Sub Lead

'ഫോനി' ചുഴലിക്കാറ്റ് ആഞ്ഞുവീശി; ഒഡീഷയില്‍ മരണം മൂന്നായി

മരം കടപുഴകി വീണും മറ്റ് അപകടങ്ങളില്‍പ്പെട്ടുമാണ് പുരിയില്‍ മൂന്നുപേര്‍ മരിച്ചത്. വൈദ്യുതി ലൈനിലേക്കാണ് മരങ്ങള്‍ വീണത്. ഇതെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും അവതാളത്തിലായി. മണിക്കൂറില്‍ 245 കിലോമീറ്റര്‍വരെ വേഗതയിലാണ് ഒഡീഷയിലെ പുരി തീരത്ത് രാവിലെ മുതല്‍ കാറ്റുവീശിത്തുടങ്ങിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.

ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവീശി; ഒഡീഷയില്‍ മരണം മൂന്നായി
X

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരങ്ങളില്‍ ആഞ്ഞുവീശിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. മരം കടപുഴകി വീണും മറ്റ് അപകടങ്ങളില്‍പ്പെട്ടുമാണ് പുരിയില്‍ മൂന്നുപേര്‍ മരിച്ചത്. വൈദ്യുതി ലൈനിലേക്കാണ് മരങ്ങള്‍ വീണത്. ഇതെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും അവതാളത്തിലായി. മണിക്കൂറില്‍ 245 കിലോമീറ്റര്‍വരെ വേഗതയിലാണ് ഒഡീഷയിലെ പുരി തീരത്ത് രാവിലെ മുതല്‍ കാറ്റുവീശിത്തുടങ്ങിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. തുടര്‍ന്ന് കാറ്റിന്റെ തീവ്രത 175 കിലോമീറ്ററിലേക്ക് കുറയുകയായിരുന്നു.

കരതൊട്ടശേഷം തീവ്രത കുറഞ്ഞ് ഒഡീഷ തീരത്തുനിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങും. കടല്‍ വന്‍തോതില്‍ ക്ഷോഭിച്ചതോടെ തിലമാലകള്‍ ഒമ്പത് മീറ്റര്‍ വരെ ഉയരുകയും ചെയ്തു. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി. പല വീടുകളും വെള്ളത്തിനടിയിലായി. വാര്‍ത്താവിതരണ സംവിധാനങ്ങളെല്ലാം ഭാഗികമായി തകരാറിലായി. ഗതാഗതം സ്തംഭിച്ചു. ഒഡീഷയിലെ 15 ജില്ലകളിലുള്ള 11.5 ലക്ഷം ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 5,000 ദുരിതാശ്വാസ ക്യാംപുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു.

ദേശീയ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും നേവിയും രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി രംഗത്തുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിനായി 34 അംഗ ദുരന്തനിവാരണ സംഘത്തെയാണ് പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കാറ്റ് പശ്ചിമബംഗാള്‍ തീരത്തേക്ക് നീങ്ങുന്നതില്‍ അവിടെയും കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുകയാണ്. ആന്ധ്രാ തീരപ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് 200 ട്രെയിനുകളാണ് റദ്ദാക്കിയിരുന്നത്. ഇതിന് പുറമെ 10 ട്രെയിനുകള്‍കൂടി ഇപ്പോള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത വിമാനത്താവളവും വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ ശനിയാഴ്ച വൈകീട്ട് ആറുവരെ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സഹായത്തിനായി ആഭ്യന്തര മന്ത്രാലയം 1938 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒഡീഷയില്‍ ആശങ്കയില്‍ കഴിയുന്ന ജനങ്ങള്‍ക്കൊപ്പം ഇന്ത്യയുണ്ടെന്ന് ഉറപ്പുനല്‍കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ റാലിയില്‍ സംസാരിക്കവെ വ്യക്തമാക്കി. ആദ്യഘട്ടമായി ഒഡീഷയ്ക്ക് ആയിരം കോടി രൂപയുടെ സഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it