Sub Lead

സിപി ജലീൽ വധം: മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട് ഉയർത്തുന്ന ചോദ്യങ്ങൾ

വെടിവെയ്പുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ടിൽ, സംഭവത്തിൽ പോലിസ് ​ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയുന്നു.

സിപി ജലീൽ വധം: മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട് ഉയർത്തുന്ന ചോദ്യങ്ങൾ
X

കോഴിക്കോട്: വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോവാദി നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട് പുറത്തുവന്നു. സംഭവം നടക്കുമ്പോൾ വയനാട് ജില്ലാ കലക്ടറായ എആർ അജയകുമാറിന്റെ നേ‍തൃത്വത്തിൽ നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തെ തുടർന്നുള്ള റിപോര്‍ട്ട് പോലിസിന് ക്ലീന്‍ ചിറ്റ് നല്‍കുന്നുണ്ടെങ്കിലും നിരവധി ചോദ്യങ്ങൾ അതേ റിപോർട്ടിൽ നിന്നു തന്നെ ഉയരുന്നുണ്ട്.

2019 മാര്‍ച്ച് ആറിനാണ് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് സിപി ജലീല്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തിയ ജലീലും സംഘവും ഉടമയോട് പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സ്ഥലത്തെത്തിയ പോലിസും തണ്ടര്‍ബോള്‍ട്ടും ജലീലും സംഘവുമായി നടത്തിയ ഏറ്റുമുട്ടലില്‍‌ ജലീല്‍ കൊല്ലപ്പെട്ടുവെന്നുമാണ് പോലിസ് ഭാഷ്യം. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറൻസിക് റിപോർട്ടും ബാലിസ്റ്റിക് റിപോർട്ടും സിപി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പോലിസ് വാദം പൊളിയുന്നു‍തായിരുന്നു.

ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഫോറൻസിക് റിപോർട്ട്. ഫോറൻസിക് റിപോർട്ടിലെ പട്ടികയിൽ 26ാമതായി ലിസ്റ്റ് ചെയ്തിട്ടുള്ളത് ജലീലിന്റെ കൈയിലുണ്ടായിരുന്ന SBBL റൈഫിളാണ്. ഈ തോക്കിൽ നിന്ന് വെടിപൊട്ടിയിട്ടില്ല എന്നാണ് ഫോറൻസിക് ലാബിന്റെ റിപോർട്ടിൽ പറയുന്നത്. അതേ സമയം പോലിസ് ഹാജരാക്കിയ സർവീസ് പിസ്റ്റലുകളിൽ 9 എണ്ണത്തിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും റിപോർട്ടിൽ പറയുന്നു. ജലീൽ വെടിവെച്ചിട്ടുണ്ടെങ്കിൽ വലതു കൈയിൽ വെടിമരുന്നിന്റെ അവശിഷ്ടം കാണേണ്ടിയിരുന്നു. ഇത് കണ്ടെത്താനായിട്ടില്ലെന്ന് റിപോർട്ടിലുണ്ട്.

വെടിവെയ്പുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ടിൽ, സംഭവത്തിൽ പോലിസ് ​ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയുന്നു. 250 പേജുള്ള റിപോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ ആണ് സമർപ്പിച്ചത്. വ്യാജ എറ്റുമുട്ടലിലൂടെയാണ് സിപി ജലീലിനെ കൊലപ്പെടുത്തിയതെന്ന കൂടുംബത്തിന്റെയും മനുഷ്യാവകാശ പ്രവർത്തകരുടേയും ആരോപണങ്ങൾ നിലനിൽക്കേ, അതിനെ ശരിവയ്ക്കുന്ന റിപോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഫോറൻസിക് റിപോർട്ട്, ബാലിസ്റ്റിക് റിപോർട്ട് എന്നിവ പരിശോധിച്ചിട്ടില്ല

ഒരു ഏറ്റുമുട്ടൽ കൊലപാതകം നടന്നാൽ ശാസ്ത്രീയമായ തെളിവുകളായി കോടതികളിൽ ഉയർത്തിക്കാട്ടുന്നത് ഫോറൻസിക് റിപോർട്ടും ബാലിസ്റ്റിക് റിപോർട്ടുമാണെന്നാണ് നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വൈത്തിരി സംഭവവുമായി ബന്ധപ്പെട്ട് നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിൽ ഫോറൻസിക് റിപോർട്ടും ബാലിസ്റ്റിക് റിപോർട്ടും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് എആർ അജയകുമാർ ഐഎഎസിന്റെ റിപോർട്ടിൽ പറയുന്നു. ( പേജ് നമ്പർ 241). സംഭവ സ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നെന്നും അതിലെ ദൃശ്യങ്ങൾ പരിശോധിച്ചില്ലെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഏറ്റുമുട്ടലിൽ പങ്കെടുക്കാത്ത പോലിസ് ഉദ്യോ​ഗസ്ഥന്റെ സാന്നിധ്യം

ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലില്ലാത്ത മറ്റൊരു പോലിസ് ഉദ്യോ​ഗസ്ഥൻ സംഭവ സ്ഥലമായ റിസോർട്ടിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം ഏറ്റുമുട്ടലിൽ പങ്കെടുത്തില്ലെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേ പോലിസ് ഉദ്യോ​ഗസ്ഥനെ ഈ അന്വേഷണത്തിലെ സാക്ഷിയായി ജില്ലാ കലക്ടർ വിസ്തരിച്ചിട്ടുണ്ടെന്നും റിപോർട്ടിൽ പറയുന്നു. ( പേജ് നമ്പർ 239)

ഫോറൻസിക്, ബാലിസ്റ്റിക് പരിശോധന വൈകിപ്പിച്ചു

ഏറ്റുമുട്ടൽ കൊലപാതകം നടന്നാൽ ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനകൾക്കായി സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്ത വെടിയുണ്ടകളും തോക്കുകളും മൂന്ന് ഘട്ടമായാണ് പോലിസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവം നടന്ന് ഏഴു മാസം പിന്നിട്ടാണ് (26/10/19) പരിശോധനയ്ക്ക് പോലിസിന്റെ തോക്കുകൾ അടക്കം വിട്ടുനൽകുന്നത്. അതേസമയം സംഭവ സ്ഥലത്തുനിന്ന് മാവോവാദികൾ ഉപയോ​ഗിച്ചു എന്ന് പോലിസ് പറയുന്ന തോക്കുകളുടേതോ, പോലിസ് സമർപ്പിച്ച തോക്കുകളുടേതോ അല്ലാത്ത രണ്ട് വെടിയുണ്ടകൾ കണ്ടെടുത്തുവെന്നും റിപോർട്ടിൽ അടിവരയിടുന്നു.

പോലിസ് ഭാഷ്യവും ശാസ്ത്രീയമായ കണ്ടെത്തലുകളും തമ്മിൽ വൈരുധ്യം നിലനിൽക്കുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കിയാണ് മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയാക്കിയതെന്നാണ് ജലീലിന്റെ കുടുംബം ആരോപിക്കുന്നത്. ആ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് സർക്കാരിന്റെ തന്നെ മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട്.

Next Story

RELATED STORIES

Share it