Sub Lead

കൊവിഡ് വ്യാപനം: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബസ്, ട്രെയിന്‍, വിമാന മാര്‍ഗം വഴിയെല്ലാം വരുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്

കൊവിഡ് വ്യാപനം: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
X

ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കര്‍ണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജവാഇദ് അക്തര്‍ പുറത്തിറക്കിയ ഏറ്റവും പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്. ബസ്, ട്രെയിന്‍, വിമാന മാര്‍ഗം വഴിയെല്ലാം വരുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ബോര്‍ഡിങ് പാസ് അനുവദിക്കേണ്ടതുള്ളൂവെന്നാണ് ഇതുസംബന്ധിച്ച് വിമാനത്താവളങ്ങള്‍ക്കു നല്‍കിയ സര്‍ക്കുലറിലെ നിര്‍ദേശം. റെയില്‍വേ അധികൃതരും ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് അറിയിപ്പിലുണ്ട്. ബസ് യാത്രക്കാര്‍ക്കു മാത്രമല്ല, ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ഇത് പരിശോധിക്കാന്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ആവശ്യമായ ജീവനക്കാരെയും നിയോഗിക്കും. കര്‍ണാടകയിലേക്കു വരുന്ന കേരളത്തിലെയും മഹാരാഷ്ട്രയിലെയും വിദ്യാഭ്യാര്‍ഥികളും മറ്റും 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നും അറിയിപ്പിലുണ്ട്.



അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും നിബന്ധനയില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കുടുംബാംഗങ്ങളുടെ മരണം, ചികില്‍സ എന്നീ ആവശ്യവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേക്കു വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെങ്കിലും ഇവരുടെ സ്രവം ശേഖരിക്കും. കൂടാതെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവയും മറ്റും പരിശോധിച്ച് ആര്‍ടിപിസിആര്‍ പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കര്‍ണാടക അറിയിപ്പില്‍ വ്യക്തമാക്കി.

Covid: RTPCR Negative Certificate mandatory for passengers from Kerala to Karnataka

Next Story

RELATED STORIES

Share it