Football

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ ഗോള്‍മഴ; ന്യൂകാസിലിനെ തകര്‍ത്തെറിഞ്ഞു

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ ഗോള്‍മഴ; ന്യൂകാസിലിനെ തകര്‍ത്തെറിഞ്ഞു
X

ക്യാംപ് നൗ: യൂറോപ്യന്‍ വമ്പന്മാരുടെ പോരാട്ടവീര്യം സാക്ഷ്യം വഹിച്ച രാത്രിയില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് ഏകദേശമായി പൂര്‍ത്തിയായി. ഗോളടിമേളവുമായി ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും ആധിപത്യം ഉറപ്പിച്ചപ്പോള്‍, ആദ്യ പാദത്തിലെ തോല്‍വിക്ക് പകരം വീട്ടി ലിവര്‍പൂളും അവസാന എട്ടില്‍ ഇടംപിടിച്ചു.

ക്യാംപ് നൗവില്‍ നടന്ന രണ്ടാം പാദ മല്‍സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ ക്വാര്‍ട്ടറിലെത്തി. ഇരുപാദങ്ങളിലുമായി 8-3 എന്ന സ്‌കോറിനാണ് സ്പാനിഷ് കരുത്തരുടെ വിജയം. റഫിഞ്ഞ, ലെവന്‍ഡോവ്സ്‌കി എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഫെര്‍മിന്‍ ലോപ്പസ്, മാര്‍ക്ക് ബെര്‍ണല്‍, ലാമിന്‍ യമാല്‍ എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. ന്യൂകാസിലിനായി ആന്തണി ഇലങ്ക രണ്ട് ഗോളുകള്‍ മടക്കി. ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡാണ് ബാഴ്സയുടെ എതിരാളികള്‍.

ആദ്യ പാദത്തിലെ 1-0 എന്ന തോല്‍വിക്ക് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ മറുപടി നല്‍കിയത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്. ഡൊമിനിക് സോബോസ്ലായ്, ഹ്യൂഗോ എക്കിറ്റിക്കെ, റയാന്‍ ഗ്രാവന്‍ബര്‍ച്ച് എന്നിവര്‍ക്ക് പുറമെ സൂപ്പര്‍ താരം മുഹമ്മദ് സലായും ഗോള്‍ നേടി. ചാംപ്യന്‍സ് ലീഗില്‍ സലായുടെ 50-ാം ഗോള്‍ എന്ന നേട്ടത്തിനും ആന്‍ഫീല്‍ഡ് സാക്ഷിയായി. ക്വാര്‍ട്ടറില്‍ കരുത്തരായ പി.എസ്.ജി ആണ് ലിവര്‍പൂളിന്റെ എതിരാളികള്‍. എന്നാല്‍ മല്‍സരത്തിനിടെ പരിക്കേറ്റ സലാ പുറത്തുപോയത് ലിവര്‍പൂള്‍ ആരാധകര്‍ക്ക് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇറ്റാലിയന്‍ ക്ലബ്ബ് അറ്റലാന്റയെ 4-1 ന് പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക്കും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 10-2 എന്ന കൂറ്റന്‍ സ്‌കോറിനാണ് ബയേണിന്റെ മുന്നേറ്റം. ഹാരി കെയ്ന്‍ ഇരട്ട ഗോളുകള്‍ നേടിയ മല്‍സരത്തില്‍ ലൂയിസ് ഡയസ്, ലെനാര്‍ട്ട് കാള്‍ എന്നിവരും സ്‌കോര്‍ ചെയ്തു. ക്വാര്‍ട്ടറില്‍ സ്പാനിഷ് ഇതിഹാസങ്ങളായ റയല്‍ മാഡ്രിഡിനെയാണ് ബയേണ്‍ നേരിടുക.

ലണ്ടനില്‍ നടന്ന രണ്ടാം പാദത്തില്‍ ടോട്ടനമിനോട് 3-2 ന് തോറ്റെങ്കിലും, അഗ്രഗേറ്റ് സ്‌കോറില്‍ 7-5 ന് മുന്നിലെത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ഡീഗോ സിമിയോണിക്ക് കീഴില്‍ എട്ടാം തവണയാണ് അത്ലറ്റിക്കോ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്നത്. ഹൂലിയന്‍ അല്‍വാരസ്, ഡേവിഡ് ഹാങ്കോ എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി വലകുലുക്കിയത്.





Next Story

RELATED STORIES

Share it