Sub Lead

കോടിക്കണക്കിന് രൂപ കെട്ടിവച്ച് കേരളത്തില്‍ വരുന്നില്ല; സുപ്രിംകോടതി നിലപാടില്‍ പ്രതികരണവുമായി മഅ്ദനി

കോടിക്കണക്കിന് രൂപ കെട്ടിവച്ച് കേരളത്തില്‍ വരുന്നില്ല;  സുപ്രിംകോടതി നിലപാടില്‍ പ്രതികരണവുമായി മഅ്ദനി
X
ബെംഗളൂരു: കേരളത്തിലേക്ക് വരാന്‍ 60 ലക്ഷം രൂപ മുന്‍കൂറായി കെട്ടിവയ്ക്കണമെന്ന കര്‍ണാടക പോലിസിന്റെ ആവശ്യം അംഗീകരിച്ച സുപ്രിംകോടതി നിലപാടില്‍ പ്രതികരണവുമായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. 200 പോലിസുകാരുടെ അകമ്പടിയോടെ കോടിക്കണക്കിന് രൂപ കെട്ടിവച്ച് കേരളത്തില്‍ വരുന്നില്ല എന്നതാണ് എന്റെ തീരുമാനമെന്ന് അദ്ദേഹം ശബ്ദസന്ദേശത്തില്‍ അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് വന്നയുടന്‍ എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ വിളിച്ചുകൊണ്ടും മെസ്സേജ് അയച്ചുകൊണ്ടും ഭൂമിയും വാഹനങ്ങളും വിറ്റ് കൊണ്ട് എനിക്ക് കേരളത്തില്‍ വരാനുള്ള പണം തരാമെന്ന് അറിയിച്ചു. അങ്ങനെ എനിക്ക് വരാനുള്ള പണം കിട്ടുമെന്നും എനിക്ക് അറിയാം. അവശനായി കഴിയുന്ന എന്റെ പിതാവിനെ കാണാന്‍ അതിയായ ആഗ്രഹമുണ്ട്. എനിക്ക് വരുന്ന സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള അസുഖത്തിന്ന് മികച്ച ചികില്‍സയെടുക്കണം എന്നുണ്ട്. എന്നാല്‍ ഇരു നൂറു പോലിസുകാരുടെ അകമ്പടിയോടെ കോടിക്കണക്കിന് രൂപ കെട്ടിവച്ച് കേരളത്തില്‍ വരുന്നില്ല എന്നതാണ് എന്റെ തീരുമാനം. എനിക്ക് പണം തരാനും സഹായിക്കാനും നിങ്ങളൊക്കെ ഉണ്ട്. എന്നാല്‍ കര്‍ണാടക ജയിലില്‍ അടക്കം തീര്‍ത്തും നിരപരാധികളായി കഴിയുന്ന ആയിരക്കണക്കിന് പാവങ്ങളെ എനിക്ക് നേരിട്ടറിയാം. നാളെ അവര്‍ക്ക് ഇങ്ങനെ ഒരാവശ്യം വന്നാല്‍ അത് കെട്ടിവയ്ക്കാനുള്ള അവസ്ഥ അവര്‍ക്കില്ല. അവര്‍ക്ക് പണം നല്‍കാനും ആരും കാണില്ല. അതുകൊണ്ട് തന്നെ ഈ വിധി അംഗീകരിച്ചു ഞാന്‍ കേരളത്തിലേക്ക് വന്നാല്‍ അത് കേട്ടുകേള്‍വിയില്ലാത്ത ഒരു കീഴ് വഴക്കം സൃഷിടിക്കുന്നതിന്ന് കാരണമായിത്തിരും. അത് ഞാന്‍ മുകളില്‍ പറഞ്ഞ പാവങ്ങളായ നിരപരാധികളോട് ചെയ്യുന്ന ക്രൂരതയും അനീതിയും ആവും. അതുകൊണ്ട് അവരില്‍ ഒരാളായി തന്നെയാണ് ഞാന്‍ എന്നെ കാണുന്നത്. അധികാരി വര്‍ഗത്തോട് സന്ധി ചെയ്തിരുന്നുവെങ്കില്‍ എനിക്ക് ഈ നീതി നിഷേധങ്ങള്‍ ഒന്നും ഒരിക്കലും വരില്ലായിരുന്നു എന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ട് ഇനിയും ഞാന്‍ സന്ധി ചെയ്യില്ല. തെറ്റായ ഒരു കീഴ് വഴക്കം സൃഷ്ടിച്ച വ്യക്തി എന്ന് ചരിത്രത്തില്‍ എന്റെ പേര് വരുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതിനോടൊക്കെ സന്ധിയാവാതെ ഇരുന്നാല്‍, കൂടിയാല്‍ സംഭവിക്കുന്നത് മരണമാണ്. അനീതിയോട് സന്ധി ചെയ്യാത്തവനായി മരിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ അറിയപ്പെടാനാണ് ഇഷ്ടം. അതുകൊണ്ട് തന്നെ ഈ വിധിയെ നിയമപരമായി എങ്ങനെയെങ്കിലും നേരിടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് വക്കീലന്മാരോട് ഞാന്‍ ആരായും. അല്ലാത്ത വശം എന്റെ ഉറച്ച നിലപാട് ഇത് തന്നെ ആയിരിക്കുമെന്നും മഅ്ദനി ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കി.

സുപ്രിംകോടതി അനുവദിച്ച ജാമ്യ ഇളവ് പ്രകാരം കേരളത്തില്‍ പോവുമ്പോള്‍ അകമ്പടി പോകുന്ന പോലിസുകാരുടെ ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹരജി ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.


Next Story

RELATED STORIES

Share it