരളത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്നു പറഞ്ഞതിന്റെ തനിയാവര്‍ത്തനമാണ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ കിരോഡിമാര്‍ കോളജ് ഫിസിക്‌സ് വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ പറഞ്ഞ മാര്‍ക്ക് ജിഹാദ് പരാമര്‍ശവും. വര്‍ഗീയത മാത്രമല്ല ഉത്തരേന്ത്യന്‍ ഗോസായിമാര്‍ക്ക് കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള ഒരു തരം വംശീയ വിദ്വേഷവും ഇതില്‍ പ്രകടമാവുന്നുണ്ട്. സിപിഎം നേതാക്കള്‍ മലയാളത്തില്‍ പറയുന്നത് യോഗി പാണ്ഡെമാര്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാക്കി പറയുന്നു എന്ന തമാശ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരേ ഉയര്‍ത്തിക്കൊണ്ടു വരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നറിഞ്ഞിട്ടും അതിനോടു സ്വീകരിക്കുന്ന സമീപനം പോലല്ല സംഘപരിവാരത്തിനോ ക്രിസ്ത്യന്‍ സഭകള്‍ക്കോ എതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ സിപിഎമ്മും പിണറായി സര്‍ക്കാരും സമീപിച്ചിട്ടുള്ളത്. വര്‍ഗീയപരാമര്‍ശം നത്തിയ ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കില്ല, എന്നാല്‍ ആ പരാമര്‍ശത്തെ വിമര്‍ശിച്ച് ആരെങ്കിലും സംസാരിക്കുന്നതില്‍ വര്‍ഗീയത മണത്താല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളത്. ആ ആരെങ്കിലും മുസ്‌ലിംകളാണെന്നു ചിന്തിക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട, അരിഭക്ഷണം കഴിച്ചാല്‍ മതി. സഭാമേലധ്യക്ഷനന്മാരില്‍ ചിലര്‍ക്കെതിരേ ഭൂമി തട്ടിപ്പുകേസും സഭയ്ക്കുള്ളില്‍നിന്നു തന്നെ ലൈഗികാരോപണ കേസുകളും ഉയര്‍ന്നപ്പോഴോ മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങള്‍ മറ്റുസമുദായങ്ങള്‍ക്കു വീതിച്ചു കൊടുക്കാന്‍ തീരുമാനമെടുക്കുമ്പോഴോ ഒന്നും എളമരം കരീമിനോ ജോസ് കെ മാണിക്കോ മുഖ്യമന്തിക്കു തന്നെയോ ഒന്നും പറയാനുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റുകളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ജന്മശത്രുക്കളാണെന്നു പ്രഖ്യാപിച്ചിട്ടുള്ളത് സംഘപരിവാരമാണ്. ആ സംഘപരിവാരത്തെ കൂട്ടി പരസ്പര സഹായസഹകരണമുണ്ടാക്കിയ, സംസ്ഥാനഭരണത്തിനു നേതൃത്വം കൊടുക്കുന്ന, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കപ്പെടുന്ന സിപിഎം, കേസുകെട്ടുകളില്‍ കുടുങ്ങി തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായ സഭകള്‍ക്കും സഭാ മേലധ്യക്ഷന്‍മാര്‍ക്കും ചില പൊതുശീലങ്ങള്‍ ഇപ്പോള്‍ കലശലായിട്ടുണ്ട്. മൂന്നു കൂട്ടര്‍ക്കും