Sub Lead

ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന്‍ പ്രഖ്യാപനം ജൂണ്‍ 25ന്

ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന്‍ പ്രഖ്യാപനം ജൂണ്‍ 25ന്
X

തിരൂര്‍: ആഗോള ഇസ്‌ലാമിക പണ്ഡിതനും പ്രശസ്ത ഖുര്‍ആന്‍ വിവര്‍ത്തകനുമായിരുന്ന പറവണ്ണയിലെ ഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ധീന്‍ അസ്ഹരിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ജൂണ്‍ 25 ബുധനാഴ്ച പറവണ്ണ അരിക്കാന്‍ചിറ ഇനായത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ വി എച്ച് അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, ഡോ. അബ്ദുറഹിമാന്‍ ആദൃശേരി, വി എസ്. സെയ്തു മുഹമ്മദ് ഐആര്‍എസ്, അഡ്വ. ഹംസ മലപ്പുറം, എ പി നിസാം, കെ കെ ഹൈദ്രോസ്, സി എസ് ഇബ്രാഹിംകുട്ടി, സി പി ബാസിത് ഹുദവി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. പ്രഗല്‍ഭ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനും ആയിരുന്ന കെ പി എ മുഹിയിദ്ദീന്‍കുട്ടി മൗലവിയുടെ മൂന്നാമത്തെ മകനായി പറവണ്ണയിലാണ് ഡോ. ബഷീര്‍ അഹമ്മദ് ജനിച്ചത്. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്നും ദയുബന്ത് ദാറുല്‍ ഉലൂമില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ ശേഷം ഈജിപ്തിലെ ലോകപ്രശസ്തമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും തുടര്‍ന്ന് കെയ്‌റോ യൂണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കി. ശേഷം സൗദി അറേബ്യയിലെ ദാറുല്‍ ഇഫ്തയുടെ ഇസ്‌ലാമിക പ്രബോധകനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

1970 കളില്‍ ലോകത്താകെ ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ടായിരുന്ന ഖുര്‍ആന്‍ പരിഭാഷകള്‍ പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ച് ഇംഗ്ലീഷില്‍ പുതിയതായി ഒരു ഖുര്‍ആന്‍ വിവര്‍ത്തനം എഴുതുക എന്ന വലിയ ദൗത്യമാണ് ദാറുല്‍ ഇഫ്ത അദ്ദേഹത്തെ ഏല്‍പ്പിച്ചത്. അതിന്റെ ഫലമായിരുന്നു ഇന്നും ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന ഡോ.ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ 'ഖുര്‍ആന്‍: ദി ലീവിങ് ട്രൂത്ത് ' എന്ന പ്രശസ്തമായ ഇംഗ്ലീഷ് പരിഭാഷ. ആഗോളതലത്തില്‍ ഏറെ അംഗീകരിക്കപ്പെട്ടതാണ് ഈ ഇംഗ്ലീഷ് പരിഭാഷ.

നാല് ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്ത ലോക ചരിത്രത്തിലെ തന്നെ ഏക വ്യക്തിത്വമാണ് ഡോ.ബഷീര്‍ അഹമ്മദ്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പത്തു കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയായ ഹൗസയിലേയ്ക്കും മറ്റൊരു ആഫ്രിക്കന്‍ ഭാഷയായ യോര്‍ബിയിലേയ്ക്കും സെനഗലിലെയും മാലിദ്വീപിലെയും ഭാഷയായ ബുംബ്രായിലേയ്ക്കും അദ്ദേഹം ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഇംഗ്ലീഷ് പരിഭാഷ.

ലോകപ്രശസ്തരായ നിരവധി വ്യക്തിത്വങ്ങള്‍ ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരിയുടെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. ഇറാഖ് മുന്‍ പ്രസിഡണ്ട് സദ്ദാം ഹുസൈന്‍, മാലിയിലെ മുന്‍ പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യും, മലേഷ്യയിലെ മന്ത്രി ഹസ്സന്‍ നൂര്‍, ബ്രൂണെയിലെ മന്ത്രിയായിരുന്ന യഹിയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഡോ. മുഹിയിദ്ദീന്‍ ആലുവായി എന്നിവരൊക്കെ അവരില്‍ ചിലരാണ്. പല വിദേശ രാജ്യങ്ങളിലെയും രാഷ്ട്രീയ-മത മേഖലകളിലെ നേതാക്കളും അദ്ധേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് രാജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി അദ്ധേഹത്തിന്റെ സേവനം അന്തര്‍ദേശീയ തലത്തില്‍ പ്രയോജനപ്പെടുത്താനും ശ്രമിച്ചിരുന്നു. സമസ്തയുടെ യുവജന സംഘടനയായ എസ്‌വൈഎസിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയും അദ്ദേഹമായിരുന്നു.

ഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന്റെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടക്കും. സമ്മേളനത്തിനു മുന്നോടിയായി ഇനായത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബഷീര്‍ അഹമ്മദിന്റെ കുടുംബമായ കുന്നത്തകത്ത് പുതിയില്‍ കുടുംബാംഗങ്ങളുടെ സംഗമവും നടക്കും. ആദ്യമായാണ് പറവണ്ണയില്‍ ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ധീന്‍ അസ്ഹരിയുടെ പേരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതത്.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ പി അബ്ദുല്‍ ഗഫാര്‍ മൗലവി, വൈസ് ചെയര്‍മാന്‍മാരായ ഖാജാ മുഹീയിദ്ദീന്‍, പാലക്കാവളപ്പില്‍ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ വി എം മുസ്തഫ, ട്രഷറര്‍ റഹ്‌മത്ത് ദാറുസ്സലാം, സെക്രട്ടറി കെ പി താഹിര്‍ അലി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ പി ഒ റഹ്‌മത്തുല്ല എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it