Sub Lead

നോമ്പുതുറക്കാന്‍ പാല്‍ വാങ്ങിവരുന്നതിനിടെ യുവ ഡോക്ടറെ തല്ലിച്ചതച്ചു

അവര്‍ എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് അറിയില്ലെന്നും അവരില്‍ ചിലര്‍ നീ മുസ്‌ലിമല്ലേ, വേഗം സ്ഥലം വിട്ടോളൂ, അല്ലെങ്കില്‍ കലാപമുണ്ടാവുമെന്നും പറഞ്ഞിരുന്നതായി ഡോ. നൂറുല്‍ പോലിസിനോടു പറഞ്ഞു

നോമ്പുതുറക്കാന്‍ പാല്‍ വാങ്ങിവരുന്നതിനിടെ യുവ ഡോക്ടറെ തല്ലിച്ചതച്ചു
X

ഗുഡ്ഗാവ്: നോമ്പുതുറക്കാന്‍ വേണ്ടി പാല്‍ വാങ്ങിവരികയായിരുന്ന യുവ ഡോക്ടറെ മുസ്‌ലിംകള്‍ സ്ഥലം വിട്ടോളൂ എന്ന് ആക്രോശിച്ച് ഒരുസംഘം തല്ലിച്ചതച്ചു. ഹരിയാനയിലെ ഗുഡ്ഗാവിനു സമീപം ആര്‍ദീ സിറ്റിയില്‍ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഉത്തരാഖണ്ഡ് സ്വദേശിയും വസിറാബാദ് വില്ലേജിലെ സെക്ടര്‍ 52ലെ താമസക്കാരനുമായ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോ. നൂറുലിനെയാണ് ക്രൂരമായി ആക്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹം തന്റെ ബലേനോ കാറില്‍ ഇനോമ്പുതുറക്കാനായി പാല്‍ വാങ്ങി വരികയായിരുന്നു. പൊടുന്നനെ വെള്ള ഫോര്‍ച്യൂണര്‍ കാറിലെത്തിയ രണ്ടംഗ സംഘം ഒരു കാരണവുമില്ലാതെ അസഭ്യം പറയുകയായിരുന്നു. റോങ് സൈഡിലാണു വാഹനമുള്ളതെന്നു പറഞ്ഞപ്പോള്‍ 8, 9 പേരെ കൂടി കൂടെ വിളിച്ചുവരുത്തി വടി കൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലിസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ചു. അല്‍പസമയം കഴിഞ്ഞ് പോലിസെത്തിയാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. 30കാരനായ ഡോക്ടര്‍ക്കു തലയ്ക്കും കണ്ണിനും മുഖത്തും കാലുകള്‍ക്കുമെല്ലാം പരിക്കേറ്റിട്ടുണ്ട്. അവര്‍ എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് അറിയില്ലെന്നും അവരില്‍ ചിലര്‍ നീ മുസ്‌ലിമല്ലേ, വേഗം സ്ഥലം വിട്ടോളൂ, അല്ലെങ്കില്‍ കലാപമുണ്ടാവുമെന്നും പറഞ്ഞിരുന്നതായി ഡോ. നൂറുല്‍ പോലിസിനോടു പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോ. നൂറുല്‍ പോലിസിനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേ കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, മുറിവേല്‍പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. നേരത്തേ, ഹോളി ദിനത്തില്‍ മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുസ്‌ലിം കുടുംബത്തെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ചു കടന്ന് സ്ത്രീകളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ച സംഭവവും ഹരിയാനയില്‍ ഉണ്ടായിരുന്നു. ഹരിയാനയില്‍ ഈയിടെയായി മുസ്‌ലിംകള്‍ക്കെതിരേ ആള്‍ക്കൂട്ടം ചമഞ്ഞുള്ള ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.


Next Story

RELATED STORIES

Share it