Sub Lead

പാകിസ്താനിലെ അഫ്ഗാന്‍ അംബാസറുടെ മകളെ തട്ടിക്കൊണ്ടുപോയി; ക്രൂര മര്‍ദ്ദനത്തിനിരയാക്കിയശേഷം വിട്ടയച്ചു

പാകിസ്താനിലെ അഫ്ഗാന്‍ അംബാസറുടെ മകളെ തട്ടിക്കൊണ്ടുപോയി; ക്രൂര മര്‍ദ്ദനത്തിനിരയാക്കിയശേഷം വിട്ടയച്ചു
X

കാബൂള്‍: പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡറുടെ മകളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. അഫ്ഗാന്‍ സ്ഥാനപതി നജീബുല്ല അലിഖേലിന്റെ മകള്‍ 27 കാരിയായ സില്‍സില അലിഖേലിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇസ്‌ലാമാബാദിലെ ബ്ലൂ ഏരിയയിലാണ് സംഭവം. ഇളയ സഹോദരന് സമ്മാനം വാങ്ങി വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയിലാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ടാക്‌സി വാഹനത്തില്‍ കയറുന്നതിനിടെയാണ് അലിഖേലിനെ ആക്രമിച്ചതെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചതായി പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ആറുമണിക്കൂറോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷമാണ് സില്‍സിലയെ വിട്ടയച്ചത്. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം തട്ടിക്കൊണ്ടുപോയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ അന്വേഷണവും സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. അംബാസഡര്‍ക്കും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയതായി പോലിസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ 48 മണിക്കൂറിനകം പ്രതികളെ പിടികൂടാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ടെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

ഔദ്യോഗിക പരാതി നല്‍കാന്‍ കാബൂളിലെ പാകിസ്താന്‍ അംബാസഡറെ വിളിപ്പിച്ചു. പാകിസ്താനും അഫ്ഗാനിസ്താനുമിടയില്‍ ഏറെയായി തുടരുന്ന ആരോപണ- പ്രത്യാരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. താലിബാന് പാകിസ്താന്‍ സഹായം നല്‍കുന്നതായി അഫ്ഗാന്‍ സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍ പാക് മണ്ണില്‍ ആക്രമണത്തിന് തീവ്രവാദികള്‍ക്ക് മണ്ണൊരുക്കുന്നതായി ഇസ്‌ലാമാബാദ് സര്‍ക്കാരും ആരോപിക്കുന്നു. അതേസമയം, ആരോപണങ്ങള്‍ ഇരുവിഭാഗവും നിഷേധിക്കുകയാണ്.

Next Story

RELATED STORIES

Share it