Sub Lead

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ചീഫ്ജസ്റ്റിസിന് കത്ത്

ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ചീഫ്ജസ്റ്റിസിന് കത്ത്
X

മംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസിന് കത്ത്. 2003ല്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിനി അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കും കര്‍ണാടക ചീഫ്ജസ്റ്റിസിനും കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും കത്ത് അയച്ചത്. ധര്‍മസ്ഥല പോലിസ് കേസിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കത്ത് പറയുന്നു.


പോലിസിന് മുമ്പില്‍ കേസിലെ പ്രധാനസാക്ഷി നല്‍കിയ വിവരങ്ങളെല്ലാം പരസ്യമായെന്ന് കത്ത് ചൂണ്ടിക്കാട്ടി. മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലങ്ങള്‍ വരെ പരസ്യമായിരിക്കുകയാണ്. ഇത് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ കാരണമായിരിക്കുകയാണ്.

അതേസമയം, 11 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോസ്റ്റല്‍ കര്‍ണാടകയിലെ കുസുമാവതി എന്ന അമ്മയും രംഗത്തെത്തി. കുസുമാവതിയുടെ 17കാരിയായ മകള്‍ സൗജന്യ 11 വര്‍ഷം മുമ്പാണ് ബലാല്‍സംഗത്തിന് ശേഷം കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ സന്തോഷ് റാവുവിനെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെവിട്ടു. ലോക്കല്‍ പോലിസും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറും വരെ കേസ് അട്ടിമറിച്ചെന്ന് കുസുമാവതി പറയുന്നു. കേസ് ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അതിന് ശേഷം സിബിഐയുമാണ് അന്വേഷിച്ചത്.


സൗജന്യയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം

ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജില്‍ പഠിച്ചിരുന്ന സൗജന്യ 2012 ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് 4 മണിക്കും 4.15നും ഇടയിലാണ് നേത്രാവതി നദിയുടെ തീരത്ത് ബസ് ഇറങ്ങിയത്. ബസ്റ്റോപ്പില്‍ നിന്നും വീട്ടിലേക്ക് മൂന്നു കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. അങ്ങാടിയില്‍ ഹോട്ടല്‍ നടത്തുന്ന അമ്മാവനായ വിത്താല്‍ ഗൗഡയോട് കൈവീശി കാണിച്ചാണ് സൗജന്യ നടന്നുപോയത്. പക്ഷേ, ആറു മണികഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് കുസുമാവതി സുഹൃത്തുക്കള്‍ക്കെല്ലാം ഫോണ്‍ ചെയ്തു. ഏഴു മണിയോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പരിശോധനകള്‍ ആരംഭിച്ചു. രാത്രി 10.30ഓടെ 12 കിലോമീറ്റര്‍ അകലെയുള്ള ബെല്‍ത്തങ്ങാടി പോലിസില്‍ പരാതിയും നല്‍കി. സൗജന്യയുടെ കേസിന് ശേഷമാണ് ധര്‍മസ്ഥലയില്‍ പോലിസ് സ്‌റ്റേഷന്‍ ആരംഭിച്ചത്.

അടുത്ത ദിവസം രാവിലെയാണ് സൗജന്യയുടെ മൃതദേഹം പോലിസ് കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം കീറിയും അടിവസ്ത്രം ഇല്ലാതെയുമായിരുന്നു മന്നസങ്കയിലെ ശ്രീ ധര്‍മസ്ഥല മഞ്ജു നാഥേശ്വര യോഗ ആന്‍ഡ് നാച്ചുറല്‍ ക്യുവര്‍ ആശുപത്രിക്ക് മുന്നിലെ കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്. ഇത് പ്രദേശത്ത് വലിയ കോലാഹലമുണ്ടാക്കി.

