Sub Lead

എഡിസന്റെ ലഹരി സിന്‍ഡിക്കേറ്റ് യുഎസിലെ ''സില്‍ക്ക് റോഡിന്'' സമാനം

എഡിസന്റെ ലഹരി സിന്‍ഡിക്കേറ്റ് യുഎസിലെ സില്‍ക്ക് റോഡിന് സമാനം
X

കൊച്ചി: ഡാര്‍ക്ക് വെബ് അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി സിന്‍ഡിക്കേറ്റായ കെറ്റാമെലോണ്‍ സ്ഥാപിച്ച എഡിസനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂവാറ്റുപുഴ സ്വദേശിയായ എഡിസണ്‍ (35) മെക്കാനിക്കല്‍ എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ചാണ് ലഹരി വ്യാപാരത്തിലേക്ക് കടന്നത്. പിടിക്കപ്പെടുമെന്ന് തോന്നിയാല്‍ കംപ്യൂട്ടറില്‍ ഒറ്റ ക്ലിക്ക് നല്‍കിയാല്‍ വെബ്‌സൈറ്റും മറ്റു വിവരങ്ങളും ഡിലീറ്റ് ചെയ്യുന്ന സംവിധാനവും ഇയാള്‍ ഒരുക്കിയിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

യുഎസ് പൗരനായ റോസ് ഉള്‍ബ്രിച്ച് 2011ല്‍ സ്ഥാപിച്ച സില്‍ക്ക് റോഡ് എന്ന ഡാര്‍ക്ക് വെബ് ലഹരി മാര്‍ക്കറ്റിന് സമാനമായ രീതിയാണ് എഡിസണ്‍ ഉപയോഗിച്ചിരുന്നത്. ടോര്‍ നെറ്റ്‌വര്‍ക്ക്, ബിറ്റ്‌കോയ്ന്‍, ക്രിപ്‌റ്റോ കറന്‍സി എന്നിവയായിരുന്നു ഇടപാടുകള്‍ രഹസ്യമാക്കാന്‍ ഉപയോഗിച്ചിരുന്നത്. 2013ല്‍ യുഎസിലെ എഫ്ബിഐ ഈ സൈറ്റ് പൂട്ടിക്കുകയും റോസ് ഉള്‍ബ്രിച്ചിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഡ്രെഡ് പൈറേറ്റ് റോബര്‍ട്ട്‌സ് എന്ന പേരിലാണ് റോസ് ഉള്‍ബ്രിച്ച് പ്രവര്‍ത്തിച്ചിരുന്നത്. തെരുവുകളിലെ കൊക്കെയ്ന്‍ വില്‍പ്പനയില്‍ കുറവു കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് സില്‍ക്ക് റോഡ് വെബ്‌സൈറ്റ് കണ്ടെത്തിയത്. മാസങ്ങള്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് റോസിനെ അറസ്റ്റ് ചെയ്തത്.




സമാനമായ ഓപ്പറേഷനാണ് എഡിസണെ കണ്ടെത്താനും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയതെന്ന് സൂചന നല്‍കുന്നു. മെലോണ്‍ എന്ന പേരിലായിരുന്നു ഓപ്പറേഷന്‍. എഡിസന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ പോലും പകച്ചുപോയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ആറു വര്‍ഷം മുമ്പാണ് എഡിസണ്‍ ഡാര്‍ക്ക് വെബിലൂടെ അല്‍പ്പാല്‍പ്പമായി ലഹരി വില്‍പ്പന ആരംഭിച്ചത്. പിന്നീട് ആയിരം എല്‍എസ്ഡി സ്റ്റാമ്പുകള്‍ വരെ ഒറ്റയടിക്ക് വില്‍പ്പന നടത്തി. ക്രിപ്‌റ്റോകറന്‍സികളുടെ ഉറവിടവും ഇടപാടും രഹസ്യമാക്കാന്‍ പ്രത്യേക സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചു. വിപണനംചെയ്യുന്ന മയക്കുമരുന്നിന്റെ തോതും വിലയും അടിസ്ഥാനമാക്കി ഡാര്‍ക്ക്‌നെറ്റിലെ കാര്‍ട്ടലുകള്‍ക്ക് ഒരു സ്റ്റാര്‍മുതല്‍ അഞ്ചുസ്റ്റാര്‍ വരെ റേറ്റിങ് നല്‍കുന്നുണ്ട്. ഇതില്‍ ഇന്ത്യയിലെ ഏക ലെവല്‍-4 ഡാര്‍ക്ക്‌നെറ്റ് ഇടപാടുകാരനായിരുന്നു എഡിസണെന്ന് എന്‍സിബി വ്യക്തമാക്കുന്നു.

ഡോ. സ്യൂസ് എന്ന ഗാമ്മ ഗോബ്ലിന്റെ അന്താരാഷ്ട്ര ലഹരിസംഘവുമായി എഡിസന് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം എല്‍എസ്ഡി സ്റ്റാമ്പുകള്‍ വിതരണം ചെയ്യുന്നത് ഡോ. സ്യൂസ് ആണ്. എഡിസന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 131.66 കിലോഗ്രാം കെറ്റാമിന്‍, 1,127 എല്‍എസ്ഡി സ്റ്റാംപുകള്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ ക്രിപ്റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it