Sub Lead

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇവിഎം- വിവിപാറ്റ് കണക്കുകളിലെ പൊരുത്തക്കേട്; അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു

സുപ്രിംകോടതി ഉത്തരവ് പ്രകാരം ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ യന്ത്രങ്ങളും വിവിപാറ്റും ഒത്തുനോക്കിയപ്പോഴാണ് എട്ടെണ്ണത്തിലെ കണക്കുകള്‍ ശരിയല്ലെന്ന് ബോധ്യമായത്. ആകെ 1.25 കോടി വോട്ടുകള്‍ എണ്ണിയപ്പോള്‍ 51 വോട്ടുകളിലാണ് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈ സാഹചര്യത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ച് ഇതെക്കുറിച്ച് പരിശോധിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്:   ഇവിഎം- വിവിപാറ്റ് കണക്കുകളിലെ പൊരുത്തക്കേട്; അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റ് സ്ലിപ്പുകളിലെയും വോട്ടിന്റെ കണക്കില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. സുപ്രിംകോടതി ഉത്തരവ് പ്രകാരം ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ യന്ത്രങ്ങളും വിവിപാറ്റും ഒത്തുനോക്കിയപ്പോഴാണ് എട്ടെണ്ണത്തിലെ കണക്കുകള്‍ ശരിയല്ലെന്ന് ബോധ്യമായത്. ആകെ 1.25 കോടി വോട്ടുകള്‍ എണ്ണിയപ്പോള്‍ 51 വോട്ടുകളിലാണ് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈ സാഹചര്യത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ച് ഇതെക്കുറിച്ച് പരിശോധിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

മണിപ്പൂരുമായി ബന്ധപ്പെട്ട ഒരു കേസില്‍ തിരഞ്ഞെടുപ്പ് ഹരജി നല്‍കിയിട്ടുള്ളതിനാല്‍ അവിടെ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പൊരുത്തക്കേടുകള്‍ വിശകലനം ചെയ്യുന്നതിന് 10 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, എട്ടുകേസുകളിലുമായി കണ്ടെത്തിയ പൊരുത്തക്കേടുകള്‍ വെറും 0.0004 ശതമാനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വിവിപാറ്റ് സ്ലിപ്പുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ എണ്ണവും പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ സാങ്കേതികമോ മാനുഷികമോ പിശകുകളുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മെയ് 21ന് പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയിരുന്നു. പോളിങ് ബൂത്തുകളില്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ മോക് പോളിങ് നടത്തുന്നതിലും വിവിപാറ്റ് സ്ലിപ്പുകള്‍ ഒത്തുനോക്കുന്നതിലുമുണ്ടായ മാനുഷികമായ പിഴവുകളാവാമുണ്ടായിരിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി വിവിപാറ്റ് സംവിധാനം നടപ്പാക്കിയപ്പോള്‍തന്നെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ വിവിപാറ്റ് എണ്ണമായിരിക്കും അന്തിമമായി കണക്കാക്കുക. ഹിമാചല്‍ പ്രദേശ് ഷിംല പാര്‍ലമെന്ററി മണ്ഡലത്തിലെ ശ്രീ രേണുകാജി നിയമസഭാ മണ്ഡലത്തില്‍ ഒരു വിവിപാറ്റ് സ്ലിപ്പിന്റെ കുറവും മണിപ്പൂര്‍ പാര്‍ലമെന്ററി മണ്ഡലത്തിലെ ക്ഷേത്രിഗാവോ നിയമസഭാ മണ്ഡലത്തില്‍ ഒരു സ്ലിപ്പ് അധികമായും പരിശോധനയില്‍ കണ്ടെത്തി.

ചിറ്റോരാഗ് പാര്‍ലമെന്ററി മണ്ഡലത്തിലെ ബേഗണ്‍ നിയമസഭാ മണ്ഡലത്തിലും രാജസ്ഥാനിലെ പാലി ലോക്‌സഭാ മണ്ഡലത്തിലെ ഓഷ്യന്‍ നിയമസഭാ മണ്ഡലത്തിലും ഒരോ സ്ലിപ്പ് വീതം അധികമായും കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ രാജാംപേട്ട് ലോക്‌സഭാ മണ്ഡലത്തിലെ കോദൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ഏഴ് അധികസ്ലിപ്പുകളും മേഘാലയയിലെ ഷില്ലോങ് ലോക്‌സഭാ മണ്ഡലത്തിലെ പൈനൂര്‍സ്ല, നോങ്ക്രിം നിയമസഭാ മണ്ഡലങ്ങളിലും യഥാക്രമം 4, 34 സ്ലിപ്പുകളുടെ കുറവ് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it