Sub Lead

സുപ്രഭാതത്തിനും നേതൃത്വത്തിനുമെതിരായ വിമര്‍ശനം; ഡോ. ബഹാഉദ്ദീന്‍ നദ് വിയോട് സമസ്ത വിശദീകരണം തേടി

സുപ്രഭാതത്തിനും നേതൃത്വത്തിനുമെതിരായ വിമര്‍ശനം; ഡോ. ബഹാഉദ്ദീന്‍ നദ് വിയോട് സമസ്ത വിശദീകരണം തേടി
X

കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിനും സമസ്ത നേതാക്കള്‍ക്കുമെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയോട് സമസ്ത വിശദീകരണം തേടി. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ, മുസ് ലിം ലീഗ്-സമസ്ത തര്‍ക്കം കൂടുതല്‍ രൂക്ഷമാവുകയാണ്. സുപ്രഭാതത്തിന് നയംമാറ്റം സംഭവിച്ചതുകൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സുപ്രഭാതത്തിന്റെ പ്രധാനികളില്‍ ചിലര്‍ ഇടതുപക്ഷവുമായി അടുക്കുകയാണെന്നും ഈയിടെയുണ്ടായ നയംമാറ്റം പരിഹരിക്കേണ്ടതുണ്ടെന്നുമായിരുന്നു ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ പരാമര്‍ശം. അടുത്ത മുശാവറ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മത നിഷേധികള്‍ക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്തയെന്നും അടുത്ത കാലത്തായി അതിനു മാറ്റങ്ങള്‍ വന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണ്. നിരീശ്വരവാദിയായ ഒരാള്‍ക്ക് തക്ബീര്‍ ചൊല്ലി പിന്തുണ നല്‍കുന്നത് ബുദ്ധിശൂന്യമാണെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമസ്ത വിശദീകരണം തേടിയത്. മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം പരസ്യം സുപ്രഭാതം പ്രസിദ്ധീകരിച്ചതിനെതിരേ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം സമസ്ത ഇടതുപക്ഷവുമായും സര്‍ക്കാരുമായി കൂടുതല്‍ അടുക്കുന്നതാണ് മുസ് ലിം ലീഗിനെ ചൊടിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it