Sub Lead

സില്‍വര്‍ ലൈൻ: സർക്കാരിനെ വിമര്‍ശിച്ച് സിപിഐ; ഉദ്യോഗസ്ഥര്‍ക്ക് എന്തിനാണ് ധൃതി: പ്രകാശ് ബാബു

കെ റെയില്‍ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും സ്വീകരിക്കുന്ന സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതല്ല സിപിഐയുടെ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു സ്വീകരിച്ചിരിക്കുന്ന സമീപനം.

സില്‍വര്‍ ലൈൻ: സർക്കാരിനെ വിമര്‍ശിച്ച് സിപിഐ; ഉദ്യോഗസ്ഥര്‍ക്ക് എന്തിനാണ് ധൃതി: പ്രകാശ് ബാബു
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നടപടിക്കെതിരേ വിമര്‍ശനവുമായി സിപിഐ. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ചില കാര്യങ്ങളില്‍ തിരുത്തൽ വരുത്തണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാണിക്കുന്നത്. ആശങ്കള്‍ പരിഹരിച്ചു മാത്രമേ പദ്ധതി നടപ്പാക്കാവൂ. പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാം ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന്റെ ചില ഉദ്യോഗസ്ഥന്മാര്‍ എടുക്കുന്ന സമീപനങ്ങള്‍ വളരെ വളരെ ആശങ്കയുണ്ടാക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ട്, പാരിസ്ഥിതിക വിഷയങ്ങളിലും സാമൂഹിക ആഘാത പഠനങ്ങളിലുമെല്ലാം ഗവണ്‍മെന്റ് കൈക്കൊള്ളുന്ന സമീപനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട്, ആ പദ്ധതി നടപ്പാക്കണം എന്നു തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായം- പ്രകാശ് ബാബു പറഞ്ഞു.

കെ റെയില്‍ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും സ്വീകരിക്കുന്ന സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതല്ല സിപിഐയുടെ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു സ്വീകരിച്ചിരിക്കുന്ന സമീപനം.

സമരത്തില്‍ പങ്കെടുക്കുന്നവരില്‍ ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. സമരത്തില്‍ നിക്ഷിപ്ത താല്‍പര്യവുമായി വരുന്നവരും അല്ലാത്തവരുമുണ്ട്. ഈ രണ്ടിനെയും വേര്‍തിരിച്ചു കാണണം. അല്ലാതെ സമരത്തോട് ആകെയൊരു വിദ്വേഷ സമീപനം സ്വീകരിക്കാന്‍ പാടില്ലെന്ന് പ്രകാശ് ബാബു പറയുന്നു.

സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്, ഈ സമരം ഒരു അരാജക സമരം ആണെന്നാണ്. ഈ സമരത്തില്‍ തീവ്രവാദികള്‍ അടക്കം നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ അങ്ങനെയുള്ള ആളുകള്‍ മാത്രമല്ല സമരത്തിലുള്ളതെന്നും യഥാര്‍ഥത്തില്‍ ബാധിക്കപ്പെടുന്നവരും കുടിയൊഴിക്കപ്പെടുന്നവരും സമരത്തിലുണ്ടെന്ന് പ്രകാശ് ബാബു പറയുന്നു. അവര്‍ ഇടതുപക്ഷ വിരുദ്ധരല്ല. അതുകൊണ്ട് ഈ പ്രശ്‌നത്തെ അങ്ങനെ വേണം കാണാന്‍. ഉദ്യോഗസ്ഥര്‍ കുറച്ച് സൗമനസ്യത്തോടെ പെരുമാറണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it