Sub Lead

പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ എല്‍ദോസിന് കോണ്‍ഗ്രസ് പരിപാടിയില്‍ ക്ഷണം; വിലക്കി ഡിസിസി നേതൃത്വം

പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ എല്‍ദോസിന് കോണ്‍ഗ്രസ് പരിപാടിയില്‍ ക്ഷണം; വിലക്കി ഡിസിസി നേതൃത്വം
X

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്റ് ചെയ്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത് വിവാദമായി. പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ക്ഷണം. എല്‍ദോസിന്റെ ചിത്രം വച്ച് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹനപ്രചരണ ജാഥയുടെ പോസ്റ്ററിലാണ് എല്‍ദോസിന്റെ പേരും ഉള്‍പ്പെടുത്തിയത്.

കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലും എല്‍ദോസിന്റെ ചിത്രമുള്ള പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി വര്‍ഗീസ് നയിക്കുന്ന തെരുവ് വിചാരണ ജാഥയുടെ പോസ്റ്ററിലാണ് എംഎല്‍എയുടെ ചിത്രമുള്ളത്. പീഡനക്കേസില്‍ പ്രതിയായതിനാലാണ് എല്‍ദോസിനെ കോണ്‍ഗ്രസില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നായിരുന്നു സസ്‌പെന്‍ഷന്‍.

എന്നാല്‍, മണ്ഡലത്തിലെ പരിപാടികള്‍ക്ക് സസ്‌പെന്‍ഷന്‍ ബാധകമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. സംസ്ഥാന നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് എല്‍ദോസിന് വിലക്കുള്ളതെന്നും മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും പ്രാദേശിക നേതൃത്വം വിശദീകരിച്ചു. പാര്‍ട്ടിയിലെ ഒരുവിഭാഗം ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

പീഡനക്കേസ് പ്രതിയെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ എല്‍ദോസ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കൊച്ചി ഡിസിസി ഓഫിസ് അറിയിച്ചു. സസ്‌പെന്‍ഷനിലിരിക്കുന്ന എംഎല്‍എയെ പാര്‍ട്ടി പരിപാടിക്ക് ക്ഷണിച്ചത് പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മ കൊണ്ടാണെന്നാണ് ഡിസിസിയുടെ വിശദീകരണം. അതുകൊണ്ട് വിവാദമാക്കേണ്ടതില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് എല്‍ദോസിനെ പാര്‍ട്ടി പദവികളില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. പീഡന പരാതിയില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് നടപടി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it