അടുത്ത ദിവസം പ്രതി എത്തി. ഡോ. വീരേന്ദ്ര ഹെഗ്ഗഡെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥല മഞ്ജു നാഥേശ്വര ക്ഷേത്ര ട്രസ്റ്റ്രിലെ ജീവനക്കാരായ മാലിക് ജെയ്ന്‍, രവി പൂജാരി, ശിവപ്പ മലേകുഡിയ, ഗോപാല്‍കൃഷ്ണ ഗൗഡ എന്നിവരാണ് പ്രതിയായ സന്തോഷ് റാവുവിനെ ''പിടികൂടി'' നല്‍കിയത്. ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു സന്തോഷ് റാവു. ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഇയാളെ കിട്ടിയെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. മര്‍ദ്ദിച്ച ശേഷമാണ് സന്തോഷ് റാവുവിനെ പോലിസിന് കൈമാറിയിരുന്നത്.


സന്തോഷ് റാവു

2025 ജൂണ്‍ 16നാണ് അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി സന്തോഷ് റാവുവിനെ വെറുതെവിട്ടത്. അന്വേഷണം തുടക്കം മുതലേ പിഴച്ചുവെന്ന് ജഡ്ജി പറഞ്ഞു. '' ഗോള്‍ഡന്‍ മണിക്കൂറില്‍ അന്വേഷണം ശരിയായി നടന്നില്ല. ഇരയുടെ ശരീരത്തില്‍ നിന്നുള്ള സ്രവങ്ങള്‍ ശേഖരിച്ച ഡോക്ടര്‍ കേസ് തുടക്കത്തിലേ പൊളിച്ചു.''-കോടതി പറഞ്ഞു. ''അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാരിന് ഉചിതമായ നടപടിയെടുക്കാന്‍ അനുയോജ്യമായ കേസാണിത്. സന്തോഷിനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ലോക്കല്‍ പോലിസും സിഐഡിയും സിബിഐയും ചുമത്തി. എന്നാല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ തെളിവുകളൊന്നുമില്ല.''-കോടതി പറഞ്ഞു.

സന്തോഷിനെ പിടിച്ചു നല്‍കിയ മാലിക് ജെയ്ന്‍, രവി പൂജാരി, ഗോപാല്‍കൃഷ്ണ ഗൗഡ എന്നിവരുടെ മൊഴികള്‍ തമ്മില്‍ സാമ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരുട്ടില്‍ ഇരിക്കുകയായിരുന്ന സന്തോഷിനെ പിടികൂടിയെന്ന് മാലിക് ജെയ്ന്‍ മൊഴി നല്‍കിയപ്പോള്‍ സന്തോഷിനെ കാട്ടില്‍ നിന്നും പിടിച്ചുവെന്നാണ് മറ്റു രണ്ടുപേരും മൊഴി നല്‍കിയത്. മൊഴി നല്‍കിയ മൂന്നില്‍ രണ്ടു പേരും 2013, 2014 കാലത്ത് മരിച്ചു. മൊഴി നല്‍കി ആറു മാസത്തിന് ശേഷമാണ് 2013 ഏപ്രില്‍ എട്ടിന് രവി പൂജാരി 'ആത്മഹത്യ' ചെയ്തത്. അതൊന്നും സിബിഐ അന്വേഷിച്ചില്ല. 2014ല്‍ മരിച്ച ഗോപാല്‍കൃഷ്ണ ഗൗഡയുടെ കുടുംബവുമായി സിബിഐ സംസാരിച്ചതു പോലുമില്ല.

ഈ സാക്ഷികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയായിരുന്നുവെന്നാണ് സൗജന്യയുടെ അമ്മാവന്‍ വിത്താല്‍ ഗൗഡ പറയുന്നത്. അവ കൊലപാതകങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. രവി പൂജാരിയുടെ അസ്വാഭാവിക മരണത്തില്‍ എന്തുകൊണ്ട് അന്വേഷണമില്ലെന്ന് 2017ല്‍ തന്നെ അഡീഷണല്‍ സിറ്റി സെഷന്‍സ് ജഡ്ജി ബി എസ് രേഖ സിബിഐയോട് ചോദിച്ചിരുന്നു.

