Sub Lead

എംപി ഫണ്ട് പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വര്‍ഷം രണ്ടു കോടി അനുവദിക്കും

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കി മാസങ്ങള്‍ക്കായി രണ്ടു കോടി രൂപയും അടുത്ത വര്‍ഷം മുതല്‍ 2025-26 വരെ സാധാരണ പോലെ അഞ്ച് കോടി രൂപവീതവും എംപി ഫണ്ടായി നല്‍കും.

എംപി ഫണ്ട് പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വര്‍ഷം രണ്ടു കോടി അനുവദിക്കും
X

ന്യുഡല്‍ഹി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണമായി താത്കാലികമായി നിര്‍ത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കി മാസങ്ങള്‍ക്കായി രണ്ടു കോടി രൂപയും അടുത്ത വര്‍ഷം മുതല്‍ 2025-26 വരെ സാധാരണ പോലെ അഞ്ച് കോടി രൂപവീതവും എംപി ഫണ്ടായി നല്‍കും.

രണ്ടു ഘട്ടമായി നല്‍കുന്ന എംപി ഫണ്ട് വിതരണം കഴിഞ്ഞ വര്‍ഷം കോവിഡ് മൂലമുണ്ടായ അധികച്ചെലവുകള്‍ നേരിടാനായി രണ്ടു വര്‍ഷത്തേക്കു നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തില്‍ ബാക്കി മാസങ്ങളിലേക്ക് രണ്ടു കോടി നല്‍കി ഫണ്ട് തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. 15ാം ധനകാര്യ കമ്മിഷന്റെ കാലാവധി കണക്കാക്കിയാണ് 2025-26 വരെയായി നിശ്ചയിച്ചത്.

ഇതിനായി 17417 കോടി രൂപ ചെലവു വരും. ഈ വര്‍ഷം 1583.5 കോടി രൂപയാണു ചെലവ്. 2022-23 തൊട്ട് 2025-26 വരെ യഥാക്രമം 3965 കോടി, 3958.5 കോടി, 3955 കോടി, 3955 കോടി എന്നിങ്ങനെയായിരിക്കും ചെലവുണ്ടാവുക.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം 5 കോടി രൂപ വീതം എംപി ഫണ്ട് ആയി നല്‍കി വന്നിരുന്നത് കൊവിഡ് പ്രതിന്ധിയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. 2019ല്‍ പുതിയ ലോക്‌സഭ നിലവില്‍ വന്നിട്ട് ആദ്യ വര്‍ഷമായ 2019-20ല്‍ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തില്‍ പണം നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it