Sub Lead

സിപിഐ മാര്‍ച്ചിനിടെ എംഎല്‍എയ്ക്കു മര്‍ദ്ദനം: എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍

സംഘര്‍ഷത്തില്‍ എല്‍ദോ അബ്രഹാം എംഎല്‍എയ്ക്കും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും അസി. സെക്രട്ടറി കെ എന്‍ സുഗതനും എറണാകുളം എസിപി കെ ലാല്‍ജി അടക്കം പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു

സിപിഐ മാര്‍ച്ചിനിടെ എംഎല്‍എയ്ക്കു മര്‍ദ്ദനം: എസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍
X

കൊച്ചി: സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ എസ്‌ഐ വിബിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം എറണാകുളം ഡിഐജി കെ പി ഫിലിപ്പാണ് വിബിന്‍ദാസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പോലിസിനു വീഴ്ച പറ്റിയില്ലെന്നും എന്നാല്‍ എസ്‌ഐ വിബിന്‍ദാസിന് നോട്ടക്കുറവുണ്ടായിയെന്നും വകുപ്പുതല അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണു നടപടി.

കഴിഞ്ഞ മാസം 23നാണ് കൊച്ചി റേഞ്ച് ഡിഐജി ഓഫിസിലേക്ക് സിപിഐ മാര്‍ച്ച് നടത്തിയത്. വൈപ്പിന്‍ കോളജിലെ എഐഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിവൈഎഫ് ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമാസക്തമായതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എല്‍ദോ അബ്രഹാം എംഎല്‍എയ്ക്കും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനും അസി. സെക്രട്ടറി കെ എന്‍ സുഗതനും എറണാകുളം എസിപി കെ ലാല്‍ജി അടക്കം പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു. എംഎല്‍എയുടെ കൈയ്ക്കു പൊട്ടലേറ്റിരുന്നു. എന്നാല്‍ എംഎല്‍എയുടെ കൈയ്ക്ക് പരിക്കേറ്റില്ലെന്നായിരുന്നു പോലിസിന്റെ വാദം. വിഷയത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിക്കുന്ന എസ്‌ഐയുടെ ചിത്രം ഉള്‍പ്പെടെ സിപിഐ കലക്ടര്‍ക്ക് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it