Sub Lead

2ഡിജി കൊവിഡ് മരുന്ന് വന്‍ തോതില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളെ തേടി ഡിആര്‍ഡിഒ

താത്പര്യമുള്ള ഇന്ത്യയിലെ മരുന്ന് നിര്‍മാണ കമ്പനികള്‍ ജൂണ്‍ 17ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

2ഡിജി കൊവിഡ് മരുന്ന് വന്‍ തോതില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളെ തേടി ഡിആര്‍ഡിഒ
X

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച 2ഡിജി മരുന്നിന്റെ വന്‍ തോതിലുള്ള ഉത്പാദനത്തിനായി കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഇന്ത്യയിലെ മരുന്ന് നിര്‍മാണ കമ്പനികള്‍ ജൂണ്‍ 17ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

ഡിആര്‍ഡിഒയുടെ ഉപസ്ഥാപനമായ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലയഡ് സയന്‍സസും സ്വകാര്യ സ്ഥാപനമായ ഡോ റെഡ്ഡീസ് ലബോറട്ടീസും ചേര്‍ന്നാണ് 2ഡിജി വികസിപ്പിച്ചത്. വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നാണിത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നല്‍കാനും അനുബന്ധ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2ഡിജി സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

വലിയ തോതില്‍ മരുന്ന് ഉത്പാദിപ്പിക്കാനായി 15 കമ്പനികള്‍ക്കാണ് അനുമതി നല്‍കുക. ലഭിക്കുന്ന അപേക്ഷകള്‍ ടെക്‌നിക്കല്‍ അസെസ്‌മെന്റ് കമ്മിറ്റി പരിശോധിക്കും. മാസം 2000 കിലോഗ്രാം നിര്‍മാണ ശേഷിയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മരുന്ന് വിപണിയിലേക്ക് എത്തിക്കാനും കമ്പനികള്‍ക്ക് സാധിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിലക്ക് നേരിടുന്ന മരുന്ന് കമ്പനികള്‍ അപേക്ഷിക്കേണ്ടതില്ലെന്നും ഡിആര്‍ഡിഒ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it