ഇസ്‌ലാമോഫോബിയ ജലദോഷം പോലെയാണ്. ഒരാള്‍ക്കുവന്നാല്‍ മറ്റേയാള്‍ക്കും വേഗത്തില്‍ പകരും. ജലദോഷവും കൊറോണയും മാത്രമല്ല, ഇസ്‌ലാമോഫോബിയയും സമ്പര്‍ക്കത്തിലൂടെ പടരുമെന്നാണ് മനസ്സിലാക്കേണ്ടത്. പക്ഷേ, തങ്ങള്‍ മൂന്നു കൂട്ടര്‍ക്കും വരുന്ന രോഗം സമൂഹത്തിനുമൊത്തം ഉണ്ടാവണമെന്ന് ഇവര്‍ക്കുവല്ല ശാഠ്യവുമുണ്ടെങ്കില്‍ ആ വെള്ളം അങ്ങു വാങ്ങിവച്ചേക്കണം. എന്നിട്ട് അവസരം വരുമ്പോള്‍ രണ്ടുകൂട്ടരും സംഘപരിവാരത്തിന്റെ വംശീയ ദ്രംഷ്ടയ്ക്കുള്ളില്‍ കിടന്ന് പിടയണം. ഫാഷിസത്തോടു ചങ്ങാത്തത്തിനുപോയിട്ടുള്ള എല്ലാവരുടെയും ചരിത്രം അതാണ്. ഇപ്പോള്‍ ആര്‍എസ്എസ്സിന്റെ മുഖപത്രമായ പാഞ്ചജന്യ ഒരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ലോകവ്യാപകമായി ക്രിസ്ത്യന്‍ സഭകളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ നിരവധി ലൈംഗിക പീഡന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പാഞ്ചജന്യയുടെ പുതിയലക്കം ലേഖനത്തില്‍ പറയുന്നു. സഭകളില്‍ വ്യാപകമായ ലൈംഗിക ചൂഷണമാണ് നടക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പാഞ്ചജന്യ പരിതപിക്കുന്നു. കേരളത്തിലെ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകളും ചെന്നൈയിലെ മിഷനറി കോളജില്‍ യുവതിയും പീഡനത്തിനിരയായ സംഭവവും ഉദാഹരണമായി ലേഖനം ചൂണ്ടിക്കാട്ടുന്നു. ജാര്‍ഖണ്ഡിലും സമാന കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സഭയ്ക്കും പുരോഹിതന്മാര്‍ക്കുമെതിരേ അന്വേഷണം വേണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നുമാണ് പ്രസ്തുത ലേഖനത്തില്‍ പറയുന്നത്. പാലാ ബിഷപ്പിന്റെ വല്ലാത്ത ആശങ്കയുടെ പുറത്ത് ഇല്ലാത്ത ലൗജിഹാദിനെതിരേ അന്വേഷണം നടത്തി സത്യം വെളിച്ചത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞു പിന്തുണ പ്രഖ്യാപിച്ച രൂപതയ്ക്കും സഭാമുഖപത്രത്തിനും സര്‍ക്കാരിലെ ഘടകകക്ഷികള്‍ക്കും സമുദായനേതാക്കള്‍ക്കും ഒക്കെ ഇക്കാര്യത്തില്‍ പ്രതികരിക്കാവുന്നതാണ്. പാഞ്ചജന്യയിലൂടെ അല്ല ലോകവ്യാപകമായി ക്രിസ്ത്യന്‍ സഭകളിലെ ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ട് പുറത്തുവന്നത്. നിയമവിദഗ്ധരും ഡോക്ടര്‍മാരും ചരിത്രകാരന്മാരും സാമൂഹികശാസ്ത്രജ്ഞരും മതപണ്ഡിതരും അടങ്ങുന്ന, സഭതന്നെ ചുമതലപ്പെടുത്തിയ 22 അംഗ സ്വതന്ത്ര അന്വേഷണ കമ്മീഷനാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് പുറത്തുവിട്ടത്. 2018ലാണ് സമിതി അന്വേഷണം ആരംഭിച്ചത്. 