Sub Lead

എറണാകുളത്തെ നിപാ ബാധ നിഷേധിച്ച് മന്ത്രിയും

നേരത്തേ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും വാര്‍ത്ത നിഷേധിച്ചിരുന്നു.

എറണാകുളത്തെ നിപാ ബാധ നിഷേധിച്ച് മന്ത്രിയും
X

തിരുവനന്തപുരം: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെന്ന വിവരം തെറ്റാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും സ്ഥിരീകരിച്ചു. നേരത്തേ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും വാര്‍ത്ത നിഷേധിച്ചിരുന്നു. നിലവില്‍ രോഗിയുടെ സാംപിള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. രോഗിക്ക് പ്രാഥമിക പരിശോധനയില്‍ 'നിപ' ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഈ വിവരം അറിഞ്ഞ ഉടന്‍ തന്നെ ഡോക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ഐസൊലേഷന്‍ സംവിധാനം ഒരുക്കുകയും ചെയ്തതാണ്. ഇത് രോഗലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങളാണ്. പക്ഷേ, ഇതുവരെ വന്ന എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗിക്ക് നിപ ആവാന്‍ വിദൂരസാധ്യത മാത്രമാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിലവില്‍ നിപ വരാന്‍ സാധ്യതയുള്ള സീസണ്‍ കഴിയാറായത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ആസ്േ്രതലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം, എറണാകുളം ജില്ലയില്‍ 'നിപ' വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും അറിയിച്ചു. പനി ബാധിതരായി എത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പനിയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാള്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it