Sub Lead

കൊവിഡ് വ്യാപനം; സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ല- മുഖ്യമന്ത്രി

കൊവിഡ് അവലോകന യോഗത്തിന് ശേഷമുളള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം; സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ല- മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് ഓഡിറ്റോറിയം പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കും. അധികം വൈകാതെ പൊതുഗതാഗതസംവിധാനം പൂര്‍വ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുളള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇളവുകള്‍ കൂടുമ്പോള്‍ രോഗവ്യാപനം വര്‍ദ്ധിക്കും. സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതില്‍ ഇല്ല. ഓടുന്നതില്‍ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരുന്ന ദിവസങ്ങളില്‍ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കും. ഇപ്പോഴും വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു,

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം.

ഇന്ന് 2,540 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഇതില്‍ 2,346 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 2,110 പേര്‍ രോഗമുക്തരായി. 15 പേര്‍ മരിച്ചത് കൊവിഡ് മൂലമാണെന്ന് വ്യക്തമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 22,279 സാംപിളുകള്‍ പരിശോധിച്ചു നിലവില്‍ 39,486 പേരാണ് സംസ്ഥാനത്ത കൊവിഡിനെ തുടര്‍ന്ന് ചികില്‍സയിലുളളത്.




Next Story

RELATED STORIES

Share it