1950നും 2020നും ഇടയില്‍ രണ്ടുലക്ഷത്തിലധികം കുട്ടികള്‍ സഭയ്ക്കുള്ളില്‍ വ്യാപകമായ ലൈംഗിക ചൂഷണത്തിനിരയായെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മൂവായിരത്തോളം പുരോഹിതന്മാര്‍ കുറ്റവാളികളാണെന്നും റിപോര്‍ട്ട് പറയുന്നു. ഇങ്ങനെയൊരു റിപോര്‍ട്ട് പുറത്തുവന്നുവെന്നു മാത്രമല്ല. കഠിനമായ മാനസിക വ്യഥയോടെ 'ഇരകളോട് ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ രംഗത്തു വരുകയും ചെയ്തു. ഇരകളുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനകള്‍ നേരുന്നുവെന്നും അവര്‍ പെട്ടെന്ന് തന്നെ വേദനകളില്‍നിന്നു മോചിതരായി ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും സത്യങ്ങള്‍ തുറന്നു പറയാന്‍ അവര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും മാര്‍പ്പാപ്പ പ്രതികരിച്ചതിനെക്കുറിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപോര്‍ട്ട് ചെയ്തപ്പോള്‍ ലോകം തന്നെ അമ്പരന്നതാണ്. മാര്‍പ്പാപ്പയോടൊപ്പം ഖേദം പ്രകടിപ്പിക്കാനോ തെറ്റുകള്‍ ഏറ്റുപറഞ്ഞു കുമ്പസാരിക്കാനോ മേലില്‍ തെറ്റുകള്‍ക്ക് കടുത്തനടപടി ഉണ്ടാവുമെന്നു പറയാനോ മറ്റേതെങ്കിലും രീതിയില്‍ പ്രതികരിക്കാനോ ഇന്ത്യയിലെയോ കേരളത്തിലെയോ സഭാമേലധികാരികള്‍ ശ്രമിച്ചില്ല. മാര്‍പാപ്പായുടെ ആശങ്കയും ഖേദപ്രകടനവും ഇവിടെയാരും ഇടയലേഖനമായി വായിച്ചില്ല. പകരം മിണ്ടാതിരുന്നു. തെറ്റല്ല, തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് ആത്മാവ് ശുദ്ധമാക്കുന്നതിനു പകരം പാപവും പാപബോധവും മറച്ചുവച്ച് വിശ്വാസ പ്രമാണത്തെ ലംഘിക്കുകയാണ് അവര്‍ ചെയ്തത്. പാപത്തിലൂടെയാണ് പിശാച് ആത്മാവിലും ശരീരത്തിലും ആവേശിക്കുന്നതെങ്കില്‍ സംഘപരിവാരമെന്ന പിശാച് പശ്ചാത്തപിക്കാതെ, ഏറ്റു പറയാതെ മുട്ടുകുത്തി വിലപിക്കാതെ തെറ്റു ചെയ്തസഭയെ ആ അവസരം മുതലെടുത്ത് ആവേശിച്ചു കഴിഞ്ഞു. അതാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക അന്വേഷണം. കേരളത്തിലെ സഭകളും അന്വേഷണ പരിധിയില്‍ വേണമെന്നാണ് ആവശ്യം. സംഘരിവാരത്തിന്റെ ആവശ്യത്തെ കുറിച്ചു മാത്രമല്ല, അന്താരാഷ്ട്ര അന്വേഷണസമിതിയുടെ റിപോര്‍ട്ടിനെ കുറിച്ചു മൗനം പാലിക്കുന്ന പ്രബുദ്ധകേരളത്തിലെ സഭാമേലധ്യക്ഷന്മാരുടെ നിലപാടിനെ കുറിച്ചും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. പൗരത്വത്തിന്റെ പേരിലും ന്യൂനപക്ഷമായതിന്റെ പേരിലും പശുവിന്റെ പേരിലും ദൈവങ്ങളുടെ പേരിലും ഇല്ലാത്ത ജിഹാദ് ബ്രാന്‍ഡുകളുടെ പേരിലും കാലങ്ങളായി കല്ലേറുകൊള്ളുന്ന ഇവിടുത്തെ മുസ്‌ലിംകളെ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയുക.

Next Story

RELATED STORIES

Share it