Sub Lead

കൊവിഡ് 19: ഇന്ത്യയില്‍ മരണം ഒമ്പതായി; രോഗബാധിതര്‍ 467 ആയി

കൊവിഡ് 19: ഇന്ത്യയില്‍ മരണം ഒമ്പതായി; രോഗബാധിതര്‍ 467 ആയി
X

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഇന്നുമാത്രം രണ്ടുപേര്‍ മരണപ്പെട്ടതോടെ രാജ്യത്തെ മരണസംഖ്യ ഒമ്പതായി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണം 467 ആയി. കൊല്‍ക്കത്തിയിലും ഹിമാചല്‍ പ്രദേശിലുമാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ടിബറ്റന്‍ അഭയാര്‍ഥി ഹിമാചല്‍ പ്രദേശിലും ഇറ്റലിയില്‍ നിന്നെത്തിയ മറ്റൊരാള്‍ കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയുമാണ് മരണപ്പെട്ടത്. കൊവിഡ് 19 പ്രതിരോധ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുകയാണ്. നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തേ രാജ്യത്തെ 80 നഗരങ്ങള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

രാജ്യ തലസ്ഥാനമായ ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും രോഗഭീതിയില്‍ ഇത്രയും സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ജമ്മുകശ്മീര്‍ ലഡാക്ക്, ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടുന്നുണ്ട്. തെലങ്കാനയും ആന്ധ്രയും ഇതിനകം തന്നെ എല്ലാ അതിര്‍ത്തികളും അടച്ചിട്ടുകഴിഞ്ഞു. തെലങ്കാനയില്‍ കുടുബത്തിലെ ഒരാള്‍ക്ക് മാത്രം അവശ്യ സാധനങ്ങള്‍ പുറത്തുപോയി വാങ്ങാമെന്നാണ് നിയന്ത്രണം. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും നിരവധിപേര്‍ ഹോം ക്വാറന്റൈനിലാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തുന്നതിനു പുറമെ അവശ്യ വസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാവുമോയെന്ന ആശങ്കയും ശക്തമാണ്.


Next Story

RELATED STORIES

Share it