Sub Lead

പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നോട്ടീസ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘടനയെ അടിച്ചമര്‍ത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്. ആര്‍എസ്എസിനും ബിജെപിക്കുമെതിരായ നിലപാട് ശക്തമായി തന്നെ തുടരും.

പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ സമന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബുധനാഴ്ച ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന സമരങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഭാരവാഹികള്‍ക്ക് സമന്‍സ് അയച്ചതെന്നാണ് പിടിഐ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, സാമ്പത്തിക സഹായം ചെയ്‌തെന്ന ആരോപണം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിഷേധിച്ചിരുന്നു.

പോപുലര്‍ ഫ്രണ്ടിനെതിരേ 2018ലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കുന്നുണ്ട്. റിഹാബ് ഇന്ത്യയുടെ അക്കൗണ്ടുകളിലേക്ക് ദുബയില്‍ നിന്ന് 20 ലക്ഷം രൂപ നിക്ഷേപിച്ചെന്ന് കണ്ടെത്തിയതായാണ് ഇഡി അധികൃതരെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ പറയുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളോടും റിഹാബ് ഇന്ത്യാ ഫൗണ്ടേഷനോടും ബുധനാഴ്ച കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നോട്ടീസ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘടനയെ അടിച്ചമര്‍ത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്. ആര്‍എസ്എസിനും ബിജെപിക്കുമെതിരായ നിലപാട് ശക്തമായി തന്നെ തുടരും. സംഘടനയുടെ നിലപാടും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടങ്ങളും കാരണമാണ് ഇത്തരമൊരു രാഷ്ട്രീയ വേട്ടയാടലെന്ന് ഇന്ത്യയിലെ സത്യസന്ധരായ എല്ലാ പൗരന്മാരും കൂട്ടായ്മകളും കാണുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ജനവിരുദ്ധ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ശക്തി പ്രാപിക്കുന്നത് തിരിച്ചറിഞ്ഞാണ് സംഘടനയെ ഇല്ലാതാക്കാന്‍ വേണ്ടി വൃത്തികെട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയെ പ്രതിസന്ധിയിലാക്കിയ ബഹുജന പ്രക്ഷോഭത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഒരു ബലിയാടാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it