Big stories

ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
X

ന്യൂഡല്‍ഹി: വിവിധ ലോകരാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും ജാഗ്രതയില്‍. രാജ്യത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാവിലെ 11.30ന് ഡല്‍ഹിയിലാണ് യോഗം. ആരോഗ്യ സെക്രട്ടറി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങളും വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട. നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

അതേസമയം, ജാഗ്രത തുടരണം എന്നും നിര്‍ദേശമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. രോഗികളാല്‍ ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളില്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാല്‍, മരിച്ചവരുടെ കണക്ക് പുറത്തുവിടാന്‍ ചൈന തയ്യാറായിട്ടില്ല. ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ അടക്കം അത്യാവശ്യമരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വന്‍വര്‍ധന.

ചൈനയെ കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, അമേരിക്ക, കൊറിയ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്. കൊവിഡിന്റെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവ് ജീനോം സീക്വന്‍സിങ്ങും തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന്'' ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇതുവഴി വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ വകഭേദങ്ങള്‍ സമയബന്ധിതമായി കണ്ടെത്താനും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ ഏറ്റെടുക്കാനും സഹായിക്കുമെന്നും ഭൂഷണ്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഓരോ ആഴ്ചയും 35 ലക്ഷം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതായി കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് രാവിലെ 112 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകള്‍ 3,490 ആയി കുറഞ്ഞു.

Next Story

RELATED STORIES

Share it