Sub Lead

പോപുലര്‍ഫ്രണ്ട് നല്‍കിയ മാനനഷ്ടക്കേസില്‍ ടൈംസ് നൗവിന് ഡല്‍ഹി കോടതിയുടെ സമന്‍സ്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് സഞ്ജിത്ത് വധിക്കപ്പെട്ട സംഭവത്തില്‍ സംഘടനയുടെ ഭാരവാഹിയെ കേരള പോലിസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ടൈംസ് നൗ വാര്‍ത്താ ചാനലിനും മറ്റുള്ളവര്‍ക്കുമെതിരേ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ സിവില്‍ മാനനഷ്ടക്കേസില്‍ ഡല്‍ഹി കോടതി ശനിയാഴ്ച സമന്‍സ് അയച്ചു.

പോപുലര്‍ഫ്രണ്ട് നല്‍കിയ മാനനഷ്ടക്കേസില്‍ ടൈംസ് നൗവിന് ഡല്‍ഹി കോടതിയുടെ സമന്‍സ്
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് സഞ്ജിത്ത് വധിക്കപ്പെട്ട സംഭവത്തില്‍ സംഘടനയുടെ ഭാരവാഹിയെ കേരള പോലിസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ടൈംസ് നൗ വാര്‍ത്താ ചാനലിനും മറ്റുള്ളവര്‍ക്കുമെതിരേ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ സിവില്‍ മാനനഷ്ടക്കേസില്‍ ഡല്‍ഹി കോടതി ശനിയാഴ്ച സമന്‍സ് അയച്ചു.

കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മാര്‍ച്ച് 5ലേക്ക് മാറ്റിയതിനു പിന്നാലെയാണ് ടൈംസ് നൗ അവതാരകന്‍ പര്‍ണേഷ് കുമാര്‍ റോയ്, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് സ്റ്റാന്‍ഡേര്‍ഡ് അസോസിയേഷന്‍, ഫേസ്ബുക്ക് ഇന്ത്യ, ട്വിറ്റര്‍ ഇന്ത്യ എന്നിവര്‍ക്ക് സമയന്‍സ് അയക്കാന്‍ സിവില്‍ ജഡ്ജി ചിത്രാന്‍ഷി അറോറ നിര്‍ദേശിച്ചത്.

പ്രസ്തുത വാര്‍ത്താ സംപ്രേക്ഷണത്തില്‍ പര്‍ണേഷ് കുമാര്‍ റോയ് സംഘടനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനും ആളുകളെ പ്രകോപിപ്പിക്കാനും പിഎഫ്‌ഐക്കെതിരെ തെറ്റായതും കെട്ടിച്ചമച്ചതുമായി ആരോപണങ്ങള്‍ മനപ്പൂര്‍വ്വം ഉന്നയിക്കുകയായിരുന്നുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

എസ് സഞ്ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ ഭാരവാഹിയെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് സംഘടനയ്‌ക്കെതിരേ വ്യാജവും ബാലിശവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഒന്നും രണ്ടും പ്രതികള്‍ ലേഖനം പ്രസിദ്ധീകരിക്കുകയും യൂറ്റിയൂബില്‍ വീഡിയോ പ്രക്ഷേപണം ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളില്‍നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഇത് വ്യാജവും ബാലിശവും അടിസ്ഥാനരഹിതവുമാണ്. കൂടാതെ, യാതൊരു തെളിവുമില്ലാതെയും വസ്തുതകള്‍ പരിശോധിക്കാതെയുമാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രസ്തുത വാര്‍ത്ത തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ഹരജിയിലുണ്ട്.

മാത്രമല്ല, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായവരുമായി സംഘടനയ്ക്കു യാതൊരു ബന്ധവുമില്ലെന്നും അവര്‍ ഒരു തരത്തിലും പിഎഫ്‌ഐ അംഗങ്ങളോ ഭാരവാഹികളോ ആയിരുന്നില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ടൈംസ് നൗ, ശരിയായ അന്വേഷണവും വസ്തുതകളുടെ സ്ഥിരീകരണവുമില്ലാതെ, പോപുലര്‍ഫ്രണ്ടിനെ അപകീര്‍ത്തിപ്പെടുത്താനും സംഘടനയ്‌ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ തെറ്റായതും ബാലിശവുമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നും രണ്ടും പ്രതികളുടെ ഇത്തരത്തിലുള്ള ലേഖനവും വീഡിയോയും തൊഴില്‍പരമായ നൈതികതയെ ലംഘിക്കുന്നതാണെന്നും ഇത്തരം പ്രവര്‍ത്തിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മുഖത്ത് വ്യക്തമായ കളങ്കമേല്‍പ്പിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ആരോപിച്ചു.

ഹരജിക്കാര്‍ ഒരു രജിസ്റ്റര്‍ ചെയ്ത സംഘടനയാണെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന്റെ ഉന്നമനമാണ് അതിന്റെ ലക്ഷ്യമെന്നും അത് മതേതരത്വത്തിന് വേണ്ടി വാദിക്കുന്ന ദേശസ്‌നേഹ, ദേശീയവാദ സംഘടനയാണെന്നും ഹരജി കൂട്ടിച്ചേര്‍ക്കുന്നു. അപകീര്‍ത്തികരവും തെറ്റായതുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച് സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് ടൈംസ് നൗവില്‍ നിന്നും റോയിയില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പോപുലര്‍ഫ്രണ്ട് പരാതി നല്‍കിയത്.

ഭാവിയില്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ഇവരെ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും യൂട്യൂബ് ചാനല്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകളില്‍ നിന്നും സംശയാസ്പദമായ പ്രസ്തുത വാര്‍ത്താ കുറിപ്പ് നീക്കം ചെയ്യുന്നതിനായി നിര്‍ബന്ധിത നിരോധന ഉത്തരവും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ഷക്കീല്‍ അബ്ബാസ് മുഖേനയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it