Sub Lead

ബംഗ്ലാദേശികളെന്നാരോപിച്ച് കുടിലുകള്‍ പൊളിച്ച സംഭവം; പോലിസിനെതിരേ കര്‍ണാടക ഹൈക്കോടതി

പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്(പിയുസിഎല്‍) സമര്‍പ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അഭയ് ഓഖ, ജസ്റ്റിസ് ഹേമന്ത് ഹേമന്ത് ചന്തന്‍ഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബംഗ്ലാദേശികളെന്നാരോപിച്ച് കുടിലുകള്‍ പൊളിച്ച സംഭവം; പോലിസിനെതിരേ കര്‍ണാടക ഹൈക്കോടതി
X

ബെംഗളൂരു: ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ നൂറിലേറെ കുടിലുകള്‍ പൊളിച്ചുനീക്കിയ പോലിസ് നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെയും ബെംഗളൂരു പോലിസിന്റെയും നടപടി വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്(പിയുസിഎല്‍) സമര്‍പ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അഭയ് ഓഖ, ജസ്റ്റിസ് ഹേമന്ത് ഹേമന്ത് ചന്തന്‍ഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കരിയമ്മന അഗ്രഹാര, ദേവരബീസനഹള്ളി, കുണ്ഡലഹള്ളി, ബെല്ലന്ദുരു എന്നിവിടങ്ങളിലെ ഷെഡുകളില്‍ താമസിക്കുന്നവരെയാണ് അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെന്നു പറഞ്ഞ് പോലിസ് കുടിലുകള്‍ പൊളിച്ചുനീക്കിയത്.

അതേസമയം, കുടിലുകള്‍ പൊളിച്ചുമാറ്റാന്‍ കോര്‍പറേഷന്‍ നടപടിയെടുത്തിട്ടില്ലെന്ന് ബിബിഎംപി(ബൃഹത് ബെംഗളൂരു മഹാനഗര പാലിക)യ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അനധികൃത ഷെഡുകള്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് പോലിസ് സംഘത്തോടൊപ്പമാണ് ഒരുസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 (ഡി) (ഇ) ലംഘിച്ച് ബിബിഎംപിയും പോലിസും സ്വീകരിച്ച കുറ്റകൃത്യം ഒരു സമുദായത്തോടുള്ള വിവേചനമാണെന്ന് ഹരജിയില്‍ ആരോപിച്ചു. ജനുവരി 30നകം വിശദീകരണം നല്‍കാനും ഇതുസംബന്ധിച്ച എല്ലാ അസല്‍ രേഖകളും ഹാജരാക്കാനും അടുത്ത വാദം കേള്‍ക്കുമ്പോള്‍ പോലിസും ബിബിഎംപിയുടെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കി. കൃത്യമായ വിവരം ലഭ്യമല്ലാത്തതിനാല്‍ കുടിയൊഴിപ്പിക്കുകയും പൊളിച്ചുമാറ്റുകയും ചെയ്ത ഏജന്‍സിയെ കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് സിറ്റി പോലിസ് കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തു.

മറാത്തഹള്ളി പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ നോട്ടീസിന്റെയും ബിബിഎംപി മറാത്തഹള്ളി സബ് ഡിവിഷനിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീറുമായി നടത്തിയ ആശയവിനിമയത്തിന്റെയു അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടത്തുന്നതെന്ന് വാട്ട്‌സ്ആപ്പ് വീഡിയോകളും മറ്റും തെളിവായി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഇത്തരം അറിയിപ്പുകള്‍ നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി നിരീക്ഷിച്ചു. വടക്കന്‍ കര്‍ണാടക, പശ്ചിമ ബംഗാള്‍, അസം, ത്രിപുര, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ളവരാണ് ഇരകളാക്കപ്പെടുന്നത്. നിയമ പിന്‍ബലമില്ലാതെ ഏകപക്ഷീയമായി വീടുകള്‍ പൊളിച്ചുമാറ്റുന്നതും കുടിയൊഴിപ്പിക്കുന്നതും അവരുടെ അടിസ്ഥാന സൗകര്യം, പാര്‍പ്പിടം, ഉപജീവനമാര്‍ഗ്ഗം എന്നിവയെ ബാധിക്കും. പൊളിക്കുന്നതിന് നിയമപരമായ ഒരു അതോറിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. കുടിലുകള്‍ പൊളിച്ചുമാറ്റുന്നതിനു മുമ്പ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെയും വിമര്‍ശിച്ച കോടതി, പോലിസുകാര്‍ക്ക് ക്രിമിനല്‍ നിയമത്തെ കുറിച്ച് ഒന്നുമറിയില്ലേയെന്നും ചോദിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക്' നിയമവിരുദ്ധമായി അഭയം നല്‍കുകയാണെന്നു കാണിച്ച് ഭൂഉടമയ്ക്കു 2020 ജനുവരി ഒന്നിനു പോലിസ് നല്‍കിയ നോട്ടീസ് റദ്ദാക്കിക്കൊണ്ട് ഉചിതമായ നിര്‍ദേശം പുറപ്പെടുവിക്കണമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Next Story

RELATED STORIES

Share it