Big stories

കേരളത്തെ ഭീകരവല്‍ക്കരിക്കാന്‍ അനുവദിക്കരുത്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

കേരളത്തെ ഭീകരവല്‍ക്കരിക്കാന്‍ അനുവദിക്കരുത്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കൊല്ലം: കേരളത്തെ ഭീകരവല്‍ക്കരിക്കാന്‍ അനുവദിക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമാണ് കളമശ്ശേരിയില്‍ നടന്നത്. കളമശ്ശേരി സ്‌ഫോടനത്തില്‍ കാസയുടെ ബന്ധവും ഇടപെടലും അന്വേഷിക്കണം. മുസ് ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ കേരളത്തില്‍ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ കഴിയൂ എന്ന കണ്ടെത്തലാണ് കാസയുടെ രൂപീകരണത്തിലൂടെ ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുന്നത്.

സ്‌ഫോടനത്തേക്കാള്‍ ഭീകരമായ തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളും മുന്‍വിധിയോടെയുള്ള സമീപനങ്ങളുമാണ് ചില മാധ്യമങ്ങളും പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും അനുവര്‍ത്തിച്ചത്. സംഘപരിവാര അജണ്ടകള്‍ നടപ്പാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന പല പ്രമുഖരെയും തുറന്നുകാണിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍. സ്‌ഫോടനം നടന്നു നിമിഷങ്ങള്‍ക്കകം മുസ് ലിം ചെറുപ്പക്കാരെ അന്വേഷിച്ചെത്തിയ പോലിസ് സംഘവും തൊപ്പി വച്ചയാളെ സംശയിച്ച് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തവരും അത് ബ്രേക്കിങ് ന്യൂസായി കൊടുത്തവരും ആഗോള വിഷയമായ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷമായി ബന്ധപ്പെടുത്തി ചര്‍ച്ച തുടങ്ങിയവരും ഒരേ മാനസികാവസ്ഥയാണ് പ്രകടമാക്കിയത്. സ്‌ഫോടന ശബ്ദം കേട്ടാല്‍ ഉടന്‍ ഒരു സമുദായത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തരത്തിലുള്ള മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ രാജ്യത്ത് നടന്ന അസംഖ്യം സ്‌ഫോടനങ്ങളുടെ ചരിത്രമെടുത്താല്‍ അതെല്ലാം ആര്‍എസ്എസ്സും അനുബന്ധ സംഘടനകളും നടത്തിയതാണെന്ന് സത്യസന്ധമായ അന്വേഷണ സംഘങ്ങള്‍ കണ്ടത്തിയതാണ്. പല സംഭവങ്ങളിലും മുന്‍വിധിയോടെ നിരപരാധികളെ വേട്ടയാടുകയും പിന്നീട് വര്‍ഷങ്ങളുടെ തടവറ ജീവിതത്തിനു ശേഷം അവരെ കുറ്റവിമുക്തരാക്കി യഥാര്‍ഥ കുറ്റവാളികളിലേക്ക് അന്വേഷണം എത്തുകയും ചെയതത് നമ്മുടെ മുമ്പിലുണ്ട്. പേര്, സമുദായം, ജീവിക്കുന്ന പ്രദേശം എന്നിവ ഭീകരവല്‍ക്കരിക്കുന്നതിന് മാനദണ്ഡമാക്കപ്പെടുന്നത് അപകടകരമാണ്. അത് രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര അജണ്ടകള്‍ക്ക് ഗതിവേഗം കൂട്ടും. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ പക്ഷപാത രഹിതമായ നിയമനടപടി ഉണ്ടാവണം. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്ന ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാത്രമ കട്ടപ്പന സ്വദേശിയെ 15 ദിവസം ജയിലിലടച്ച കേരളത്തിലാണ് വലിയ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ സൈ്വര്യവിഹാരം ചെയ്യുന്നത്. ഒരു സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി യഥാര്‍ഥ ഭീകരരെ വെള്ളപൂശാനുള്ള ശ്രമം അപലപനീയമാണെന്നും അത് സൈ്വര്യജീവിതത്തിനു ഭീഷണിയാണെന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ സൗഹൃദ കേരളം എന്ന തലക്കെട്ടില്‍ കേരളപ്പിറവി ദിനത്തില്‍ മണ്ഡലംതലങ്ങളില്‍ സായാഹ്ന സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it