Sub Lead

മെട്രോയിലും ബസ്സിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പരാജയം നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറികടക്കുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്.

മെട്രോയിലും ബസ്സിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി കെജ്‌രിവാള്‍ സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് മെട്രോയിലും ബസ്സിലും സൗജന്യയാത്ര അനുവദിക്കുന്ന വമ്പന്‍ പ്രഖ്യാപനം നടത്താനുള്ള നീക്കവുമായി ഡല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാര്‍. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആം ആദ്മി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പരാജയം നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറികടക്കുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. യാത്ര സൗജന്യമാക്കുന്നതുവഴി ഡല്‍ഹിയിലെ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കഴിയുമെന്ന് ആം ആദ്മി സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ഡല്‍ഹിയിലെ വൈദ്യുതി ഉപഭോഗ ബില്ലിലെ അടിസ്ഥാന നിരക്ക് താഴ്ത്താന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് ഡല്‍ഹി മെട്രോയിലും സര്‍ക്കാര്‍ ബസ്സുകളിലും നിരക്കിളവ് സംബന്ധിച്ച് നാളെ പ്രഖ്യാപനമുണ്ടാവും. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളിലും ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിലും ഡല്‍ഹി മെട്രോയിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്നത് സംബന്ധിച്ച് ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗാലോട്ടിന്റെ നേതൃത്വത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ബസ്സുകളില്‍ ഇളവ് അനുവദിക്കുന്നതിന് തടസ്സമില്ലെങ്കിലും ഡല്‍ഹി മെട്രോയില്‍ തീരുമാനം നടപ്പാക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തുല്യവിഹിതമാണ് മെട്രോ റെയില്‍ കോര്‍പറേഷനിലുള്ളത് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ മെട്രോയിലെ നിരക്ക് ഉയര്‍ത്തലുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ രണ്ട് കിലോവാട്ടുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അടിസ്ഥാന ബില്‍ 20 രൂപയായിരുന്നത് 125 രൂപയാക്കി ഡല്‍ഹി വൈദ്യുത നിയന്ത്രണ ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് ബോര്‍ഡ് തീരുമാനമെടുത്തതെന്നും ഇത് തിരുത്താന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഡല്‍ഹിയില്‍ വൈദ്യുതി ചാര്‍ജ് സബ്‌സിഡി ഏര്‍പ്പെടുത്തി കൈയടി നേടിയിരുന്നു.

Next Story

RELATED STORIES

Share it