Sub Lead

മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം:ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിന് കത്തെഴുതി 13 മുതിര്‍ന്ന അഭിഭാഷകര്‍

ശേഖര്‍ കുമാര്‍ യാദവിന് ആര്‍എസ്എസുമായും ബിജെപിയുമായും അടുത്തബന്ധമാണുള്ളതെന്നും ജഡ്ജിയായി നിയമിക്കരുതെന്നും മുന്‍ ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നതായും കത്ത് ചൂണ്ടിക്കാട്ടി.

മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം:ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിന് കത്തെഴുതി 13 മുതിര്‍ന്ന അഭിഭാഷകര്‍
X

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 13 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് കത്തെഴുതി. ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശങ്ങളുടെ ഗുരുതരസ്വഭാവം പരിഗണിച്ച് കേസെടുക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന് കത്ത് പറയുന്നു. സ്വമേധയാ കേസെടുക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കാന്‍ സുപ്രിംകോടതിക്ക് അധികാരമുണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്, അസ്പി ചിനോയ്, നവറോസ് സീര്‍വായ്, ആനന്ദ് ഗ്രോവര്‍, ചന്ദര്‍ ഉദയ് സിങ്, ജയ്ദീപ് ഗുപ്ത, മോഹന്‍ വി കടാര്‍കി, ഷുഹൈബ് ആലം, ആര്‍ വൈഗൈ, മിഹിര്‍ ദേശായ്, ജയന്ത് ഭൂഷണ്‍, ഗായത്രി സിങ്, അവി സിങ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. സുപ്രിംകോടതി ജഡ്ജിമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, അഭയ് എസ് ഓഖ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇവരെല്ലാം ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കുന്ന സുപ്രിംകോടതി കൊളീജിയത്തിലെ അംഗങ്ങളാണ്.

ശേഖര്‍ കുമാര്‍ യാദവിന് ആര്‍എസ്എസുമായും ബിജെപിയുമായും അടുത്തബന്ധമാണുള്ളതെന്നും ജഡ്ജിയായി നിയമിക്കരുതെന്നും മുന്‍ ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നതായും കത്ത് ചൂണ്ടിക്കാട്ടി. ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന ഒരാളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ നടത്തിയ പരിപാടിയിലെ പ്രസംഗത്തില്‍ ''നമ്മള്‍'' ''അവര്‍'' എന്നീ പ്രയോഗങ്ങളാണ് ശേഖര്‍കുമാര്‍ യാദവ് നടത്തിയതെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. '' നമ്മുടെ ഗീത, അവരുടെ ഖുര്‍ആന്‍' എന്നും പറഞ്ഞു. മുസ്‌ലിംകളുടെ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട പരാമര്‍ശവും ഉണ്ടായി. ഇതെല്ലാം അതീവഗുരുതരമായ സ്വഭാവമുള്ള പരാമര്‍ശങ്ങളാണ്. പൊതുസ്ഥലത്ത് നടത്തിയ വിദ്വേഷപ്രസംഗം മറച്ചുവെക്കാനാണ് ഏകീകൃത സിവില്‍കോഡിനെ കുറിച്ച് ശേഖര്‍ കുമാര്‍ യാദവ് പരാമര്‍ശിച്ചത്. ഏകീകൃത സിവില്‍കോഡിനെ കുറിച്ച് അക്കാദമികമോ നിയമപരമോ ആയ ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇന്ത്യ ഭൂരിപക്ഷത്തിന്റെ താല്‍പര്യപ്രകാരം ഭരിക്കപ്പെടണമെന്നാണ് പറഞ്ഞത്. ജാതിമതഭേദമേന്യെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്ന ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ് ഈ പരാമര്‍ശം. അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ രാം ലല്ലയുടെ മോചനമാണെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ ബംഗ്ലാദേശോ താലിബാനോ ആവുമെന്ന് ഭയവും പ്രചരിപ്പിച്ചു. മുസ്‌ലിംകള്‍ 'അവരുടെ' കുട്ടികളെ അക്രമം പഠിപ്പിക്കുകയാണെന്നും മുസ് ലിംകള്‍ ഉദാരരോ ക്ഷമയുള്ളവരോ അല്ലെന്നും പറഞ്ഞു. ഇവയെല്ലാം പ്രകോപനപരമാണ്. ഈ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് ശേഖര്‍കുമാര്‍ യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പ് പ്രകാരം ഈ പ്രസംഗം കുറ്റകരമാണ്. വിവേചനസ്വഭാവമുള്ള പ്രസംഗം രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഭരണഘടനയുടെ ആമുഖത്തിന്റെയും 14,21, 25, 26 അനുഛേദങ്ങളുടെയും ലംഘനവുമാണ്. അതിനാല്‍, സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സുപ്രിംകോടതി തയ്യാറാവാണമെന്ന് കത്ത് പറയുന്നു.

Next Story

RELATED STORIES

Share it