Big stories

ആനന്ദ് തെല്‍തുംബ്ദെയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു

തെല്‍തുംബ്ദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം വിചാരണകോടതി തള്ളിയിരുന്നു. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തിയ അദ്ദേഹത്തെ പൂനെ പോലിസാണ് അറസ്റ്റ് ചെയ്തത്.

ആനന്ദ് തെല്‍തുംബ്ദെയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെയെ ശനിയാഴ്ച്ച പുലര്‍ച്ചെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. തെല്‍തുംബ്ദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം വിചാരണകോടതി തള്ളിയിരുന്നു. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തിയ അദ്ദേഹത്തെ പൂനെ പോലിസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ്, ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ തെല്‍തുംബ്‌ദെയ്‌ക്കെതിരേ യുഎപിഎ ചുമത്തിയത്.

തെല്‍തുംബ്ദെയെക്കെതിരേ തെളിവുണ്ടെന്നും കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പൂനെ സെഷന്‍സ് കോടതി വെള്ളിയാഴ്ച്ച അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയതിനെ തുടര്‍ന്നാണ് തെല്‍തുംബ്ദെ പൂനെ കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്.

അറസ്റ്റിലായ തെല്‍തുംബ്ദെയെ മുംബൈയിലെ വിലെ പാര്‍ലെ പോലിസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതേ സമയം, തെല്‍തുംബ്ദെയുടെ അറസ്റ്റ് സുപ്രിംകോടതി നിര്‍ദേശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അഡ്വ. പ്രദീപ് മാണ്ഡ്യന്‍ ചൂണ്ടിക്കാട്ടി. പൂനെ സെഷന്‍സ് കോടതി ജാമ്യം നിഷേധച്ചതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്നാണ് പൂനെ പോലിസ് ഇന്‍സ്‌പെക്ടര്‍ ഇന്ദുല്‍ക്കര്‍ അറിയിച്ചത്.

എന്നാല്‍, തെല്‍തുംബ്ദെയ്ക്ക് ജാമ്യം നേടുന്നതിന് നാലാഴ്ച്ചത്തെ സമയം അനുവദിക്കുന്നതായും അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും ജനുവരി 14ലെ സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ജനുവരി 14ന് ശേഷം നാലാഴ്ചയ്ക്കകം തെല്‍തുംബ്ദെയ്ക്ക് കീഴ്‌ക്കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ ജാമ്യം ലഭിച്ചില്ലെങ്കില്‍ മാത്രമേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാവൂ. ഈ കാലാവധി ഫെബ്രുവരി 11നാണ് അവസാനിക്കുന്നത്.

തൃശൂരില്‍ കോസ്റ്റ്‌ഫോര്‍ഡ് സംഘടിപ്പിച്ച സി അച്യുതമേനോന്‍ സ്മൃതിയില്‍ പ്രഭാഷണ നടത്തി തിരിച്ചു വരുന്നതിനിടെയാണ് തെല്‍തുംബ്‌ദെ അറസ്റ്റിലായിരിക്കുന്നത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനാണ് തെല്‍തുംബ്ദെ ഇന്ന് പുലര്‍ച്ചെ മുംബൈയിലെത്തിയത്. മുംബൈ ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ടില്‍ പുലര്‍ച്ചെ 3.30നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it