സൗജന്യയുടെ കുടയും അടിവസ്ത്രവും പോലിസ് കണ്ടെത്തിയിരുന്നില്ല. പകരം സൗജന്യയുടെ വീട്ടില്‍ എത്തി ഒരു അടിവസ്ത്രം വാങ്ങിക്കൊണ്ടുപോയി അതിനെയാണ് തെളിവായി കോടതിയില്‍ നല്‍കിയത്. ഇത് വിചാരണയില്‍ കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. തെളിവായി പോലിസ് നല്‍കിയ അടിവസ്ത്രത്തില്‍ ചെളിയോ രക്തമോ സ്രവങ്ങളോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാല്‍സംഗം നടന്നത് പോലിസ് പറഞ്ഞ പ്രദേശത്തല്ലെന്നും കോടതി പറയുകയുണ്ടായി. കാരണം, സൗജന്യയെ കാണാതായ ദിവസം നാട്ടുകാര്‍ ആ പ്രദേശത്തെല്ലാം തിരച്ചില്‍ നടത്തിയിരുന്നു.


മൃതദേഹം ലഭിച്ച സ്ഥലം

സന്തോഷ് റാവുവിനെ പിടികൂടിയെന്ന് പറയുന്ന സ്ഥലത്തെ സിസിടിവി ക്യാമറ ആ ദിവസം പ്രവര്‍ത്തിച്ചിരുന്നുമില്ല. മൃതദേഹത്തില്‍ നിന്ന് ലഭിച്ച മുടികള്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ അത് സന്തോഷിന്റേതല്ലായിരുന്നു. രണ്ടു പുരുഷന്‍മാരുടെ മുടികളാണ് അവയെന്നാണ് ഡിഎന്‍എ ഫലം വെളിപ്പെടുത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ നഖത്തില്‍ നിന്ന് സന്തോഷിന്റെ തൊലിയോ രക്തമോ ലഭിച്ചില്ലെന്ന് ഡിഎന്‍എ പരിശോധിച്ച ഡോ. വിനോദ് ജെ ലക്കപ്പ കോടതിയെ അറിയിക്കുകയും ചെയ്തു. അതിനര്‍ത്ഥം സന്തോഷിന്റെ ശരീരത്തിലെ മുറിവുകള്‍ പീഡനസമയത്തുണ്ടായത് അല്ലെന്നായിരുന്നു. മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചാണല്ലോ സന്തോഷിനെ പോലിസിന് കൈമാറിയിരുന്നത്. തെളിവ് നശിപ്പിക്കാനായി മൃതദേഹത്തിന്റെ സ്വകാര്യഭാഗത്ത് മണ്ണു വാരിയിട്ടിരുന്നതായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും കോടതിയെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൃതദേഹത്തില്‍ നിന്നും നിര്‍ണായക തെളിവുകളൊന്നും ശേഖരിച്ചില്ല. അതിനാല്‍ കൃത്യമായ ഡിഎന്‍എ പരിശോധനയും സാധ്യമായില്ല.

ഒന്നിലധികം പേര്‍ ചേര്‍ന്ന് സൗജന്യയെ ബലാല്‍സംഗം ചെയ്തതെന്ന നിഗമനത്തിലാണ് കോടതി എത്തിയിരുന്നത്. ഡോ. വീരേന്ദ്ര ഹെഗ്ഗഡെയും അയാളുടെ ശക്തരായ ബന്ധുക്കളുമാണ് കേസ് അട്ടിമറിച്ചതെന്നാണ് സൗജന്യയുടെ കുടുംബം പറയുന്നത്.ബിജെപിയുടെ രാജ്യസഭാ എംപിയാണ് ഹെഗ്ഗഡെ.


ഹെഗ്ഗഡെ

എന്നാല്‍, വിവിധ പോലിസ് ഏജന്‍സികള്‍ ഹെഗ്ഗഡെക്കും മകന്‍ നിശ്ചല്‍ ജെയ്‌നും ക്ലീന്‍ ചിറ്റ് നല്‍കി. ആരാണ് എന്റെ മകളെ ബലാല്‍സംഗം ചെയ്ത് കൊന്നതെന്നു മാത്രമാണ് കുസുമവതി ചോദിക്കുന്നത്.

Next Story

RELATED STORIES

Share it